ദ്വീപിലെ കുട്ടത്തപ്പ പെരുമ

കുട്ടത്തപ്പത്തിന്റെ ആന്തരിക മാനം വിശാലമാണ്. ദ്വീപുകാരുടെ മുഖ്യവരുമാന സ്രോതസ്സായ മത്സ്യം തേടി ആഴക്കടലിലേക്ക് ഇറങ്ങാനുള്ള അനുവാദമാണ് കുട്ടത്തപ്പ ദുആ. ഇതിന് മുമ്പായി മത്സ്യബന്ധനം നടത്തുന്ന പ്രവണത പല ഭാഗത്തുമുണ്ട്. പഴമക്കാര്‍ ഒരിക്കലും സഹിക്കാത്തതാണിത്. ട്രോളിംഗ് നിരോധ സമയം കഴിയുന്ന സന്തോഷദായകമായ സന്ദര്‍ഭത്തിലാണ് കുട്ടത്തപ്പവും.
പരിചയം
Posted on: December 2, 2018 10:48 am | Last updated: December 2, 2018 at 10:48 am

ലക്ഷദ്വീപില്‍ ബാക്കിനില്‍ക്കുന്ന പൈതൃകത്തിന്റെയും വിശ്വാസ ദാര്‍ഢ്യതയുടെയും പ്രതീകമാണ് കുട്ടത്തപ്പം. എന്നാല്‍, പേര് കേട്ട് വായില്‍ വെള്ളമൂറിക്കേണ്ട. ഒരു പ്രത്യേക പലഹാരമോ വിഭവമോ അല്ല എന്നതുതന്നെ കാരണം. ഒരു സമൂഹത്തിന്റെ അടിസ്ഥാന വരുമാന മാര്‍ഗത്തെയും ചരിത്ര സങ്കല്പനങ്ങളെയും വരച്ചിടുന്നു കുട്ടത്തപ്പമെന്ന ചടങ്ങ്. കര്‍ക്കിടക വാവ് കഴിഞ്ഞാണ് കുട്ടത്തപ്പത്തിന്റെ സമയം. വെള്ളിയാഴ്ച ജുമുഅക്ക് ശേഷമാണ് കുട്ടത്തപ്പ പരിപാടി പ്രഖ്യാപിക്കുക. തൊട്ടടുത്ത വെള്ളിയാഴ്ച മഹല്ലില്‍ മീന്‍ പിടിക്കുന്ന ബോട്ട്, തോണി, വല ഉടമകളും സ്ഥിരമായി മീന്‍ പിടിക്കാന്‍ പോകുന്നവരും അല്ലാത്തവരും ജുമുഅക്ക് വരിക അപ്പങ്ങളും പലഹാരങ്ങളുമായാണ്.

ജുമുഅക്ക് ശേഷം ഉസ്താദുമാരുടെ നേതൃത്വത്തില്‍ പുറത്തെ പള്ളിയില്‍ ഇരുന്ന് ദുആ നടത്തി അപ്പങ്ങളും പലഹാരങ്ങളും ബറകത്തിന് കഴിക്കും. വിളമ്പാനും വിതരണം ചെയ്യാനുമെല്ലാം ദീവാനി (ഖാസിയുടെ സഹായി)യും മറ്റുള്ളവരും നേതൃത്വം നല്‍കും. ഇതാണ് കുട്ടത്തപ്പം. പക്ഷേ, ഇതിന്റെ ആന്തരിക മാനം വിശാലമാണ്. ദ്വീപുകാരുടെ മുഖ്യവരുമാന സ്രോതസ്സായ മത്സ്യം തേടി ആഴക്കടലിലേക്ക് ഇറങ്ങാനുള്ള അനുവാദമാണ് കുട്ടത്തപ്പ ദുആ.
വലിയ കടല്‍ ക്ഷോഭത്തില്‍ നിന്ന് ദ്വീപിനെ സംരക്ഷിക്കുന്നത്, കരയില്‍ നിന്ന് ഒന്നര കിലോമീറ്ററോളം ചുറ്റളവുള്ള കല്ലുകളും പാറകളും പവിഴപ്പുറ്റുകളുമാണ്. ചിലയിടങ്ങളില്‍ അര കിലോമീറ്റര്‍ ചുറ്റളവേ ഉണ്ടാകൂ. കടലിലെ ഈ അതിര്‍ത്തിക്ക് ‘പൊട്ടല്‍’ എന്ന് പറയും. പേരു പോലെ തന്നെ ചിലപ്പോള്‍ വലിയ ശക്തിയില്‍ തിരമാലകള്‍ ആഞ്ഞടിച്ച് പൊട്ടിപ്പിളരുന്നത് ഭീഷണിയുമാകും. ഇത്തരം കടല്‍ ഭീഷണികളില്‍ നിന്നുള്ള രക്ഷ തേടല്‍ കൂടിയുണ്ട് കുട്ടത്തപ്പ ദുആയില്‍.

ദ്വീപിന്റെ സംരക്ഷണവലയമായ പൊട്ടലിന് കവാടങ്ങളുണ്ട്. ബന്തര്‍, അളിവ് എന്നൊക്കെയാണ് കവാടങ്ങളുടെ പേര്. ഇതിനെ ഭേദിച്ചല്ലാതെ പുറംകടലിലേക്ക് എത്തുകയില്ല. കവാടങ്ങള്‍ ചിലപ്പോള്‍ അടയും. ഇടവ മാസവസാനവും മിഥുനത്തിലും കര്‍ക്കിടകത്തിലും കാറ്റും മഴയുമുണ്ടാകുമ്പോള്‍ ബന്തറുകളില്‍ കടല്‍ ക്ഷോഭമായിരിക്കും. ഈ സമയത്താണ് ട്രോളിംഗ് നിരോധവും. ട്രോളിംഗ് നിരോധ സമയത്ത് കപ്പലുകളില്‍ നിന്ന് യാത്രക്കാരെ ഇറക്കുന്നതിനോ അത്യാവശ്യങ്ങള്‍ക്കോ പുറത്ത് പോകേണ്ടതായി വന്നാല്‍ പരിചയ സമ്പന്നരുടെ നേതൃത്വത്തില്‍ തന്ത്രപ്രധാനമായ സ്ഥലത്തുകൂടെ കടലിന്റെ ഓളം കാത്തുനിന്ന് ജാഗ്രതയോടെ തുഴഞ്ഞുപോകണം.

പുറംകടലിലെ മീന്‍ കിട്ടാത്ത സമയത്ത് ലഗൂണ്‍ ഫിഷാണ് ആശ്രയം. പൊട്ടലിന്റെയും കരയുടെയും ഇടക്കുള്ള സ്ഥലമാണിത്. വിനോദസഞ്ചാരികളെയൊക്കെ ആകര്‍ഷിക്കുന്ന വെള്ളക്കടല്‍ പ്രദേശം. പലരീതിയിലുള്ള മീന്‍പിടിത്തത്തിലൂടെ വിവിധതരം മത്സ്യങ്ങള്‍ ലഭിക്കും. കുട്ടത്തപ്പ ദുആക്ക് മുമ്പായി മത്സ്യബന്ധനം നടത്തുന്ന പ്രവണത പല ഭാഗത്തുമുണ്ട്. പഴമക്കാര്‍ ഒരിക്കലും സഹിക്കാത്തതാണിത്. ട്രോളിംഗ് നിരോധ സമയം കഴിയുന്ന സന്തോഷദായകമായ സന്ദര്‍ഭത്തിലാണ് കുട്ടത്തപ്പവും.
.