Connect with us

International

ഇന്ധനവില വര്‍ധന: ഫ്രാന്‍സില്‍ വീണ്ടും പ്രതിഷേധം; നിരവധി പേര്‍ അറസ്റ്റില്‍

Published

|

Last Updated

പാരീസ്: ഫ്രാന്‍സില്‍ ഇന്ധനവില വര്‍ധിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ പ്രതിഷേധം വീണ്ടും ശക്തമാകുന്നു. മഞ്ഞ ജാക്കറ്റുധാരികളായ പ്രതിഷേധക്കാര്‍ ഇന്നലെ നടത്തിയ പ്രകടനത്തെ പോലീസ് നേരിട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. സുരക്ഷാ വേലികള്‍ ഭേദിക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചപ്പോഴാണ് ഇവരെ നേരിട്ടതെന്ന് പോലീസ് പറഞ്ഞു. ചാംപ്‌സ് എലിസ്സിയിലായിരുന്നു ഇന്നലെ ഏറ്റവും രൂക്ഷമായ പ്രതിഷേധ പരിപാടികള്‍ അരങ്ങേറിയത്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ പ്രതിഷേധത്തിലേര്‍പ്പെട്ടവരുടെ അടയാളമായി മാറിയ മഞ്ഞ ജാക്കറ്റ് ധരിച്ചാണ് ഇന്നലെ വീണ്ടും ആയിരക്കണക്കിന് ആളുകള്‍ തെരുവില്‍ ഇറങ്ങിയത്.

രാജ്യത്തെ ടാക്‌സി ഡ്രൈവര്‍മാരെല്ലാം മാക്രോണിനെതിരെയും ഇന്ധനവില വര്‍ധനവിനെതിരെയും രംഗത്തുണ്ട്. മൂന്നാഴ്ചയോളാമായി ശക്തമായ പ്രതിഷേധ പരിപാടികള്‍ തുടരുകയാണ്. പലയിടയങ്ങളിലും പ്രതിഷേധക്കാര്‍ ഗതാഗതം തടസ്സപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ 12 മാസത്തിനിടെ രാജ്യത്തെ പ്രധാന ഇന്ധനമായ ഡീസലിന്റെ വിലയില്‍ 23 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2000ത്തിന് ശേഷം ഇതാദ്യമായാണ് ഫ്രാന്‍സില്‍ ഇന്ധനത്തിന് ഇങ്ങനെ വിലയുയരുന്നത്. ആഗോളതലത്തില്‍ ഇന്ധനവിലയില്‍ വന്‍ കുറവുണ്ടായെങ്കിലും മാക്രോണിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഡീസലിന് 7.6 ശതമാനവും പെട്രോളിന് 3.9 ശതമാനവും വര്‍ധന വരുത്തിയിരുന്നു.

ഏറ്റവും അവസാനമായി, അടുത്ത വര്‍ഷം ജനുവരിയോടെ ഡീസലിന് 6.5 ശതമാനവും പെട്രോളിന് 2.9 ശതമാനവും നികുതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതാണ് സര്‍ക്കാറിനെതിരെ സാധാരണക്കാരായ ആളുകള്‍ തെരുവിലിറങ്ങാന്‍ പ്രധാന കാരണമായത്. ഇതിന് പുറമെ, ജീവിതച്ചെലവ് വര്‍ധിക്കുന്നതും പൊതുവില്‍ ഫ്രാന്‍സില്‍ സര്‍ക്കാറിനെതിരെ തിരിയാന്‍ കാരണമായിട്ടുണ്ട്.

ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് 39 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സാധാരണക്കാരായ ജനങ്ങളെ അവഗണിക്കുന്ന പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഇന്ധനവില അടിയന്തരമായി കുറക്കണമെന്നും പ്രതിഷേധത്തിലേര്‍പ്പെട്ടവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ താന്‍ നടപ്പാക്കിയ ചില പരിഷ്‌കാരങ്ങളെ ഹൈജാക്ക് ചെയ്യുന്നതിന് വേണ്ടി പ്രതിപക്ഷ പാര്‍ട്ടികളാണ് ഇത്തരം പ്രതിഷേധങ്ങള്‍ക്ക് ഇന്ധനം പകരുതെന്നാണ് പ്രസിഡന്റ് മാക്രോണിന്റെ പ്രതികരണം.

Latest