അതിര്‍മരം

കവിത
Posted on: November 28, 2018 7:38 pm | Last updated: November 28, 2018 at 7:38 pm

അതിരിലൊരുമരം
അപ്പുറമിപ്പുറം
വാദകോലാഹലം
ചുവടുറപ്പിന്‍ ചോല
വെയില്‍ തേടിയ ചില്ല
പന്തലിച്ചനുദിനം

ഒറ്റമരക്കാട്
തണല്‍ച്ചിറക്
പൂവിട്ട ഭൂമിക്കുട
പ്രകൃതിതന്‍ ശ്വാസകോശം
കിളിക്കുഞ്ഞിന്‍ കളിക്കൂട്
മരം വരമല്ലോ..

തളിരിലക്കുരുന്നുകള്‍
ഭീതിയില്‍ മുളയ്ക്കവെ
കരിയിലച്ചില്ലകള്‍
മരവിച്ചടരവെ,
മത്സരിച്ചുയരുന്ന
മഴുമൂര്‍ച്ചയില്‍ വീണു
പറക്കമുറ്റാക്കിളി
ക്കൊപ്പമിന്നതിര്‍മരം.
.