Connect with us

Prathivaram

അങ്ങുദൂരെ ഫറോസിലെ കഥകള്‍

നോര്‍വേക്കും ഐസ്‌ലാന്‍ഡിനും ഇടയില്‍ വടക്കേ അറ്റ്‌ലാന്റിക്കിലാണ് ഫറോ ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്. അരലക്ഷം മാത്രം ജനസംഖ്യയുള്ള 18 ചെറു ദ്വീപുകള്‍. പകുതി പേരും തലസ്ഥാനമായ തൊഷാനിലാണ് താമസിക്കുന്നത്. ലോകമറിയാത്ത ഒരുപാട് കഥകള്‍ ഫറോസിലെ ജനതക്ക് പറയാനുണ്ട്. സാംസ്‌കാരിക സമ്പന്നതയും സ്വയംപര്യാപ്തതയും എളിമയും അവരെ വ്യത്യസ്തരാക്കുന്നു. സ്വയം ഭരണാധികാരമുള്ള പ്രദേശമാണ് ഫറോസ്. ഡെന്മാര്‍ക്കിന്റെ സഹായത്തോടെ ഏറ്റവും മികച്ച ആശയ വിനിമയ സംവിധാനങ്ങളുണ്ടെങ്കിലും തപാല്‍ ആണ് ജനകീയവും വ്യാപകവും. പാലങ്ങളും തുരങ്കമാര്‍ഗങ്ങളും ദ്വീപുകളെ ബന്ധിപ്പിക്കുന്നു. തപാല്‍ സംവിധാനം അതുവഴി എളുപ്പമാകും. ദുര്‍ഘടയി ടങ്ങളിലേക്ക് തപാല്‍ ഉരുപ്പടിക ളെത്തിക്കാന്‍ ബോട്ടുകളും ഹെലികോപ്ടറുകളുമുണ്ട്. പഴയ കാലങ്ങളില്‍ കത്തുകളും മറ്റുമെത്തിക്കാന്‍ സഞ്ചരിച്ച മലമ്പാതകളിലൂടെ ഇന്ന് ശാരീരിക ക്ഷമതയുള്ളവരെ പ്രത്യേകം ജോലിക്ക് നിര്‍ത്തിയിരിക്കുന്നു. തപാല്‍ വാഹനങ്ങളുപയോഗപ്പെടുത്തിയും മലമ്പാതകളിലൂടെ കൈമാറ്റം നടത്തുന്നു.

കുറ്റകൃത്യങ്ങള്‍ ഇല്ലാത്തയിടം
ചില ഒറ്റപ്പെട്ട കുഞ്ഞന്‍ ദ്വീപുകളില്‍ കത്തുകളെത്തിക്കുന്നത് നാട്ടുകാരുടെ സഹായത്തോടെയാണ്. അത്തരമൊരു ദ്വീപാണ് മൈക്കിന്‍സ്. ഇവിടെ ജാന്‍സിയാണ് തപാല്‍ ജോലികള്‍ ചെയ്യുന്നത്. ആകെ ഒമ്പത് കുടുംബങ്ങളാണുള്ളത്. ജോലിയില്‍ നിന്ന് വിരമിക്കാനും ഉത്തരവാദിത്വങ്ങള്‍ സഹോദരന്‍ ജാനിയെ ഏല്‍പ്പിക്കാനുമുള്ള ഒരുക്കത്തിലാണ് ജാന്‍സി. ദ്വീപിലേക്കുള്ള കത്തുമായി വരുന്ന ഹെലികോപ്ടറിനെ കാത്ത് ഹെലിപാഡില്‍ നില്‍ക്കുകയായിരുന്നു ഞാനെത്തുമ്പോള്‍ ജാന്‍സി. ശീതകാലത്തിന്റെ കടുപ്പമറിയിക്കുന്ന തണുത്ത കാറ്റ് വീശുമ്പോഴും പൂക്കളുള്ള ശിരോവസ്ത്രവും ജാക്കറ്റും മാത്രമാണ് ധരിച്ചത്. കൈയുറകള്‍ ധരിക്കാതെ തണുപ്പൊരു പ്രശ്‌നമല്ലെന്ന് പറഞ്ഞാണ് അവരുടെ നില്‍പ്പ്. വേനല്‍ക്കാലത്ത് കത്തുകള്‍ ചണച്ചാക്കുകളിലാക്കി ബോട്ട് മാര്‍ഗമാണ് എത്തിക്കുക. ശൈത്യകാലത്ത് ബോട്ട് സഞ്ചാരം ദുഷ്‌കരമാണ്.

ഹെലികോപ്ടര്‍ വരുന്ന ദിവസങ്ങളില്‍ അധികപേരും ഹെലിപാഡില്‍ കാത്തുനില്‍ക്കും. വലിയ അഗ്‌നിപര്‍വതങ്ങളുടെ ഇടയിലാണ് മൈക്കിന്‍സ് സ്ഥിതി ചെയ്യുന്നത്. കുന്നിന്‍ ചെരുവുകളില്‍ ആടിനെ മേയ്ക്കുന്നവരെ കാണാം. ദ്വീപിന്റെ പടിഞ്ഞാറേയറ്റത്ത് ഒരുപാട് പക്ഷികളെയും. കൂടുതലായും പഫിന്‍സിനെയാണ് കാണുക. ജാന്‍സിയുടെ ബാഗില്‍ ഫറോസില്‍ പ്രസിദ്ധീകരിക്കുന്ന രണ്ട് പത്രങ്ങളുണ്ടാവും. ഓരോ ദിവസത്തെയും വിവരങ്ങളറിയാനുള്ള മാര്‍ഗമായതുകൊണ്ട് അവിടെ പത്രവായനയും സജീവമാണ്. ദ്വീപില്‍ ഏറ്റവും പ്രായം കുറഞ്ഞ രണ്ട് പേരാണുള്ളത്. ഇവരാകട്ടെ വിദേശത്ത് പഠനത്തിലും. ജാന്‍സിയുടെ മകളിപ്പോള്‍ കോപ്പന്‍ഹേഗനിലാണ് ജോലി ചെയ്യുന്നത്. കോപ്പന്‍ഹേഗന്‍ ജാന്‍സിക്ക് ഇഷ്ടമാണെങ്കിലും ഒരിക്കലും ദ്വീപ് വിട്ട് താമസം മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ല. എല്ലാവരും എന്നും അയല്‍വീടുകള്‍ സന്ദര്‍ശിക്കും. എല്ലാവരെയും സ്വാഗതം ചെയ്ത് തുറന്നിട്ട വാതിലുകള്‍ അവിടെ കാണാം. അതിഥികളെ കാത്ത് മേശപ്പുറത്തെ ഫഌസ്‌കില്‍ ചൂടു കാപ്പിയും ചോക്ലേറ്റും എല്ലായിടത്തുമുണ്ടാകും. വേനല്‍ക്കാലത്ത് കടല്‍പക്ഷികളെ കാണാന്‍ സഞ്ചാരികളൊരുപാട് വരാറുണ്ട്. കുറ്റകൃത്യങ്ങളൊന്നുമില്ലായെന്നതും ദ്വീപിന്റെ സവിശേഷതയാണ്.

ഈബേയിലൂടെയും ആമസോണിലൂടെയും പര്‍ച്ചേസ് നടത്താറുണ്ടെന്ന് ക്രിസ്റ്റീന പറയുന്നു. ക്രിസ്റ്റീനക്ക് ഉപജീവനത്തിന് അവിടെയൊരു ഗസ്റ്റ് ഹൗസ് ഉണ്ട്. 300 ഡാനിഷ് ക്രോനര്‍ (35 പൗണ്ട്) വിലയുള്ള പര്‍ച്ചേസുകള്‍ക്ക് വലിയ നികുതി കൊടുക്കേണ്ടതില്ലാത്തതിനാല്‍ ചെറുപ്പക്കാര്‍ ഓണ്‍ലൈനായി ഒരുപാട് സാധനങ്ങള്‍ വാങ്ങുന്നു. പുറംലോകത്തെ പരിഷ്‌കാരങ്ങളുമായി ദ്വീപിനെ ബന്ധിപ്പിക്കുന്നതില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് പ്രാധാന്യമുണ്ട്.

മറ്റൊരു കുഞ്ഞന്‍ ദ്വീപാണ് സ്‌കുവോയില്‍. ഇവിടെ മൂന്ന് തലമുറയായി ജോലി ചെയ്യുന്നയാളാണ് മെയിന്‍ഹാര്‍ഡ്. മക്കളെല്ലാം ഫറോസിലെ വലിയ നഗരങ്ങളിലേക്ക് ചേക്കേറിയതിനാല്‍ അയാളും അവിടം വിട്ട് പോകാനുള്ള ഒരുക്കത്തിലാണ്. സ്‌കുവോയിലെ 22 സ്ഥിര താമസക്കാരില്‍ മെയിന്‍ ഹാര്‍ഡും ഭാര്യ ജെസിയും ഉള്‍പ്പെടുന്നു. നോര്‍ത്ത് അറ്റ്‌ലാന്റിക്കിലെ പക്ഷികളുടെ എണ്ണവും ഫലമെറിന്റെ മുട്ട വേട്ടയാടുന്നവരെ കൊണ്ടുമാണ് സ്‌കുവോയ് ദ്വീപ് പ്രശസ്തമാവുന്നത്. 1960കളില്‍ മെയിന്‍ ഹാര്‍ഡ് മുക്കുവാനായിരുന്നു. സ്‌കോട്ട്‌ലാന്‍ഡിലൂടെ പോകുമ്പോഴാണ് ജെസിയെ കണ്ടുമുട്ടുന്നത്, അവളുടെ ദ്വീപായ ലൂയിസില്‍ വെച്ച്. കല്യാണ ശേഷം ദ്വീപിലൊരു സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങി. 1938 മുതല്‍ പിതാവ് ചെയ്തുവരുന്ന തപാല്‍ ജീവിതം 1975ലാണ് അയാള്‍ക്ക് ലഭിക്കുന്നത്. ഇപ്പോള്‍ മൂന്നും നാലും തവണയൊക്കെ മെയിലുമായി ബോട്ടോ ഹെലികോപ്ടറോ സുകോയില്‍ വരും. എന്നാലും വളരെ ചുരുക്കം കത്തുകളെ ഉണ്ടാകൂ. സ്‌കുവോയിലും കുഞ്ഞുങ്ങളില്ല. സ്‌കുവോയ് ദ്വീപില്‍ മെയിന്‍ഹാര്‍ഡിനെപ്പോലെയുള്ള തപാല്‍ ജീവനക്കാര്‍ ദ്വീപുകളുടെ ആശയവിനിമയത്തിന്റെ കണ്ണികളാകുന്നു. കത്തുകള്‍ക്കും പാഴ്‌സലുകള്‍ക്കുമപ്പുറം സുപ്രധാനമായ സാമൂഹികബന്ധം നിലനിര്‍ത്തുന്നവരാണവര്‍. മെയിന്‍ഹാര്‍ഡ് അപൂര്‍വമായേ അവധിയെടുക്കാറുള്ളൂ. എട്ടോളം വരുന്ന പേരമക്കളോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തും. 13 വയസ്സുള്ള മെയിന്‍ഹാര്‍ഡിന്റെ റോള്‍ഫിനെപ്പോലെയുള്ള വളര്‍ത്തുനായകള്‍ സ്‌കുവോയ് ദ്വീപിന്റെ വഴികളില്‍ സ്വതന്ത്രരായി ജീവിക്കുന്നു. തപാല്‍ കൊണ്ടുപോവുമ്പോള്‍ റോള്‍ഫും മെയിന്‍ഹാര്‍ഡിന്റെ കൂടെയുണ്ടാകും. ഡെന്മാര്‍ക്കിലും സ്പെയ്‌നിലുമായി പണി കഴിപ്പിച്ച വേഗതയുള്ള പുതിയ ബോട്ടാണ് സ്‌കുവോയിലുള്ളത്. മുമ്പ്, പഴയൊരു കടത്തുവള്ളമാണ് യാത്രക്കുപയോഗിച്ചിരുന്നത്. വെളുത്ത തിളക്കമുള്ള ശവപ്പെട്ടിയുടെത് പോലെ അതിന്റെ മേല്‍ഭാഗത്ത് തോല്‍വാറിട്ട് കെട്ടിയിരുന്നു. അവിടെയുണ്ടായിരുന്ന ഒരു മുക്കുവനും തുഴക്കാരനും ഈയിടെ മരിച്ചു. ദ്വീപിന്റെ അതിജീവനം സാധ്യമാക്കുന്നതും സ്‌കുവോയ് ദ്വീപിനെ സാന്‍ഡോയ് ദ്വീപുമായി ബന്ധിപ്പിക്കുന്നതും ഈയൊരു ബോട്ടാണ്.

സാന്‍ഡോയ് ദ്വീപിനെ തുരങ്കം വഴി പ്രധാന ദ്വീപുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ പേരെ അവിടേക്ക് ആകര്‍ഷിക്കാന്‍ ഇതൊരു പ്രചോദനമാവും. സ്‌കുവോയില്‍ തുരങ്കം നിര്‍മിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകളുണ്ട്. ജനസാന്ദ്രത കുറഞ്ഞ കുഞ്ഞന്‍ ദ്വീപുകളിലേക്ക് നിക്ഷേപസാധ്യത കുറവാണെന്നത് പ്രതിസന്ധിയാണ്. സ്റ്റോറ ടിമാന്‍ ദ്വീപില്‍ ആകെ രണ്ട് കുടുംബങ്ങളാണുള്ളത്. സഹോദരീ സഹോദരന്മാരായ ജാനസിന്റെയും ഇവയുടെയും കുടുംബങ്ങള്‍. സ്വന്തം വളര്‍ച്ചയോടൊപ്പം ദ്വീപിനെയും അവര്‍ വളര്‍ത്തി. വലിയ പര്‍വതങ്ങള്‍ കയറി വേണം സ്റ്റോറ ടിമാനിലെത്താന്‍. ശൈത്യകാലത്ത് ഹെലികോപ്ടറല്ലാതെ മറ്റു മാര്‍ഗങ്ങളില്ലതാനും. ആട്ടിന്‍പറ്റം നിറഞ്ഞ ഒരു കുന്നിന്റെയും ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്ന മറ്റൊരു കുന്നിന്റെയും ഇടയിലാണ് സ്റ്റോറ ടിമാന്‍ സ്ഥിതി ചെയ്യുന്നത്. കര്‍ഷകവേഷത്തില്‍ ചെറിയ വെല്ലിംഗ്ടന്‍ ബൂട്ടണിഞ്ഞ് പിന്നിലേക്ക് കെട്ടിയിട്ട തവിട്ടു മുടിയുള്ള സ്ത്രീയുടെ പേര് ഇവയെന്നാണ്. ഹെലികോപ്ടറില്‍ നിന്ന് സാധനങ്ങള്‍ എടുത്ത് കൊടുക്കാന്‍ സഹായിക്കുകയാണവര്‍. മരുമകളായ ആന്‍ഡ്രിയയും ഒപ്പമുണ്ട്. പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാനഘടകമെന്ന നിലക്ക് ഹെലികോപ്ടറിന്റെ വരവ് അവര്‍ക്ക് പ്രധാനമാണ്. ആ സമയത്ത് അവരെല്ലാം ഒരുമിച്ചു കൂടുക പതിവാണ്. ജാനസിന്റെയും ഇവയുടെയും കുടുംബങ്ങള്‍ അടുത്തടുത്തു തന്നെയാണ് താമസിക്കുന്നത്. വീടുകള്‍ക്കിടയില്‍ കുട്ടികള്‍ കളിക്കുന്ന കല്‍പ്പാതയുടെ അകലം മാത്രമേയുള്ളൂ.

പുറത്തുനിന്ന് നോക്കിയാല്‍ ഒരു കോട്ടയുടെ ആകൃതിയിലാണ് വീടും ഫാമും കാണാനാവുക. ഈ ആകൃതി തന്നെയാണ് സംരക്ഷണ കവചവും. വേവിച്ച ആടുമാംസം, ദാബാര്‍ബ് ജാം, പുഴുങ്ങിയ മുട്ട, പശുവിന്റെ നാവ്, പരവ മത്സ്യത്തിന്റെ കനം കുറഞ്ഞ കഷണങ്ങള്‍ എന്നിവയെല്ലാം അകത്ത് ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. ഉയരം കുറഞ്ഞ റൂമിലുള്ള നീളം കൂടിയ മരബെഞ്ചിലാണ് അവര്‍ ഫറോസിലെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാറുള്ളത്. ഡെന്മാര്‍ക്കിനെ ഫറോസ് എത്രത്തോളം ആശ്രയിക്കുന്നുവെന്ന സ്പെയിനില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകന്റെ സംസാരം ഡാനിഷ് വിദ്യാര്‍ഥി ഷൂട്ട് ചെയ്തതിനെ സംബന്ധിച്ചായിരുന്നു ഞങ്ങളുടെ സംസാരം. ഡാനിഷ് സര്‍ക്കാര്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഫറോസിന്റെ പതാക തെറ്റായി പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഡെന്മാര്‍ക്ക് സര്‍ക്കാറിന്റെ ഇത്തരം പ്രവര്‍ത്തനം ജാനസിന്റെ ഭാര്യയും മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയുമായ എര്‍ലയെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. അവരുടെ കുടുംബം ദ്വീപിന്റെ പഴമയെയും പുതുമയെയും സംയോജിപ്പിച്ച് അതിജീവനത്തിന് ശ്രമിക്കുകയാണ്.

പഴമയുടെ പല ശേഷിപ്പുകളും വീടിന്റെ പരിസരത്ത് കാണാം. തീന്മേശയുടെ മുകളിലുള്ള ചുവപ്പ് കലര്‍ന്ന തവിട്ടു നിറത്തിലുള്ള സുതാര്യമായ വൃത്തങ്ങള്‍ ഇതിന്റെ ഭാഗമാണ്. ചെമ്മരിയാടിന്റെ മൂത്രസഞ്ചി അവിടെയുള്ള കുട്ടികള്‍ ഫറോസിലെ ചെറിയ തെരുവുകളില്‍ വില്‍ക്കാറുണ്ട്. കുടുംബഫാമും മറ്റു സ്വത്തും സംരക്ഷിക്കാന്‍ ജാനസും ഇവയും ഫറോസിന്റെ തലസ്ഥാനമായ തോഷാനില്‍ നിന്ന് തിരിച്ചു വരുന്നുണ്ട്. അവര്‍ക്ക് കന്നുകാലികളും ആടുകളും കോഴികളുമെല്ലാമുണ്ട്. സ്വന്തമായുള്ള കൃഷിയിടത്തില്‍ പ്രധാനമായും മുള്ളങ്കിയാണ് കൃഷി ചെയ്യുന്നത്. ജാനസിന്റെയും ഇവയുടെയും കുടുംബം ഊര്‍ജസ്വലരും സ്വയം സംരഭകരുമാണ്. ഫറോസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സ്വയം പര്യാപ്തത കൈവരിച്ച് സാംസ്‌കാരിക തനിമയുള്ള പുതിയ മേച്ചില്‍ പുറങ്ങള്‍ പണിയാനും ചാക്കുകളില്‍ പുത്തന്‍ കഥകള്‍ നിറക്കാനുമായി കുഞ്ഞന്‍ ദ്വീപുകളിനിയും ലോകത്തെല്ലാം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണീ ജനത.
(കടപ്പാട്:ബി ബി സി)