Connect with us

Editorial

ലോയയുടെ മരണവും പുതിയ വെളിപ്പെടുത്തലും

Published

|

Last Updated

സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ വാദം കേട്ടിരുന്ന സി ബി ഐ ജഡ്ജി ബി എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് നാഗ്പൂരിലെ അഭിഭാഷകനായ സതീഷ് ഉകെ സമര്‍പ്പിച്ച ഹരജിയിലെ വിവരങ്ങള്‍ അതീവ ഗൗരവതരമാണ്. ലോയയെ ആണവ വിഷം കടത്തി കൊല്ലുകയായിരുന്നുവെന്നാണ് ബോംബെ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബഞ്ചില്‍ രണ്ട് ദിവസം മുമ്പ് സമര്‍പ്പിച്ച ഹരജിയില്‍ അദ്ദേഹം ആരോപിക്കുന്നത്. ഇതിന് പിന്‍ബലമേകുന്ന ചില രേഖകളും കൂടെ അദ്ദേഹം ഹാജരാക്കിയിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളടങ്ങിയ രേഖകള്‍ ഉദ്യോഗസ്ഥന്മാര്‍ നശിപ്പിക്കുകയായിരുന്നുവെന്നും മറ്റു ചില മാര്‍ഗങ്ങളിലൂടെയാണ് താന്‍ തെളിവുകള്‍ ശേഖരിച്ചതെന്നും ഹരജിയില്‍ സതീഷ് വ്യക്തമാക്കുകയുണ്ടായി. 2015 മാര്‍ച്ചില്‍ അമിത് ഷാ നാഗ്പൂരിലെത്തിയപ്പോള്‍, അന്നത്തെ ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാന്‍ രത്തന്‍ കുമാര്‍ സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തിയത് അഡ്വ.സതീഷ് ഉന്നയിച്ച സംശയങ്ങളെ ബലപ്പെടുത്തുകയും ചെയ്യുന്നു.
സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ പ്രതിയായിരുന്ന ബി ജെ പി ദേശീയ അധ്യക്ഷന്‍ കോടതിയില്‍ ഹജരാകാറില്ലായിരുന്നു. കേസില്‍ വാദം കേള്‍ക്കവെ 2014 ജൂണില്‍ ജസ്റ്റിസ് ബി എച്ച് ലോയ അമിത്ഷായുടെ ഈ നടപടിയെ വിമര്‍ശിക്കുകയും 2014 ഡിസംബര്‍ 15 ന് അമിത് ഷാ നിര്‍ബന്ധമായും കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഡിസംബര്‍ ഒന്നിനാണ് ബി എച്ച് ലോയയെ നാഗ്പൂരിലെ വി ഐ പി ഗസ്റ്റ് ഹൗസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാഗ്പൂരില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ സഹപ്രവര്‍ത്തകരായ ചില ജഡ്ജിമാര്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ച് കൂടെ കൂട്ടുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അവിടെ രവിഭവന്‍ എന്ന സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ താമസിക്കവെ രാത്രി ഹൃദയാഘാതം മൂലം ജഡ്ജ് ലോയ മരിച്ചുവെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് പിറ്റേന്ന് ലഭിക്കുന്നത്.

മഹാരാഷ്ട്ര സര്‍ക്കാറിനു വേണ്ടി സ്റ്റേറ്റ് ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് കമ്മീഷണര്‍ സഞ്ജയ് ബാര്‍വെ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മരണകാരണമായി കാണിച്ചതും ഹൃദയാഘാതമാണ്. എന്നാല്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച എയിംസ് ആശുപത്രി ഫോറന്‍സിക് വിഭാഗം മുന്‍ മേധാവി ആര്‍ കെ ശര്‍മ പറയുന്നത് ജഡ്ജ്് ലോയക്ക് ഹൃദയാഘാതം ഉണ്ടായതിന്റെ ലക്ഷണങ്ങള്‍ അതില്‍ കാണുന്നില്ലെന്നാണ്. തലച്ചോറിനേറ്റ ആഘാതമോ വിഷം ഉള്ളില്‍ ചെന്നത് മൂലമോ ആകാം മരണമെന്നും ഡോ. ശര്‍മയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ആന്തരികാവയവങ്ങളുടെ രാസപരിശോധനക്കയച്ച മാതൃകകള്‍ക്കൊപ്പം ഉള്ള റിപ്പോര്‍ട്ട്, രാസപരിശോധനയുടെ ഫലം എന്നിവ പരിശോധിച്ച ശേഷമാണ് അദ്ദേഹം ഈ നിഗമനത്തിലെത്തിയത്. മരണ സമയത്ത് ധരിച്ച വസ്ത്രത്തില്‍ രക്തമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. എയിംസ് കാര്‍ഡിയോളജി വിഭാഗം പ്രൊഫസറും ഹൃദയാഘാതം മൂലമാണ് മരണമെന്ന വാദം തള്ളിയിട്ടുണ്ട്. ജസ്റ്റിസ് ലോയയുടെ നാഡീവ്യൂഹത്തില്‍ ശസ്ത്രക്രിയ ചെയ്തതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുമുണ്ട്. ഹൃദയാഘാതത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു വ്യക്തിക്ക് എന്തിന് നാഡീവ്യൂഹത്തില്‍ ശസ്ത്രക്രിയ ചെയ്തുവെന്ന ചോദ്യവും ഇതിനു പിന്നാലെ ഉയര്‍ന്നു വന്നു. ഹൃദയാഘാതമുണ്ടായതായി കാണിക്കുന്ന ഇന്റലിജന്‍സിന്റെ രേഖകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ് ചില മാധ്യമങ്ങളുടെ കണ്ടെത്തല്‍.

മരണ കാരണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു നേരത്തെ പലരും സുപ്രീം കോടതിയില്‍ ഹരജികള്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും കോടതി തള്ളുകയാണുണ്ടായത്. ആദ്യം ജസ്റ്റിസ് ശ്രീകാന്ത് കുല്‍കര്‍ണി, ജസ്റ്റിസ് ബാര്‍ഡെ, ജസ്റ്റിസ് മോഡക്, ജസ്റ്റിസ് ആര്‍ രതി എന്നിവര്‍ നയിക്കുന്ന ബഞ്ചിലാണ് ഹരജി എത്തിയത്. മരണത്തില്‍ ദുരൂഹതയില്ലെന്നും സ്വാഭാവിക മരണമാണെന്നുമായിരുന്നു ഏപ്രില്‍ 19ന് ഇവര്‍ നടത്തിയ വിധിപ്രസ്താവം. ഈ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു പിന്നീട് ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍, ഹരജി ഗൂഢാലോചന നിറഞ്ഞതും സ്ഥാപിത താത്പര്യങ്ങളുടെ പുറത്തുള്ളതും ജുഡീഷ്യറിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതുമാണെന്നു കുറ്റപ്പെടുത്തി ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, എ എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബഞ്ച് അത് നിരാകരിക്കുയാണുണ്ടായത്.
സുഹ്‌റാബുദ്ദീന്‍ കേസില്‍ ജസ്റ്റിസ് ലോയയെ സ്വാധീനിക്കാന്‍ ഉന്നതങ്ങളില്‍ നിന്ന് ഇടപെടലുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തല്‍, ലോയ മരിച്ച ദിവസം താമസിച്ചതായി പറയപ്പെടുന്ന നാഗ്പൂരിലെ ഗസ്റ്റ് ഹൗസ് രജിസ്റ്ററില്‍ നടന്ന കൃത്രിമം, ലോയ കൊല്ലപ്പെടുകയായിരുന്നുവെന്നു തറപ്പിച്ചു പറഞ്ഞ അദ്ദേഹത്തിന്റെ സുഹൃത്ത് ജഡ്ജ് പ്രകാശ് തോംബരെ, അഭിഭാഷകന്‍ ശ്രീകാന്ത് ഖണ്ഡാല്‍കര്‍ എന്നിവരുടെ ദുരൂഹ മരണങ്ങള്‍ തുടങ്ങി ലോയയുടെ മരണത്തില്‍ അസാധാരണത്വം നിറഞ്ഞ നിരവധി സംഭവങ്ങളുണ്ടായിട്ടും പുനരന്വേഷണത്തിന് അനുമതി നിഷേധിച്ച കോടതി നടപടി നിയമവൃത്തങ്ങളില്‍ അമ്പരപ്പുളവാക്കിയതാണ്. ഇതോടൊപ്പം അഭിഭാഷകന്‍ പുതുതായി സമര്‍പ്പിച്ച ഹരജിയിലെ വിവരങ്ങള്‍ വെച്ചു നോക്കുമ്പോള്‍ ഇക്കാര്യത്തില്‍ കോടതി ഒരു പുനര്‍വിചിന്തനത്തിന് തയ്യാറാകേണ്ടതുണ്ട്. “കേസുകളുടെ വിചാരണവേളയില്‍ വെറും അമ്പയര്‍മാരായി ഇരിക്കുകയല്ല, സത്യം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ന്യായാധിപന്മാരുടെ ബാധ്യത”യെന്ന ഇറാസ്‌മോ ജാക്ക് കേസിലെ സുപ്രീം കോടതി പ്രഖ്യാപനം ഇവിടെ പ്രസക്തമാണ്.

Latest