Connect with us

Articles

കീഴാറ്റൂര്‍: ആരാണ് ചതിക്കപ്പെട്ടത്

Published

|

Last Updated

പാളത്തൊപ്പി, ഭൂമിവന്ദനം, പ്രാര്‍ഥന, സിംഗൂരിലെ മണ്ണ്….എഴ് മാസം മുമ്പ് കീഴാറ്റൂരനുഭവിക്കുകയും കേരളം അന്തം വിട്ട് കണ്ടിരിക്കുകയും ചെയ്ത നാടകത്തിന് അങ്ങനെ അവസാനമായി. വയലിലൂടെ തന്നെ പാതയെന്ന കേന്ദ്ര തീരുമാനം വരാന്‍ ഇത്രയും കാലം നീണ്ടു പോയതെന്തെന്ന “വരട്ടുതത്വവാദി”കളുടെ പരിഹാസ ശരത്തിനു മുമ്പില്‍ ബി ജെ പി പദയാത്രക്കാര്‍ക്ക് ഇക്കുറി മറുപടിയില്ല. അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന പഴയ പ്രയോഗം കൊണ്ടുപോലും ഒരു കമ്യൂണിസ്റ്റുഗ്രാമത്തിലെ സാധാരണക്കാര്‍ ചതിക്കപ്പെട്ടതിനെ അവര്‍ക്ക് ന്യായീകരിക്കാനാകുമായിരുന്നില്ല. ഭൂതകാലത്തും വര്‍ത്തമാനകാലത്തും ഭാവിയിലും പരിവാര്‍ സംഘടനകളെ വിശ്വസിക്കുകയോ ചുറ്റിപ്പറ്റി നില്‍ക്കുകയോ ചെയ്തവരുടെ അവസ്ഥ ഇങ്ങനെ തന്നെയാണെന്നതിന് ഇനി അധികം ഉദാഹരണങ്ങള്‍ ആവശ്യമില്ല. കൃത്യമായ അജന്‍ഡയും വ്യക്തമായ രാഷ്ട്രീയ ഉദ്ദേശ്യവുമുള്ള ബി ജെ പിയെന്ന പാര്‍ട്ടി ജനസമൂഹത്തിനിടയില്‍ വേരുറപ്പിക്കാന്‍ ഇതല്ല, ഇതിനപ്പുറമുള്ള കണ്ണുപൊത്തിക്കളികള്‍ നടത്തുമെന്ന കാര്യത്തില്‍ ഇനിയാര്‍ക്കും ഒരെതിരഭിപ്രായമുണ്ടാകുമെന്നും കരുതരുത്. കീഴാറ്റൂര്‍ എന്നല്ല കേരളത്തില്‍ എവിടെയും നുഴഞ്ഞുകയറി ഇടമുണ്ടാക്കാനുള്ള ഇവരുടെ ശ്രമങ്ങള്‍ ശബരിമലയുടെ പശ്ചാത്തലത്തില്‍ത്തന്നെ ഇതിനകം പരസ്യപ്പെട്ടതാണ്. ആര്‍ക്കെതിരെയാണ് സമരം, അതില്‍ തങ്ങള്‍ക്കെന്ത് ലാഭം എന്നെല്ലാം കണക്കു കൂട്ടി സമരം ചെയ്യാനെത്തുന്നവരെ എല്ലാക്കാലത്തും ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. അത് ചിലപ്പോള്‍ കുറേയേറെ വൈകിപ്പോകുമെന്നു മാത്രം. ബി ജെ പി പതാക കൈയിലേന്തിയും ബി ജെ പി എന്നെഴുതിയ തൊപ്പി ധരിപ്പിച്ചും കുറച്ച് പരിസ്ഥിതി പ്രവര്‍ത്തകരെയെങ്കിലും പാര്‍ട്ടിക്കാര്‍ക്കൊപ്പം അണിനിരത്തി നടത്തിയ ജാഥയുടെ കാപട്യം ഇപ്പോഴെങ്കിലും പൊതുസമൂഹം തിരിച്ചറിഞ്ഞത് വലിയ ആശ്വാസമാണ്. അധികാരത്തിലെത്തി നാലാണ്ട് പിന്നിട്ട കാലത്തെങ്കിലും ബി ജെ പി യുടെ ദേശീയ തലത്തിലുള്ള പാരിസ്ഥിതിക നിലപാടിനെ അവലോകനം ചെയ്യാനോ പഠിക്കാനോ വിലയിരുത്താനോ കഴിഞ്ഞിരുന്നെങ്കില്‍ കീഴാറ്റൂരിലെന്നല്ല കേരളത്തിലൊരിടത്തും പരിസ്ഥിതി സമരങ്ങളുടെ പേരില്‍ ബി ജെ പിയുടെ കൊടി ഉയരില്ലായിരുന്നു. കീഴാറ്റൂരില്‍ വയലിലൂടെയുള്ള പാതക്കെതിരെ കേന്ദ്രനേതാക്കളെയടക്കം അണി നിരത്തി സമരം നടത്തിയ പാര്‍ട്ടിയുടെ ഭരണകേന്ദ്രം മാസങ്ങള്‍ക്കിപ്പുറം വയലിലൂടെ തന്നെ പാത വേണമെന്ന ഉത്തരവുമായെത്തുമ്പോള്‍ ആരാണ് സത്യത്തില്‍ വിഡ്ഢികളായത്. ബി ജെ പി യുടെ പരിസ്ഥിതി സ്‌നേഹത്തെക്കുറിച്ച് കേന്ദ്രഭരണത്തിന്റെ കഴിഞ്ഞ നാളുകളിലെ ചില സംഭവങ്ങള്‍ നോക്കിയാല്‍ മാത്രം ബോധ്യമാകും.

നോട്ടുനിരോധനവും ജി എസ് ടി യും അടിച്ചേല്‍പ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക ദുരന്തത്തിലേക്ക് തള്ളിവിട്ട ബി ജെ പി ഭരണം രാജ്യത്തെ സാമൂഹിക സാംസ്‌കാരിക മൂല്യബോധങ്ങളെ ഓരോന്നോരോന്നായി ഇല്ലാതാക്കിയെന്നതിനെല്ലാമപ്പുറം രാജ്യത്തിനേല്‍പ്പിച്ച പാരിസ്ഥിതിക മുറിവുകള്‍ എത്രയാണെന്ന് എണ്ണിപ്പറഞ്ഞാല്‍ പോലും തീരില്ല. ഇന്ത്യ എന്ന ആശയത്തെ കേവല ഹിന്ദുത്വ ദേശീയവാദമാക്കി ചുരുക്കിക്കെട്ടി അക്രമത്തിന് തിരികൊളുത്തുകയും അധികാര ദുര്‍വിനിയോഗത്തിലൂടെ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രസക്തി നഷ്ടപ്പെടുത്തുകയും ചെയ്ത മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തയുടനെ തന്നെ നിലവിലുള്ള പാരിസ്ഥിതിക ചട്ടങ്ങളെ തിരുത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചുവെന്നത് തന്നെ ബി ജെ പി അന്നും ഇന്നും പ്രകടിപ്പിക്കുന്ന പരിസ്ഥിതി സ്‌നേഹം കപടമാണെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. പരിസ്ഥിതി നിയമങ്ങള്‍ കൂടുതല്‍ ലളിതമാക്കിക്കൊണ്ട് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് പരിസ്ഥിതി വിഭവങ്ങളെ എളുപ്പം ചൂഷണം ചെയ്യുന്നതിനുള്ള അവസരമൊരുക്കുന്നതുള്‍െപ്പടെയുള്ള ചട്ടങ്ങളടക്കം കൊണ്ടുവന്ന മോദിസര്‍ക്കാറിന് ഭൂമിയേറ്റെടുക്കല്‍ ബില്ലിലെ ഭേദഗതിയും സുബ്രഹ്മണ്യന്‍ കമ്മിറ്റി റിപ്പോര്‍ട്ടും ബി ഒ ടി- പി പി പി മോഡല്‍ ദേശീയപാതാ നിര്‍മാണവും തുടങ്ങി നിരവധി പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ദുഷ്‌പേര് ഇതിനകം ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്.

മോദി അധികാരത്തില്‍ വന്നശേഷം ഇന്ത്യന്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ അഞ്ച് പ്രധാന നിയമങ്ങളിലാണ് കാതലായ മാറ്റം വരുത്തിയത്. വനനിയമത്തിലും പരിസ്ഥിതി സംരക്ഷണ നിയമത്തിലും വന്യജീവി സംരക്ഷണ നിയമത്തിലും മാറ്റം വരുത്തി പരിസ്ഥിതിയെ കൂടുതല്‍ ഉദാരവത്കരിച്ച് വന്‍കിട കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന ഒരു വ്യവസായ നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നതിനെക്കുറിച്ച് എത്രയോ തവണ പ്രതിപക്ഷ കക്ഷികള്‍ ആവര്‍ത്തിച്ച് വിമര്‍ശമുന്നയിച്ചതാണ്. ആഗോള താപന നിരക്ക് ഉയര്‍ന്നുവരുന്നതിനനുസരിച്ച് ഇന്റര്‍ഗവണ്മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്(ഐ പി സി സി) നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കുമ്പോള്‍ മോദി സര്‍ക്കാര്‍ പരിസ്ഥിതി നിയമങ്ങള്‍ കൂടുതല്‍ ഉദാരവല്‍ക്കരിക്കുകയും സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടുകയുമാണ് ചെയ്തത്. ആദിവാസികളുടെ ഭൂമികള്‍ അവരുടെ അനുവാദം കൂടാതെ തന്നെ സര്‍ക്കാറിന് പിടിച്ചെടുക്കാവുന്ന രീതിയില്‍ 2006 ലെ ഫോറസ്റ്റ് റൈറ്റ് ആക്ടില്‍ ഭേദഗതി കൊണ്ടുവന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച പാരിസ്ഥിതിക പ്രശ്്‌നങ്ങളിലൊന്നാണ്. 120 വര്‍ഷം പഴക്കമുള്ള നിയമമാണ് സര്‍ക്കാര്‍ ഇതിനുവേണ്ടി ഭേദഗതി ചെയ്്തത്. ഏതാനും കുത്തക മുതലാളിമാരുടെ താല്‍പര്യത്തിനു വേണ്ടി രാജ്യത്തെ കോടാനുകോടി ജനങ്ങളുടെ അതിജീവനം പോലും അസാധ്യമാക്കുന്ന തരത്തില്‍ ഏതു മാര്‍ഗത്തിലും രാജ്യത്തിന്റെ പരിസ്ഥിതി സന്തുലനവും ആവാസവ്യവസ്ഥയും അപകടപ്പെടുത്താന്‍ ബി ജെ പി സര്‍ക്കാറിന് ഒരു മടിയുമില്ലെന്ന്് ഭൂമി ഏറ്റെടുക്കല്‍ നിയമവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ ഇതിനകം തെളിയിച്ചിട്ടുണ്ട്.

ഭൂമിയേറ്റെടുക്കല്‍ ബില്ലില്‍ മോദി കൊണ്ടുവന്ന “തിരുത്ത്” വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത് ആരും അങ്ങനെ അത്ര പെട്ടെന്ന് മറന്നു കാണില്ല. അങ്ങനെ മറക്കാനാകുകയുമില്ല. കുത്തക മുതലാളിമാര്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും ഭൂമി യഥേഷ്ടം ഏറ്റെടുക്കാനും വ്യവസായ സമുച്ചയങ്ങള്‍ കെട്ടിപ്പൊക്കാനും സൗകര്യം നല്‍കുന്ന, പാവപ്പെട്ട കര്‍ഷകന്റെ ജീവിതം താറുമാറാക്കുന്ന തരത്തിലുള്ള തിരുത്തലുകള്‍ നടത്തിയാണ് നിലവിലുള്ള നിയമത്തെ പൊളിച്ചെഴുതാന്‍ മോദി ശ്രമിച്ചത്.

യു പി എ സര്‍ക്കാറിന്റെ കാലത്ത് വന്‍ കര്‍ഷക പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ഭൂമിയേറ്റെടുക്കല്‍ നിയമം സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഭൂമിയേറ്റെടുക്കുന്ന സമയത്ത് കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ഭൂമിയേറ്റെടുക്കലില്‍ സുതാര്യതയും പുനരധിവാസവും പുനഃസ്ഥാപനവും ലക്ഷ്യമിട്ടുള്ളതായിരുന്നു ബില്‍. ആരുടെ ഭൂമിയാണോ ഏറ്റെടുക്കപ്പെടുന്നത് അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ ഈ നിയമത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു. ഫാക്ടറി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനും വ്യവസായ പദ്ധതികള്‍ക്കും ഭൂമിയേറ്റെടുക്കുമ്പോള്‍ സുതാര്യത ഉറപ്പുവരുത്താനും ഇതു ബാധിക്കുന്നവര്‍ക്ക് പുനരധിവാസം ഉറപ്പുവരുത്താനും ഈ നിയമം വ്യവസ്ഥ ചെയ്തിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയയുടന്‍ യു പി എ സര്‍ക്കാറിന്റെ ഭൂമിയേറ്റെടുക്കല്‍ നിയമം വ്യവസായ വിരുദ്ധമാണെന്ന് പറഞ്ഞ് അതില്‍ ഭേദഗതികള്‍ കൊണ്ടുവന്ന് കോര്‍പറേറ്റുകള്‍ക്കായി പരവതാനി വിരിക്കാനാണ് ബി ജെ പി ശ്രമിച്ചത്. പൊതുസ്വകാര്യ പങ്കാളിത്വത്തിലുള്ള പദ്ധതികള്‍ക്കുവേണ്ടി ഭൂമിയേറ്റെടുക്കുമ്പോള്‍ പ്രദേശത്തെ എഴുപത് ശതമാനം കര്‍ഷകരുടെയും സമ്മതം നിര്‍ബന്ധമാക്കുന്ന 2013ലെ നിയമത്തെ തിരുത്തിയെന്നതുള്‍പ്പെടെ വലിയ ഭേദഗതികളാണ് മോദി സര്‍ക്കാര്‍ കൊണ്ടു വന്നത്. നിലവിലെ നിയമത്തില്‍ സാമൂഹിക പ്രത്യാഘാത പഠനം നിര്‍ബന്ധമായിരുന്നുവെന്നതിലടക്കം വെള്ളം ചേര്‍ത്തു. ഏറ്റെടുത്ത ഭൂമി അഞ്ച് വര്‍ഷത്തോളം ഉപയോഗിക്കാതെയിട്ടാല്‍ അത് യഥാര്‍ഥ ഉടമസ്ഥനു തിരികെ ലഭിക്കുമെന്ന നിയമ വ്യവസ്ഥയും തിരുത്തി. വിലക്കിഴിവില്‍ ഭൂമി വാങ്ങാന്‍ സ്വകാര്യ കമ്പനികള്‍ക്കു കൂടി അവകാശം നല്‍കുന്ന തരത്തിലേക്കടക്കം നിയമത്തില്‍ ഭേദഗതി വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. 1897ലെ ബ്രിട്ടീഷ് നിയമത്തേക്കാള്‍ ഭീകരമായ വ്യവസ്ഥകളുള്ളതാണ് ബില്ലെന്ന ആരോപണവുമായി രാജ്യത്തെങ്ങും കര്‍ഷക പ്രതിഷേധം അലയടിച്ചു. കര്‍ഷകരുടെ അനുമതിയില്ലാതെ സ്വകാര്യ വ്യവസായികള്‍ക്കുവേണ്ടി നിര്‍ബന്ധിച്ചു ഭൂമി ഏറ്റെടുക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടി, രാജ്യത്തെ കര്‍ഷകര്‍ മുഴുവന്‍ ഒറ്റക്കെട്ടായാണ് അന്ന് പ്രതിഷേധിച്ചത്.

തേനിയിലെ സംരക്ഷിത വന മേഖലയായ ബോഡി വെസ്റ്റ് മലനിരകള്‍ക്കടിയില്‍ 1,300 മീറ്റര്‍ ആഴത്തില്‍ നിരീക്ഷണാലയം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിട്ടുണ്ട്. 1,500 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന ന്യൂട്രിനോ പദ്ധതിയുടെ പരീക്ഷണശാല നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലം പശ്ചിമഘട്ടത്തിലെ സംരക്ഷിത വനമേഖലയാണെന്നറിയുമ്പോള്‍ തന്നെ ഇതിന്റെ പാരിസ്ഥിതിക പ്രാധാന്യം എത്രയാണെന്ന് ഊഹിക്കാന്‍ കഴിയും. ഇവിടെ പരീക്ഷണ ശാല നിര്‍മിക്കണമെങ്കില്‍ എട്ട്‌ലക്ഷം ടണ്‍ പാറയാണ് ജലാറ്റിന്‍ ഉപയോഗിച്ച് പൊട്ടിച്ചുനീക്കേണ്ടത്. ശ്രദ്ധാപൂര്‍വമല്ല നിരീക്ഷണാലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെങ്കില്‍ ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായ പശ്ചിമഘട്ടത്തിന്റെ ഒരു ഭാഗം തന്നെയാകും നഷ്ടമാകുക. തേനി ജില്ലക്കടുത്തുള്ള പ്രദേശങ്ങള്‍ ഭൂകമ്പ സാധ്യതയുള്ള മേഖലയായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. ഈ മേഖലകളില്‍ ഭൂഗര്‍ഭ തുരങ്കം നിര്‍മിക്കുന്നതും അതിനായി എട്ട് ലക്ഷം ചതുരശ്ര അടിയോളം പാറ പൊട്ടിക്കുന്നതും പരിസ്ഥിതിയെ ഏത് തരത്തിലാണ് ബാധിക്കുന്നതെന്നത് പ്രവചനാതീതമാണ്. അതോടൊപ്പം ഇവക്കടുത്ത് സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാര്‍ അടക്കമുള്ള അണക്കെട്ടുകള്‍ അപകടത്തിലാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇതും നമ്മുടെ നാട് വികസനത്തിനെന്ന പേരില്‍ അനുഭവിക്കാന്‍ പോകുന്ന വലിയ പാരിസ്ഥിതിക പ്രശ്‌നമാണ്. മത്സ്യ മേഖലക്ക് വേണ്ടി വീണ്ടും പുതിയൊരു കമ്മീഷനും പുതിയ നയ പ്രഖ്യാപനവും കേന്ദ്ര സര്‍ക്കാര്‍ നടത്തിയത് വലിയ വിമര്‍ശത്തിന് വഴിവച്ച കാര്യവും ആരും മറന്നു പോകാനിടയില്ല. കടലിന്റെ പരിസ്ഥിതിയെയും കടലിന്റെ മക്കളെയും സംരക്ഷിക്കുന്നതിനു പകരം കടല്‍ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിയെന്നായിരുന്നു വിമര്‍ശം. അടുത്ത പത്ത് വര്‍ഷം ലക്ഷ്യമാക്കി മെയ് ഒന്നിന് പുറപ്പെടുവിച്ച പുതിയ നയം വിദേശ കോര്‍പറേറ്റുകളെ മാത്രം സഹായിക്കാനുള്ളതാണ്. എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് നര്‍മദ ഡാം ഉയരം കൂട്ടിയതും കോള്‍ ടാര്‍ പ്രൊസസ്സിംഗ്, സാന്‍ഡ് മൈനിംഗ് , പേപ്പര്‍ പള്‍പ്പ് വ്യവസായങ്ങള്‍, തുടങ്ങിയവക്ക് ഇളവുകള്‍ നല്‍കിയതും 10-16 മില്യണ്‍ ടണ്ണില്‍ താഴെയുള്ള കോള്‍ മൈനുകള്‍ക്ക് പബ്ലിക് ഹിയറിങ് ഇല്ലാതാക്കിയതുമുള്‍പ്പെടെ കേന്ദ്രസര്‍ക്കാറിന്റെ പരിസ്ഥിതി വിരുദ്ധ പരിപാടികളുടെ പട്ടിക ഇനിയും നീളും.

ഇന്ത്യ ഔദ്യോഗികമായി പാരീസ് കാലാവസ്ഥാ ഉച്ചകോടിയിലെ കരാറൊപ്പിടുകയും പരിസ്ഥിതി സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് ആണയിടുകയും ചെയ്യുന്ന ഒരു രാജ്യമാണെന്ന് പറയുമ്പോഴും കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ഏറെക്കുറെ എല്ലാം തന്നെ പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരു ശ്രദ്ധയും പുലര്‍ത്തുന്നില്ലെന്നതും ചര്‍ച്ച ചെയ്യപ്പെട്ട കാര്യമാണ്. രാജ്യത്തെ ദേശീയ പാതകളുടെ സമഗ്രവികസനം ഉദ്ദേശിച്ചുകൊണ്ടാണ് 1995 ല്‍ ദേശീയ ഹൈവേ അതോറിറ്റിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയത്. എന്‍ എച്ച് എ യുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ മുഴുവന്‍ ദേശീയ പാതകളെയും നവീകരിക്കുന്നതിനായി ദേശീയ ഹൈവേ വികസന പദ്ധതിക്ക് (ചഒഉജ) കേന്ദ്രസര്‍ക്കാര്‍ പിന്നീട് രൂപം കൊടുത്തു. ചഒഉജ യുടെ ഭാഗമായാണ് ഇപ്പോള്‍ ഇന്ത്യയില്‍ ദേശീയപാതകളുടെയും, കോറിഡോറുകളുടെയും, എക്‌സ്പ്രസ്‌വേകളുടെയും നിര്‍മാണവും പുനരുദ്ധാരണവും നടക്കുന്നത്. എന്നാല്‍ പലയിടത്തും പാത വിപുലീകരണം കനത്ത പരിസ്ഥിതി പ്രശ്്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഏക്കറുകണക്കിന് വനപ്രദേശങ്ങളും തണ്ണീര്‍ത്തടങ്ങളുമെല്ലാം ഇതിന്റെ പേരില്‍ നശിപ്പിക്കപ്പെടുന്നുണ്ട്. വനപ്രദേശത്തുനിന്നും പത്തു കിലോമീറ്ററിനുള്ളില്‍ വ്യവസായങ്ങള്‍ തുടങ്ങാന്‍ അനുമതി വേണമെന്നുള്ളത് അഞ്ച് കിലോമീറ്ററായി ചുരുക്കുകയും ചെയ്തുവെന്നതാണ് കേന്ദ്രത്തിന്റെ മറ്റൊരു പരിസ്ഥിതി വിരുദ്ധ നയം. മുംബൈയുടെ ഹരിത ശ്വാസകോശം എന്നറിയപ്പെടുന്ന നാഷനല്‍ ഗ്രീന്‍പാര്‍ക്ക് സഞ്ജയ് ഗാന്ധി നാഷനല്‍ ഗ്രീന്‍ പാര്‍ക്കാക്കുന്നതിനുവേണ്ടി നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് 15 ഏക്കറോളം വരുന്ന കാടുകള്‍ വെട്ടിമാറ്റുകയും ലക്ഷക്കണക്കിന് മൃഗങ്ങളുടെ ആവാസകേന്ദ്രം നശിപ്പിക്കുകയും ചെയ്തത് ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു പരിസ്ഥിതി ധ്വംസനമായാണ് കണക്കാക്കപ്പെടുന്നത്.

ബി ജെ പി സര്‍ക്കാര്‍ നടത്തിയ സകല പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനങ്ങളെയും കേരളത്തിലെ ബി ജെ പി നേതൃത്വം എങ്ങനെ നോക്കിക്കാണുന്നുവെന്നും ഏതൊക്കെ വിഷയത്തില്‍ സമരം നടത്തിയെന്നും കീഴാറ്റൂരില്‍ പോരിനിറങ്ങിയ നേതാക്കളെങ്കിലും തുടക്കത്തില്‍ പഠിക്കണമായിരുന്നു. പാര്‍ട്ടിക്ക് കാര്യമായ സ്വാധീനമോ അടിത്തറയോ ഇല്ലാത്തിടങ്ങളിലെല്ലാമുള്ള സകല ജനകീയ പ്രശ്‌നങ്ങളിലും ഇടപെട്ട് ഒരു പുകമറ സൃഷ്ടിച്ചെടുത്ത് അതിനുള്ളിലൂടെ ഹൈന്ദവ വര്‍ഗീയതക്ക് വേരുറപ്പിച്ച് കൊടുക്കാനുള്ള എക്കാലത്തെയും സംഘ്പരിവാര്‍ ശക്തികളുടെ ശ്രമമായി മാത്രമേ കീഴാറ്റൂര്‍ സമരെത്തയും ബി ജെ പി കണ്ടിട്ടുള്ളുവെന്ന് വൈകിയെങ്കിലും വെളിപ്പെടുമ്പോള്‍ രാഷ്ട്രീയത്തിലെ കാപട്യം എത്ര വലുതാണെന്ന് ആര്‍ക്കും എളുപ്പം ബോധ്യപ്പെടും

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി