പ്രവാചക ജീവിതം പഠിച്ചവരില്‍ നിന്ന് ഇസ്‌ലാമിനെ മനസ്സിലാക്കണം: കാന്തപുരം

Posted on: December 1, 2018 1:54 pm | Last updated: December 1, 2018 at 2:05 pm

കൊച്ചി: നബിയുടെ ജീവിതം പഠിച്ചവരില്‍ നിന്ന് ഇസ്‌ലാമിനെ മനസ്സിലാക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കേരള മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റി കലൂര്‍ ജവര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഹുബ്ബുര്‍റസൂല്‍ കോണ്‍ഫറന്‍സില്‍ മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നബിയെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണ് സ്രഷ്ടാവിലേക്ക് അടുത്തവര്‍.അല്ലെങ്കില്‍ വഴിപിഴക്കും. സ്വന്തമായി ഖുര്‍ആനും ഹദീസും പഠിക്കാനാകില്ല. മുന്‍ഗാമികള്‍ പഠിപ്പിച്ചതുപോലെ പഠിക്കണം. ഭീകരവാദവും തീവ്രവാദവും വളര്‍ത്തിയവര്‍ സ്വന്തമായി മത ഗ്രന്ഥങ്ങളില്‍ ഗവേഷണം നടത്തിയവരാണെന്നും കാന്തപുരം പറഞ്ഞു.

മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യ പതാക ഉയര്‍ത്തി. സമസ്ത സെക്രട്ടറി എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍ സി എഫ് ഐ ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ എന്നിവര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. അന്‍വര്‍ സാദത്ത് എം എല്‍ എ, സ്വാഗതസംഘം ചെയര്‍മാന്‍ പി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കല്‍ത്തറ, ജനറല്‍ കണ്‍വീനര്‍ അഡ്വ. സി എ മജീദ് പ്രസംഗിച്ചു.