ആസ്വാദകരെ ത്രസിപ്പിക്കാനൊരുങ്ങി ഷാര്‍ജ മുന്‍തസ പാര്‍ക്ക് നാളെ മുതല്‍

Posted on: November 30, 2018 4:54 pm | Last updated: November 30, 2018 at 4:54 pm

ഷാര്‍ജ: ഷാര്‍ജ എമിറേറ്റിന്റെ വിനോദ ആസ്വാദകരെ ത്രസിപ്പിക്കുന്നതിന് അല്‍ മുന്‍തസ പാര്‍ക്കൊരുങ്ങി. നാളെ പൊതുജനങ്ങള്‍ക്കായി ഉദ്യാനം തുറന്നുകൊടുക്കും. കൂടുതല്‍ ആകര്‍ഷണ കേന്ദ്രീകൃത സങ്കേതങ്ങള്‍ തയാറാക്കിയിട്ടുള്ള ഉദ്യാനത്തില്‍ ഐലന്‍ഡ് ഓഫ് ലെജന്‍ഡ്‌സ് പേള്‍സ് കിങ്ഡം എന്നീ പേരുകളില്‍ പ്രത്യേക വാട്ടര്‍ പാര്‍ക്കുകള്‍ സന്ദര്‍ശകരെ ത്രസിപ്പിക്കും. നാളെ വൈകീട്ട് നാലിനാണ് പ്രത്യേക ഉദ്ഘാടന പരിപാടികള്‍ അരങ്ങേറുക. അര്‍ധരാത്രി വരെ പരിപാടികള്‍ തുടരും.

ഐലന്‍ഡ് ഓഫ് ലെജന്‍ഡ്‌സ് ലോകത്തെ വിവിധ രാജ്യങ്ങളിലെയും നഗരങ്ങളിലെയും അത്ഭുതങ്ങളുടെ മാതൃകാ വാര്‍പുകള്‍ ഒരുക്കിയിട്ടുള്ളതാകും. ഇത്തരത്തില്‍ സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ലണ്ടന്‍, ചൈന, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളിലെ പ്രധാന 26 ആകര്‍ഷണങ്ങള്‍ ഇവിടെ സ്ഥാനം പിടിച്ചിട്ടുണ്ട്. പേള്‍സ് കിങ്ഡത്തില്‍ കുരുന്നുകള്‍ക്കായി 35 സ്ലൈഡുകളാണ് ഒരുക്കിയിട്ടുള്ളത്. കുരുന്നുകളുടെ മനംകവരുന്ന സവിശേഷ സ്ലൈഡുകള്‍ അതീവ സുരക്ഷയോടെയാണ് ഒരുക്കിയിട്ടുള്ളത്. സംഗീതത്തിന്റെ അകമ്പടിയോടെയാകും സ്ലൈഡുകള്‍ പ്രവര്‍ത്തിക്കുക.

കുടുംബങ്ങള്‍ക്ക് പ്രത്യേകിച്ച് കുരുന്നുകള്‍ക്ക് കൂടുതല്‍ ആസ്വാദനമൊരുക്കുന്ന വിധത്തിലാണ് റൈഡുകളും വാട്ടര്‍ തീം പാര്‍ക്കും ഒരുക്കിയിട്ടുള്ളത്. സവിശേഷ ദിനങ്ങളില്‍ കുടുംബത്തോടൊപ്പം ഉദ്യാനങ്ങളിലെ അവിസ്മരണീയ നിമിഷങ്ങള്‍ ആസ്വാധിക്കുന്നതിന് പ്രത്യേകമായി പാര്‍ക്കിനെ വിപുലീകരിച്ചിട്ടുണ്ടെന്നും അല്‍ മുന്‍തസ പാര്‍ക്ക് ജനറല്‍ മാനേജര്‍ ഖാലിദ് അല്‍ ഖസീര്‍ പറഞ്ഞു.