Connect with us

Kerala

കെ കൃഷ്ണന്‍ കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Published

|

Last Updated

തിരുവനന്തപുരം: ജനതാദള്‍- എസ് നേതാവും ചിറ്റൂര്‍ എംഎല്‍എയുമായ കെ കൃഷ്ണന്‍ കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, പാര്‍ട്ടി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

ജനതാദള്‍- എസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ജല വിഭവ മന്ത്രി മാത്യു ടി തോമസ് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതിന് പകരമായാണ് കെ കൃഷ്ണന്‍ കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.  ജനതാദള്‍ എസ് കേന്ദ്രനേതൃത്വ തീരുമാനപ്രകാരം കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ദേശീയ അധ്യക്ഷന്‍ ദേവഗൗഡ നല്‍കിയ കത്ത് മുഖ്യമന്ത്രി പിണറായി വിജയന് സി കെ നാണു എം എല്‍ എ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.

പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണെങ്കിലും പ്രത്യക്ഷമായ കാരണങ്ങളൊന്നുമില്ലാതെ മന്ത്രിയെ രാജിവെപ്പിച്ച് മറ്റൊരു അംഗത്തെ മന്ത്രിയാക്കാനുള്ള നേതൃത്വത്തിന്റെ നടപടി സംസ്ഥാന തലത്തില്‍ വന്‍ തോതില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പരസ്യകലാപത്തിനില്ലെന്ന് മാത്യു ടി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജനതാദള്‍ പ്രതിനിധിയായി രണ്ട് തവണ മന്ത്രിയായ മാത്യു ടി തോമസ് രണ്ട് തവണയും കാലാവധി പൂര്‍ത്തിയാകാതെയാണ് പടിയിറങ്ങിയത്.