വാതിലിന് വീട്ടുടമ ചുവന്ന പെയിന്റടിച്ചു; അജ്ഞാതര്‍ കരി ഓയില്‍ ഒഴിച്ചു

Posted on: November 28, 2018 2:39 pm | Last updated: November 28, 2018 at 2:48 pm

വണ്ടൂര്‍: ലൈഫ് ഭവന പദ്ധതിയില്‍ വീട് ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് വാതിലില്‍ ചുവന്ന പെയിന്റടിച്ച വീടിന് നേരെ ആക്രമണം. മലപ്പുറം മമ്പാട് പഞ്ചായത്തിലാണ് സംഭവം.

നടുവക്കാട് കരിന്താറില്‍ താമസിക്കുന്ന കോയങ്ങോടന്‍ റസിയ ബഷീര്‍ ദമ്പതികളുടെ വീടിന് നേരെയാണ് അജ്ഞാതര്‍ കരി ഓയില്‍ പ്രയോഗം നടത്തിയത്. വര്‍ഷങ്ങളായി വീടിന് വേണ്ടി കാത്തിരുന്ന ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതി പ്രകാരമാണ് വീട് ലഭിച്ചത്. ഇതില്‍ സന്തോഷം പ്രകടിപ്പിച്ച് എസ് ടി യു പ്രവര്‍ത്തകന്‍ കൂടിയായ ബഷീര്‍ വീടിന്റെ വാതിലില്‍ ചുവപ്പ് പെയിന്റ് അടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇതിനിടയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ചുവന്ന പെയിന്റ് അടിച്ച ഭാഗത്ത് അജ്ഞാതര്‍ കരി ഓയില്‍ ഒഴിച്ചത്. സംഭവത്തില്‍ കുടുംബം നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് സി പി എമ്മും രംഗത്തെത്തിയിട്ടുണ്ട്.

വീഡിയോ ദൃശ്യങ്ങള്‍