രാജ്യം സ്മരണ ദിനം പുതുക്കി

Posted on: November 30, 2018 1:57 pm | Last updated: November 30, 2018 at 1:57 pm

അബുദാബി : സ്മരണ ദിനത്തില്‍ രക്തസാക്ഷി സ്മാരകമായ വഹത് അല്‍ കരമായില്‍ യു എ ഇ ഭരണാധികാരികള്‍ പുഷ്പ ചക്രമര്‍പ്പിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും, അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവര്‍ പുഷ്പ ചക്രമര്‍പ്പിച്ചു. ഉം അല്‍ ഖുവൈന്‍ ഭരണാധികാരിയും യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് സൗദ് ബിന്‍ റാഷിദ് അല്‍മുഅല്ല, ഫുജൈറ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി, അജ്മാന്‍ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി, ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, റാസ് അല്‍ ഖൈമ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി എന്നിവര്‍ പങ്കെടുത്തു

. രാജ്യത്തിനുവേണ്ടി വീരമൃത്യുവരിച്ച ധീരസൈനികരുടെ സ്മരണയ്ക്കു മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് ഇന്നലെ രാവിലെ എട്ടു മുതല്‍ 11.30വരെ ദേശീയ പതാക താഴ്ത്തിക്കെട്ടി . 11.30ന് ധീര ജവാന്മാര്‍ക്കുമുന്നില്‍ രാജ്യം ഒരു മിനിറ്റ് മൗനം ആചരിച്ചു . നവംബര്‍ 30 നാണ് യുഎഇ സ്മാരക ദിനമായി ആചരിച്ചു വരുന്നതെങ്കിലും ഇത്തവണ വെള്ളിയാഴ്ചയായതിനാല്‍ ദിനാചരണം ഇന്നലത്തേക്ക് മാറ്റുകയായിരുന്നു.കൃത്യനിര്‍വഹണത്തിനിടയില്‍ നീതിക്കുവേണ്ടി പോരാടി ജീവത്യാഗം ചെയ്ത ദീരദേശാഭിമാനികളെ രാജ്യം ഒരിക്കലും മറക്കില്ലെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു. രാജ്യത്തെ സേവിക്കുന്നതില്‍ സൈനികര്‍ കാണിക്കുന്ന ശ്രദ്ധയും ജാഗ്രതയുമാണ് മരണശേഷവും അവര്‍ നായകരായി അറിയപ്പെടുന്നതിനു കാരണമെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.