Connect with us

National

മധ്യപ്രദേശിലും മിസോറാമിലും 75% പോളിംഗ്

Published

|

Last Updated

മിസോറാം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐസ്വാള്‍ ഡര്‍ട്ട്‌ലാംഗ് സര്‍ക്കാര്‍ സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്യാന്‍ കൈക്കുഞ്ഞുമായെത്തിയ സ്ത്രീ

ഭോപ്പാല്‍/ ഐസ്‌വാള്‍: മധ്യപ്രദേശ്, മിസോറാം സംസ്ഥാനങ്ങളില്‍ മികച്ച പോളിംഗ്. മധ്യപ്രദേശില്‍ 74.61 ശതമാനവും മിസോറാമില്‍ 75 ശതമാനവും വോട്ട് രേഖപ്പെടുത്തി. മധ്യപ്രദേശില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതലാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2013ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 72.69 ശതമാനമായിരുന്നു മധ്യപ്രദേശിലെ പോളിംഗ്. മിസോറാമില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ പോളിംഗ് ശതമാനം കുറഞ്ഞു. 2013ല്‍ 83.41ഉം 2008ല്‍ 82.35ഉം ശതമാനമായിരുന്നു മിസോറാമിലെ പോളിംഗ്.

മധ്യപ്രദേശില്‍ വോട്ടെടുപ്പ് തുടങ്ങി മണിക്കൂറുകള്‍ക്കകം വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റിസ്ഥാപിച്ചു. ഭിന്‍ഡ് ജില്ലയിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

മധ്യപ്രദേശിലെ ആകെയുള്ള 230 മണ്ഡലങ്ങളിലേക്കും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബാല്‍ഘട്ട് ജില്ലയിലെ മൂന്ന് മണ്ഡലത്തില്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് മൂന്ന് വരെയായിരുന്നു വോട്ടെടുപ്പ്. ശേഷിക്കുന്ന മണ്ഡലങ്ങളില്‍ എട്ട് മുതല്‍ അഞ്ച് വരെ വോട്ടെടുപ്പ് നടന്നു. പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായി ബി ജെ പിയാണ് മധ്യപ്രദേശില്‍ അധികാരത്തില്‍. ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടാണ് ഇവിടെ മത്സരം.

ലാല്‍ തന്‍ഹാവാലയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസാണ് കഴിഞ്ഞ രണ്ട് തവണയും മിസോറാമില്‍ അധികാരത്തിലിരിക്കുന്നത്. നാല്‍പ്പതംഗ സഭയില്‍ ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് തന്‍ഹാവാല ഇത്തവണ ജനവിധി തേടിയത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമാണ് മിസോറാം. മിസോ നാഷനല്‍ ഫ്രണ്ട് ആണ് പ്രധാന എതിരാളി.
ഇരു സംസ്ഥാനങ്ങളിലും പോളിംഗ് പൊതുവെ സമാധാനപരമായിരുന്നു. മധ്യപ്രദേശില്‍ കേന്ദ്ര അര്‍ധസൈനിക വിഭാഗമുള്‍പ്പെടെ 1.8 ലക്ഷം ഉദ്യോഗസ്ഥരാണ് സുരക്ഷക്കുണ്ടായിരുന്നത്.