വാട്‌സാപ്പ് ചീഫ് ബിസിനസ് ഓഫീസര്‍ നീരജ് അറോറ രാജിവെച്ചു

Posted on: November 27, 2018 3:41 pm | Last updated: November 27, 2018 at 7:13 pm

ന്യൂയോര്‍ക്ക്: വാട്‌സാപ്പ് ചീഫ് ബിസിനസ് ഓഫീസര്‍ നീരജ് അറോറ രാജിവെച്ചു. ഫേസ് ബുക്കില്‍ നിന്നും അനുബന്ധ കമ്പനികളില്‍ നിന്നും വിട്ടുപോന്ന ചില ഉയര്‍ന്ന എക്‌സിക്യൂട്ടീവുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് നീരജിന്റെ തീരുമാനം.

ഡല്‍ഹി ഐ ഐ ടിയിലെ പൂര്‍വ വിദ്യാര്‍ഥിയും വാട്‌സാപ്പ് കമ്പനിയിലെ നാലാമനുമാണ് അറോറ. വാട്‌സാപ്പ് സി ഇ ഒ ആയി അദ്ദേഹത്തെ നിയമിക്കുമെന്ന് നടപ്പു വര്‍ഷത്തിന്റെ തുടക്കത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ക്രിസ് ഡാനിയല്‍സാണ് ആ പദവിയിലെത്തിയത്.

2011 മുതല്‍ വാട്‌സാപ്പിന്റെ ഭാഗമായി ഉണ്ടായിരുന്ന അറോറ 2014ല്‍ കമ്പനി ഫേസ് ബുക്ക് ഏറ്റെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. വാട്‌സാപ്പ് സഹ സ്ഥാപകന്‍ ജാന്‍ കോം കമ്പനി വിട്ട് ഏഴു മാസത്തിനു ശേഷമാണ് അറോറയുടെ വേര്‍പിരിയല്‍. ‘ജാന്‍ കോമും ബ്രിയാന്‍ ആക്ടണും എന്നെ വാട്‌സാപ്പ് കമ്പനിയുടെ ഭാഗമാക്കിയിട്ട് ഏഴു വര്‍ഷം പിന്നിട്ടുവെന്നത് വിശ്വസിക്കാനാകുന്നില്ല. പോകാന്‍ സമയമായിരിക്കുന്നു’-ഫേസ് ബുക്ക് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുമായി ബന്ധപ്പെടുന്നതിന് വാട്‌സാപ്പ് അനുവര്‍ത്തിക്കുന്ന വിവിധ രീതികളോട് വിയോജിപ്പുണ്ടെങ്കിലും വരും വര്‍ഷങ്ങളിലും ലളിതവും സുരക്ഷിതവും വിശ്വസനീയവുമായ കമ്പനിയായി വാട്‌സാപ്പ് തുടരുമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്നും അറോറ കൂട്ടിച്ചേര്‍ത്തു. ഉപയോക്താക്കള്‍ തെറ്റായ വിവരങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വാട്‌സാപ്പിനെ പിടിച്ചുലക്കുന്ന സമയത്താണ് അറോറയുടെ വേര്‍പിരിയല്‍.