ഞെട്ടറ്റുവീഴുന്ന ബാല്യങ്ങള്‍

Posted on: November 28, 2018 8:17 pm | Last updated: November 28, 2018 at 8:17 pm

ദിവസങ്ങള്‍ക്ക് മുമ്പ് വയനാട്ടില്‍ മൂന്ന് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതും അതിന്റെ ദുരൂഹതകളും വാര്‍ത്തകളായി നാം വായിച്ചു. ദുരിതം നിറഞ്ഞ ഈ ലോകത്ത് നിന്ന് ‘രക്ഷപ്പെടാന്‍’ മാര്‍ഗങ്ങള്‍ വിവരിക്കുന്ന ചില നിഗൂഢ സാമൂഹിക മാധ്യമ ഗ്രൂപ്പുകളാണ് കുട്ടികള്‍ മരണം സ്വയം വരിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇതിന് മുമ്പും കുട്ടികളില്‍ ആത്മഹത്യാ പ്രവണത വളര്‍ത്തുന്ന നിരവധി ഇടപെടലുകള്‍ സാമൂഹിക മാധ്യമ ശൃംഖലയില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ബ്ലൂ വെയ്ല്‍ ഗെയിമും മോമോ ഗെയിമും ഏതാനും കൗമാര ജീവനുകള്‍ നഷ്ടപ്പെടുത്തിയതും കേരളീയ കുടുംബാന്തരീക്ഷത്തെ ഞെട്ടിച്ചിരുന്നു. സംസ്ഥാനത്ത് ആയിരത്തിലേറെ വിദ്യാര്‍ഥികളടക്കമുള്ള കൗമാരക്കാരും യുവാക്കളും നിഗൂഢ സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നു. രക്ഷിതാക്കളും അധ്യാപകരും അവ ഗൗരവത്തിലെടുത്ത് പാലിക്കേണ്ടതുണ്ട്.

ഈയടുത്ത് പയ്യോളിയില്‍ നിന്നുള്ള ഒരു കൗമാരക്കാരനെ ചികിത്സിക്കാനിടയായി. ആത്മഹത്യ ചെയ്യുമെന്ന സൂചനകള്‍ ഇയാള്‍ മാതാപിതാക്കള്‍ക്ക് നല്‍കാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ മകനെയും കൊണ്ട് വന്നത്. അദ്ദേഹം ഉപയോഗിക്കന്ന കമ്പ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയും വാള്‍ പേപ്പറുകള്‍ ആത്മഹത്യാ പ്രവണതയുടെ സൂചനകള്‍ നല്‍കുന്നതായിരുന്നു. രക്ഷിതാക്കളോട് സംസാരിച്ചതില്‍ നിന്ന് എനിക്ക് മനസ്സിലായത്, കുടുംബാംഗങ്ങള്‍ക്കിടയില്‍ വൈകാരിക ബന്ധത്തിന്റെ അഭാവമുണ്ടെന്നും അതാണ് മകന്റെ പ്രശ്‌നത്തിന് കാരണമെന്നുമാണ്.

ഇറോസ് (ജീവിക്കാനുള്ള ആഗ്രഹം), താനറ്റോസ് (നശിപ്പിക്കാനുള്ള ആഗ്രഹം) എന്നീ രണ്ട് ജന്മവാസനകള്‍ മനുഷ്യമനസ്സിനുണ്ട്. രണ്ടാമത്തെ മനോനിലയുള്ളവര്‍ എപ്പോഴും നശീകരണത്തിന്റെ മാര്‍ഗങ്ങളാണ് അന്വേഷിക്കുക. മയക്കുമരുന്ന്, ആത്മഹത്യ, അമിത മദ്യപാനം, അക്രമം തുടങ്ങിയ മാര്‍ഗങ്ങളാണ് ഈ മാനസികാവസ്ഥയുള്ളവര്‍ സ്വീകരിക്കുക. ഇന്റര്‍നെറ്റിന്റെ വ്യാപ്തിയും വളര്‍ച്ചയും കാരണം ഓണ്‍ലൈനില്‍ എന്ന പോലെ ഓണ്‍ലൈനിന് പുറത്ത് പെരുമാറുന്നതും വര്‍ധിച്ചിട്ടുണ്ട്. അതായത്, കുറ്റകൃത്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണവും പുതിയ രൂപത്തിലുള്ളതും സാധാരണക്കാരുടെ ചിന്തക്ക് പുറത്തുള്ളതുമായി.

ഇത്തരം മനോനിലയുള്ളവരെ ഇമോഷണലി അണ്‍സ്റ്റേബ്ള്‍ പേഴ്‌സനാലിറ്റി ഡിസോര്‍ഡര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇവര്‍ ഇടക്കിടെ ആത്മഹത്യാ ഭീഷണി മുഴക്കുകയും ആത്മഹത്യാ ശ്രമങ്ങള്‍ നടത്തുകയും ചെയ്യും. വയനാട്ടില്‍ ആത്മഹത്യ ചെയ്ത കൗമാരക്കാരില്‍ ഈ ലക്ഷണങ്ങള്‍ കണ്ടിരുന്നു. ഡിപ്രഷനുണ്ടാക്കുന്ന ആല്‍ബങ്ങള്‍ ഈ കൗമാരക്കാര്‍ താത്പര്യപൂര്‍വം വീക്ഷിക്കുകയും സോഷ്യല്‍മീഡിയകളില്‍ ഷെയറും ചെയ്തിരുന്നു. ആത്മഹത്യാ പ്രവണതയുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റിന്റെ പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയുടെ പങ്ക് ഇന്ന് ചര്‍ച്ചാവിഷയമാണ്. സോഷ്യല്‍ മീഡിയകളിലെ ഇത്തരം ഗ്രൂപ്പുകളിലെ അംഗങ്ങള്‍ മാത്രമല്ല ഇതുപോലെയുള്ള പ്രവണതകള്‍ പ്രകടിപ്പിക്കുന്നത്. മനോവൈകല്യ വ്യക്തിത്വമുള്ളവരായിരിക്കും ഇത്തരം പേജുകളുടെ/ ഗ്രൂപ്പുകളുടെ അഡ്മിനുമാരും.

ഉള്ളുതുറക്കണം അവരോട്
കേരളത്തിലെ പല കുടുംബങ്ങളിലും സാധാരണമായ ഒന്നായിരിക്കുന്നു വൈകാരിക ബന്ധത്തിലുണ്ടാകുന്ന വിള്ളല്‍. ഈ പ്രശ്‌നത്തിലുള്ള ഏക പ്രതിവിധി, അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും ഉള്ളുതുറന്ന് സംസാരിക്കുകയും അവരുമായി ഇടപഴകുകയും നിരീക്ഷിക്കുകയും വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ മുന്നറിയിപ്പ് നല്‍കുകയുമാണ്. വിഷാദരോഗ ലക്ഷണങ്ങള്‍ കാണിക്കുന്ന സമയങ്ങളില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗം രക്ഷിതാക്കള്‍ നിരീക്ഷിക്കണം. കുട്ടികള്‍ കൂടുതല്‍ ഉള്‍വലിഞ്ഞ് ഒറ്റപ്പെടാനുള്ള പ്രവണത പ്രകടിപ്പിക്കുകയും പെട്ടെന്ന് ദേഷ്യപ്പെടുകയുമൊക്കെ ചെയ്താല്‍ രക്ഷിതാക്കള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടണം.

മാനസികമായി അനാരോഗ്യം പ്രകടിപ്പിക്കുന്ന കുട്ടികളെ തിരിച്ചറിയുന്നതില്‍ സ്‌കൂളുകള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. ജീവിതത്തിന്റെ നിരര്‍ഥകത നിരന്തരം പറയുന്ന/ പ്രചരിപ്പിക്കുന്ന അല്ലെങ്കില്‍ അത്തരം പ്രവണതകള്‍ കാണിക്കുന്ന വിദ്യാര്‍ഥികളെ നേരത്തെ തിരിച്ചറിയാനും അപകടകരമായ ഇന്റര്‍നെറ്റ് ശൃംഖലകളില്‍ നിന്ന് അവരെ പുറത്തുകൊണ്ടുവരാനും സാധിക്കുന്ന പരിശീലനം അധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കണം. ആത്മഹത്യാ പ്രവണതകളോട് ചിലര്‍ വല്ലാതെ ആഭിമുഖ്യം കാണിക്കുമെന്നത് യാഥാര്‍ഥ്യമാണ്. പരിഹാര സംവിധാനമായി അധ്യാപകര്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ സാധിക്കുക. ഇത്തരം പ്രവണതകളുള്ള വിദ്യാര്‍ഥികളെ കണ്ടെത്താനും ലക്ഷ്യമിടാനും പരിഹരിക്കാനുമുള്ള മാനസിക, സൈബര്‍ മാര്‍ഗങ്ങളായി അധ്യാപകരെ ഉപയോഗിക്കണം. അതിനാല്‍ ഇക്കാര്യം വിദ്യാഭ്യാസ വകുപ്പ് കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണം.
(കോഴിക്കോട് കെ എം സി ടി മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം പ്രൊഫസറാണ് ലേഖകന്‍)
.