Connect with us

Prathivaram

എന്താണ് കവിത?

Published

|

Last Updated

കവിത എങ്ങനെ എഴുതരുത് എന്ന് പല എഴുത്തുകാരും വിശദീകരിക്കുന്നുണ്ട്. പക്ഷേ ഇവരിലധികവും കവികളല്ല. വരികള്‍ മുറിച്ചെഴുതി കവിതയുണ്ടാക്കുന്നവരെ കുറിച്ചൊക്കെ കഥയിലെ ആചാര്യന്‍ ടി പത്മനാഭന്‍ ഓര്‍മപ്പെടുത്താറുണ്ട്. എന്നാല്‍ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ കവികള്‍ ഇതേ കുറിച്ച് അധികമൊന്നും പറയാറുമില്ല. എങ്കിലും മലയാള കവിതകളുടെയും കവികളുടെയും ബാഹുല്യം ഇന്ന് ചര്‍ച്ചാ വിഷയമാണ്.
അപ്പോഴും കവിതയുടെ പുതുവഴിയും നവ ഭാവുകത്വവുമൊക്കെ തനതു വഴിയില്‍ മുന്നേറുന്നുമുണ്ട്. ഈ പാതയില്‍ മലയാളത്തില്‍ ബഹുദൂരം സഞ്ചരിച്ച കവികളില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയയാളാണ് വീരാന്‍ കുട്ടി.
കോഴിക്കോട് മടപ്പള്ളി കോളജിലെ മലയാളം അധ്യാപകനായ വീരാന്‍ കുട്ടി മലയാളത്തിലെ ആധുനികോത്തര കവികളില്‍ പ്രധാനിയാണ്. പ്രത്യയശാസ്ത്ര നാട്യങ്ങളില്ലാതെ പ്രകൃതിയും മണ്ണും ജൈവികതയും ഉള്‍ച്ചേര്‍ന്ന ചെറുതും വലുതുമായ സൃഷ്ടികളാല്‍ കവിതക്ക് നവ ഭാവുകത്വവും ജൈവ രാഷ്ട്രീയവും സമ്മാനിക്കുന്നുണ്ട് അദ്ദേഹം.
ചെറിയ രൂപത്തില്‍ ഗഹനമായ ആശയങ്ങള്‍ക്ക് ഗദ്യശൈലിയില്‍ കവി അക്ഷരാവിഷ്‌കാരം നല്‍കുമ്പോള്‍, താളവും ലയവും പ്രാസവും പോലും അറിയാതെ സംഭവിക്കുന്നതായി വായനക്കാരന് അനുഭവപ്പെടും. അതുതന്നെയാണ് വീരാന്‍ കുട്ടിയെ വേറിട്ടു നിര്‍ത്തുന്നതിന്റെ പ്രധാന ഘടകവും.
എന്താണ് കവിത എന്നതിന് പലര്‍ക്കും പല തരത്തിലാണ് വ്യാഖ്യാനങ്ങള്‍. അക്ഷരം കൊണ്ട് പറയാവുന്ന ലോകത്തെ ഏറ്റവും ലാവണ്യപരമായ അനുഭവത്തിന് കവിതയെന്നും പ്രണയമെന്നും പേരിടാന്‍ വീരാന്‍ കുട്ടിക്ക് യാതൊരു വൈമനസ്യവുമില്ല. അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ കവിതകളില്‍ ഒന്നാണ് “മണ്‍വീര്‍”. അതില്‍ നിന്നുള്ള നാല് വരിയിങ്ങനെ:
“കൊന്നാലും തരില്ല
ഞാനീ മണ്ണിനെ എന്ന്
ഒരിക്കല്‍ വെടിയുണ്ടകള്‍ക്ക്
കൊടുത്ത വാക്ക്
അവള്‍ ഇന്ന് പാലിച്ചേക്കും”
മണ്ണിനെയും പ്രകൃതിയെയും അതിരറ്റ് ചൂഷണം ചെയ്യുന്ന ലാഭക്കൊതിയെന്ന കോര്‍പ്പറേറ്റ് മോഹങ്ങള്‍ക്കെതിരെയുള്ള എഴുത്തുകാരന്റെ പ്രതിരോധത്തെ എത്ര ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ഈ വരികള്‍. ഭൂമിയുടെയും പ്രകൃതിയുടെയും ജൈവിക സംരക്ഷണത്തിന്റെ രാഷ്ട്രീയം കവിതകളില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒരു ചെറിയ കവിതയാണ് “അരുതേ”.
“അരുതേ
എന്നു തൊട്ടാവാടി
കൈ കൂപ്പി
നിശ്ശബ്ദം യാചിച്ചത്
ഈ ഭൂമിക്കു വേണ്ടിയായിരുന്നു എന്ന്
ഓര്‍ത്തിരുന്നുവോ
പിഴുതുകളയമ്പോള്‍”
തീരെ ചെറിയ പ്രവൃത്തികള്‍ മൂലം പ്രകൃതിയെ നമ്മളറിയാതെ എത്രമേല്‍ പരിക്കേല്‍പ്പിക്കുന്നു എന്നതിലേക്കുള്ള സര്‍ഗാത്മകമായ ഒരു ഉണര്‍ത്തലായി മാറുന്നു ഇത്തരം കവിതകള്‍. പ്രണയം കൂടൊഴിയുന്ന വരണ്ട മനസ്സുകളില്‍ പ്രണയത്തിന്റെ ദിവ്യമന്ത്രങ്ങള്‍ കൊണ്ട് ഹര്‍ഷോന്മാദം സൃഷ്ടിച്ചെടുക്കാനും ഈ കവിക്ക് ഏറെയൊന്നും ക്ലേശപ്പെടേണ്ടി വരുന്നില്ല.
ഈയൊരു കാവ്യശൈലിയില്‍ ലാളിത്യവും അസാമാന്യ ഉള്‍ക്കാഴ്ചയും സര്‍ഗാത്മകത കൊണ്ട് അടയാളപ്പെട്ടു കിടക്കുന്ന കവിതയുടെ പുതുവഴിയില്‍ത്തന്നെയാണ് വീരാന്‍ കുട്ടി തന്റെ കാവ്യ സഞ്ചാരത്തെ വേറിട്ടതാക്കുന്നത്. അതു കൊണ്ടായിരിക്കാം വീരാന്‍കുട്ടിക്കവിതകള്‍ക്ക് മലയാളത്തിനും അപ്പുറം ഇംഗ്ലീഷ്, ജര്‍മന്‍, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മറാഠി ഭാഷകളിലേക്കെല്ലാം മൊഴിമാറ്റം സംഭവിക്കുന്നതും.
ജല ഭൂപടം, മാന്ത്രികന്‍, ഓട്ടോഗ്രാഫ്, തൊട്ടു തൊട്ടു നടക്കുമ്പോള്‍, മണ്‍വീറ്, മിണ്ടാപ്രാണി, വീരാന്‍കുട്ടിയുടെ കവിതകള്‍ തുടങ്ങിയ സമാഹാരങ്ങളില്‍ പടര്‍ന്നു കിടക്കുന്ന ചെറുതും വലുതുമായ കാവ്യശകലങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
എന്തല്ല കവിതകള്‍ എന്ന ചര്‍ച്ച എത്ര കൊഴുപ്പിച്ചാലും എന്താണ് കവിതയെന്ന ഉത്തരത്തിന് ലളിതവും സുന്ദരവുമായ ഒരുത്തരം വീരാന്‍ കുട്ടി കവിതകളില്‍ എപ്പോഴും ബാക്കി നില്‍ക്കുന്നു എന്ന് നിസ്സംശയം പറയാം.
.