കെഎം ഷാജിയുടെ ഹരജി നാളെ സുപ്രീം കോടതി പരിഗണിക്കും

Posted on: November 26, 2018 6:37 pm | Last updated: November 26, 2018 at 10:05 pm

തിരുവനന്തപുരം: അഴീക്കോട്ടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജി സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍, എം ആര്‍ ഷാ എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബഞ്ച് ആണ് ഹര്‍ജി പരിഗണിക്കുക. ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ഷാജിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെടും.

നേരത്തെ, കെഎം ഷാജി നിയമസഭാഗം അല്ലാതായെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചിരുന്നു. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരായ സ്‌റ്റേ അവസാനിച്ചതിനാലും സുപ്രീം കോടതി സ്‌റ്റേ നീട്ടാത്തതിനാലും ഷാജി നിയമസഭാംഗമല്ലാതായെന്നാണ് അറിയിപ്പില്‍ പറയുന്നത്.
ഇതോടെ നാളെ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഷാജിക്ക് പങ്കെടുക്കാനാകില്ല.

ലഘുലേഖകളിലൂടെ വര്‍ഗീയത പ്രചരിപ്പിച്ചുവെന്നും എതിര്‍ സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തിയെന്നുമുള്ള കേസിലാണ് കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി പ്രഖ്യാപിച്ചത്. തുടര്‍ന്ന് അപ്പീല്‍ നല്‍കാന്‍ സമയം നല്‍കുന്നതിന്റെ ഭാഗമായി ഉത്തരവ് നടപ്പാക്കുന്നത് വിധി പുറപ്പെടുവിച്ച അതേ ബെഞ്ച് രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്യുകയായിരുന്നു.