വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ അനുവാദമില്ലാതെ അശ്ലീല ഗ്രൂപ്പില്‍ ചേര്‍ത്തു; യുവാവ് അറസ്റ്റില്‍

Posted on: November 27, 2018 1:57 pm | Last updated: November 27, 2018 at 4:27 pm

മുംബൈ: തന്റെ സമ്മതമില്ലാതെ മൊബൈല്‍ നമ്പര്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തെന്ന വീട്ടമ്മയുടെ പരാതിയില്‍ ഗ്രൂപ്പ് അഡ്മിനെ പോലീസ് അറസ്റ്റു ചെയ്തു. പശ്ചിമ ബംഗാളില്‍ ആശാരിയായി ജോലി ചെയ്യുന്ന 24കാരനാണ് അറസ്റ്റിലായത്. സ്ത്രീയുടെ ചാരിത്ര്യം കളങ്കപ്പെടുത്തുന്നതിനെതിരായ ഐ പി സി വകുപ്പുകള്‍, ഐ ടി ആക്ടിന്റെ 67, 67 എ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മതുംഗ പോലീസ് പറഞ്ഞു.

സൗഹൃദ ഗ്രൂപ്പാണെന്നാണ് ആദ്യം കരുതിയതെങ്കിലും അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രവഹിക്കുന്നതു കണ്ടതോടെയാണ് വീട്ടമ്മ പരാതി നല്‍കിയതെന്ന് കേസന്വേഷണത്തിനു നേതൃത്വം നല്‍കുന്ന പോലീസ് ഓഫീസര്‍ മാരുതി ഷെയ്ഖ് വെളിപ്പെടുത്തി.
പരാതിക്കാരിയുടെ നമ്പര്‍ അബദ്ധത്തിലാണ് ഗ്രൂപ്പില്‍ ചേര്‍ത്തതെന്ന് പ്രതി പറഞ്ഞു. ബന്ധുവിന്റെ നമ്പറാണെന്നാണ് കരുതിയത്. തന്റെ സുഹൃത്ത് ആരംഭിച്ച ഗ്രൂപ്പില്‍ വനിതാ അംഗങ്ങള്‍ ആരും തന്നെയില്ല. ആരെയും അപമാനിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും പ്രതി പോലീസിനോടു വ്യക്തമാക്കി.

പ്രതിയുടെ ഫോണ്‍ കണ്ടെടുത്ത പോലീസ് അത് ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. 2000ത്തിലെ ഐ ടി ആക്ട് പ്രകാരം പ്രതിക്ക് അഞ്ചു വര്‍ഷം വരെ തടവു ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ ഏഴു വര്‍ഷത്തെ തടവിനും 10 ലക്ഷം രൂപ പിഴക്കും ശിക്ഷിക്കപ്പെടും.