‘സുലൈമാന്‍ സേട്ട്: ഒരിന്ത്യന്‍ വീരഗാഥ’ പ്രകാശനം ചെയ്തു

Posted on: November 26, 2018 3:39 pm | Last updated: November 26, 2018 at 3:39 pm

ജിദ്ദ: മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹസന്‍ ചെറൂപ്പ രചിച്ച സുലൈമാന്‍ സേട്ട്: ഒരിന്ത്യന്‍ വീരഗാഥ എന്ന പുസ്തകത്തിന്റെ ഗള്‍ഫ്തല പ്രകാശനം പ്രൗഡോജ്വലമായ ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങല്‍ മുഹമ്മദിന് നല്‍കി നിര്‍വ്വഹിച്ചു. സീസണ്‍സ് റസ്‌റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ജിദ്ദയിലെ പ്രവാസി സമൂഹത്തിലെ വിവിധ സംഘടനാ പ്രതിനിധികളും സൗദി പ്രമുഖരുമുള്‍പ്പെടെ നിരവധി പേര്‍ സന്നിഹിതരായിരുന്നു.

ഇന്ത്യന്‍ മുസ്ലിംകളുടെ മെഹ്ബൂബെ മില്ലത്തായ ഇബ്രാഹീം സൂലൈമാന്‍ സേട്ട് എന്ന ഇതിഹാസ നായകനെ നേരില്‍ കാണാന്‍ സൗഭാഗ്യമുണ്ടായിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് മനസ്സിലാക്കാന്‍ സാധിച്ചിരുന്നതായി കോണ്‍സല്‍ ജനറല്‍ പ്രസ്താവിച്ചു. ഇന്ത്യ മതേതരതവും നാനാത്വത്തിലെ ഏകത്വവും ഉയര്‍ത്തിപിടിക്കുന്ന രാജ്യമാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ മുസ്ലിംകളുടെ അജയ്യനായ നേതാവായിരുന്നു സുലൈമാന്‍ സേട്ടെന്ന് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച പ്രമുഖ സൗദി മാധ്യമ പ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മഈന പ്രസ്താവിച്ചു.

ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ വി.പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം, സൗദി ഗസറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ റാം നാരായണ്‍ അയ്യര്‍, അറബ് ന്യൂസ് മാനേജിംഗ് എഡിറ്റര്‍ സിറാജ് വഹാബ്, ഒ.ഐ.സി യുനൈറ്റഡ് ന്യൂസ് ഏജന്‍സീസ് എഡിറ്റര്‍ ഹസിം അബ്ദു, ആലുങ്ങല്‍ മുഹമ്മദ്, ടി.എ.എം. റഊഫ്, സലാഹ് കാരാടന്‍ എന്നിവര്‍ സംസാരിച്ചു. റഹീം പട്ടര്‍ക്കടവിന് കോപ്പി നല്‍കി ഹസന്‍ സിദ്ധീഖ് ബാബു പുസ്തക വില്‍പ്പനോദ്ഘാടനം നിര്‍വഹിച്ചു. ഫിറ്റ് ജിദ്ദ നിര്‍മിച്ച് സാദിഖലി തുവ്വൂരിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ‘ലെഗസി ഓഫ് എ ലെജന്ഡറി ലീഡര്‍’ എന്ന ഡോക്യുമെന്ററി ശ്രദ്ധേയമായി.