Connect with us

Editorial

ശക്തിയാര്‍ജിക്കുന്ന കര്‍ഷക സമരങ്ങള്‍

Published

|

Last Updated

കര്‍ഷക പ്രതിഷേധം രാജ്യത്ത് ശക്തിയാര്‍ജിക്കുകയാണ്. ഈ വര്‍ഷത്തെ മൂന്നാമത്തെ കര്‍ഷക പ്രക്ഷോഭമാണ് 207 കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തിലായി ഡല്‍ഹിയില്‍ വെള്ളിയാഴ്ച അരങ്ങേറിയത്. ഡല്‍ഹി രാംലീല മൈതാനിയില്‍ നിന്ന് പാര്‍ലിമെന്റിലേക്ക് നടന്ന കര്‍ഷക മാര്‍ച്ചില്‍ രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമായി എത്തിച്ചേര്‍ന്ന പതിനായിരങ്ങളാണ് പങ്കെടുത്തത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, വിളകള്‍ക്ക് ഉയര്‍ന്ന താങ്ങുവില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു നടന്ന മാര്‍ച്ച് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ കേന്ദ്ര സര്‍ക്കാറിന് കടുത്ത മുന്നറിയിപ്പാണ്. പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം പ്രക്ഷോഭത്തിനു പിന്തുണയുമായി എത്തുകയും ചെയ്തു. കഴിഞ്ഞ ജൂണില്‍ മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഒക്‌ടോബര്‍ ആദ്യത്തില്‍ ഭാരതീയ കിസാന്‍ യൂനിയന്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹി കേന്ദ്രീകരിച്ചും കര്‍ഷക പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഒക്‌ടോബറിലെ സമരം പിന്‍വലിച്ചത്.

അയോധ്യയല്ല, കടത്തില്‍നിന്നു മോചനമാണ് വേണ്ടതെന്ന മുദ്രാവാക്യവുമായാണ് വെള്ളിയാഴ്ച കര്‍ഷകര്‍ പാര്‍ലിമെന്റിലേക്ക് മാര്‍ച്ച് നടത്തിയത്. വര്‍ഗീയ പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയുള്ള ജനങ്ങളുടെ കടുത്ത അമര്‍ഷമാണ് ഈ മുദ്രാവാക്യത്തില്‍ മുഴച്ചു നില്‍ക്കുന്നത്. നോട്ട് നിരോധം, മുന്നൊരുക്കമില്ലാതെയുളള ജി എസ് ടി, കശാപ്പിന് കാലികളെ വില്‍ക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധം തുടങ്ങി സര്‍ക്കാര്‍ നടപ്പാക്കിയ മിക്ക നടപടികളും സാധാരണക്കാരന്റെ വിശിഷ്യാ കര്‍ഷകന്റെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കര്‍ഷകര്‍ ഖാരിഫ് വിളകള്‍ ഇറക്കുകയും റാബി വിളകള്‍ വില്‍ക്കുകയും ചെയ്യുന്ന സമയത്താണ് കറന്‍സി നോട്ടുകളില്‍ 86 ശതമാനവും പൊടുന്നനെ ഒറ്റയടിക്ക് അസാധുവാക്കിയതായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്. ഇതുമൂലം കര്‍ഷകര്‍ക്ക് വിളകള്‍ വില്‍ക്കാനോ വിത്ത് വിതക്കാനോ സര്‍ക്കാര്‍ വിതരണത്തിന് വെച്ചിരുന്ന വിത്തുകള്‍ വില്‍ക്കാനോ സാധിച്ചില്ലെന്ന് നവംബര്‍ 20നാണ് പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ കാര്‍ഷിക മന്ത്രാലയം വ്യക്തമാക്കിയത്. ജോലിക്കാര്‍ക്ക് പണം നല്‍കാന്‍ കഴിയാതെ വന്നതിനാല്‍ വന്‍കിട കര്‍ഷകരേയും നോട്ട് നിരോധം ബാധിച്ചു. രാജ്യത്തെ 26.3 കോടി കര്‍ഷകരും കറന്‍സി അടിസ്ഥാനമാക്കിയാണ് ഇടപാടുകള്‍ നടത്തുന്നതെന്നതിനാല്‍ കറന്‍സി ദൗര്‍ലഭ്യം അവര്‍ക്ക് വരുത്തി വെച്ച നഷ്ടം ഭീമമായിരുന്നു. പണത്തിന്റെ ലഭ്യതക്കുറവ് മൂലം ദേശീയ വിത്ത് കോര്‍പറേഷന്റെ പക്കലുണ്ടായിരുന്ന 1.38 ലക്ഷം ക്വിന്റല്‍ ഗോതമ്പ് വിത്തുകള്‍ വിറ്റുപോകാതെ കെട്ടിക്കിടന്നതായും മന്ത്രാലയം അറിയിച്ചു.

കാര്‍ഷിക മന്ത്രാലയത്തിന്റെ 2012-13 വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ചയില്‍ കാര്‍ഷിക മേഖലയുടെ സംഭാവന 14 ശതമാനത്തോളം വരും. കയറ്റുമതി ഉത്പന്നങ്ങളില്‍ 11 ശതമാനവും കാര്‍ഷിക മേഖലയില്‍ നിന്നാണ്. എന്നാല്‍ സര്‍ക്കാറിന്റെ അവഗണന മൂലം കാര്‍ഷിക മേഖല അടിക്കടി പിന്നോട്ടടിക്കുകയും രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ വഹിച്ചിരുന്ന പങ്ക് കുറഞ്ഞു വരികയുമാണ്. 1998-2004 കാലയളവില്‍ 1.76% ആയിരുന്ന കാര്‍ഷിക വളര്‍ച്ചാ നിരക്ക് 2004-05 മുതല്‍ 2012-13 വരെയുള്ള വര്‍ഷങ്ങളില്‍ 3.84% ആയി ഉയര്‍ന്നിരുന്നു. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫലമായി ഈ കാലയളവില്‍ കര്‍ഷകരുടെ വരുമാനത്തില്‍ പ്രതിവര്‍ഷം അഞ്ച് ശതമാനം വര്‍ധനവും അനുഭവപ്പെട്ടു. എന്നാല്‍ 2011-12 മുതല്‍ 2015-16 വരെയുള്ള കാലയളവില്‍ ഇത് 0.44 ശതമാനമായി കൂപ്പുകുത്തുകയാണുണ്ടായത്. കാര്‍ഷിക, കാര്‍ഷികേതര തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്ന വേതനവും ഈ ഘട്ടത്തില്‍ കുത്തനെ ഇടിഞ്ഞു. രാജ്യത്തെ പാരമ്പര്യ കര്‍ഷകര്‍ക്ക് കൃഷി ഒരു തൊഴില്‍ മാത്രമല്ല ജീവിത ശൈലിയാണ്. ഈ രംഗത്തെ തളര്‍ച്ച അവര്‍ക്ക് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതോടൊപ്പം മാനസികമായി തളര്‍ത്തുകയും ചെയ്യും. രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ സാഹചര്യമിതാണ്.

കശാപ്പിനായി കന്നുകാലികളെ വില്‍ക്കാന്‍പാടില്ലെന്ന തീരുമാനവും കര്‍ഷകര്‍ക്ക് കനത്ത ആഘാതമായി. കാലിവളര്‍ത്തല്‍ അടിസ്ഥാനമാക്കി വളര്‍ന്നുവന്ന പ്രാദേശിക സമ്പദ് വ്യവസ്ഥ നമ്മുടെ കാര്‍ഷിക മേഖലയുടെ പ്രധാന ഭാഗമാണ്. കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനത്തിന്റെ അഞ്ച് ശതമാനം കാലിവളര്‍ത്തല്‍ മേഖലയില്‍ നിന്നാണ് ലഭിക്കുന്നത്. കാര്‍ഷിക മേഖലയില്‍ ഉത്പാദനച്ചെലവിലുണ്ടായ വന്‍ ഉയര്‍ച്ചയും ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ചയും കാരണം പല കൃഷികളും ആദായകരമല്ലാതായി മാറിയതിനാല്‍ കോടിക്കണക്കിന് ചെറുകിട നാമമാത്ര കര്‍ഷകരാണ് കാലിവളര്‍ത്തലിലേക്ക് തിരിഞ്ഞത്. അത്തരം പാവപ്പെട്ട കൃഷിക്കാരുടെ ജീവിതമാണ് അറവിന് കാലികളെ വില്‍ക്കുന്നത് നിരോധിക്കുന്ന നിയമം തകര്‍ത്തത്.

രാജ്യത്തെ വന്‍കിട വ്യവസായികളോടും അതിസമ്പന്നരോടും അത്യുദാര നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. അവരുടെ ലക്ഷക്കണക്കിന് കോടി രൂപയുടെ കടങ്ങള്‍ സര്‍ക്കാര്‍ എഴുതിത്തള്ളുന്നു. പട്ടേല്‍ പ്രതിമ നിര്‍മാണത്തിന് 3000 കോടിയാണ് പൊതുഖജനാവില്‍ നിന്ന് ചെലവഴിച്ചത്. എന്നാല്‍ പാവപ്പെട്ട കര്‍ഷകരുടെ കടം എഴുതിത്തള്ളണമെന്ന ആവശ്യത്തിനു മുമ്പില്‍ സര്‍ക്കാര്‍ മുഖം തിരിക്കുകയും ചെയ്യുന്നു. ഈ അവഗണന അവസാനിപ്പിക്കാത്ത പക്ഷം കര്‍ഷകരെ മാത്രമല്ല ബാധിക്കുന്നത്, രാജ്യത്തെ സമ്പദ്ഘടനയെയും ഇനിയും ഏറെ പിറകോട്ടു കൊണ്ടു പോകും.