Connect with us

Kerala

പ്രകീര്‍ത്തന രാവിന്റെ ചാരുതയില്‍ അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് പ്രൗഢസമാപനം

Published

|

Last Updated

കോഴിക്കോട്: പ്രാവാചക പ്രകീര്‍ത്തനം പെയ്തിറങ്ങിയ രാവില്‍ പതിനായിരക്കണക്കിന് വിശ്വാസികളുടെ സംഗമമായി മാറിയ മര്‍കസ് അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് പ്രൗഡ സമാപ്തി. വിവിധ രാഷ്ട്രങ്ങളില്‍ നിന്നെത്തിയ പ്രമുഖരായ പണ്ഡിതരുടെയും പ്രവാചക പ്രകീര്‍ത്തന സംഘങ്ങളുടെയും അവതരണങ്ങള്‍ പുതുമയാര്‍ന്ന അനുഭവമായി. മര്‍കസിന്റെ നേതൃത്വത്തില്‍ രാജ്യത്തെ 21 സംസ്ഥാനങ്ങളില്‍ നടന്ന മീലാദ് ആഘോഷങ്ങളുടെ സമാപ്തി കുറിച്ചാണ് അന്താരാഷ്ട്ര മീലാദ് സമ്മേളനം സംഘടിപ്പിച്ചത്.

കിര്‍ഗിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും ഇന്റര്‍നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലറുമായ കുംബാനിചെബിക് സുമാലിവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബഹുസ്വരതക്കും ജനാധിപത്യത്തിനും പ്രശസ്തമാണ് ഇന്ത്യയെന്നും വിവിധ മതവിശ്വാസികള്‍ക്ക് പരസ്പര്യത്തോടെ ജീവിക്കാന്‍ സാധിക്കുന്ന ഇന്ത്യന്‍ സാഹചര്യം ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് സൃഷിടിക്കുന്ന രാഷ്ട്രതിരുകള്‍ ഭേദിച്ചുള്ള ജ്ഞാനവിപ്ലവം വിവിധ രഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണത്തിനും അക്കാദമികമായ വലിയ വികാസത്തിനും കാരണമാകുന്നു എന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നബിസ്‌നേഹ പ്രഭാഷണം നടത്തി.

അറബ് ലോകത്തെ പ്രമുഖ ഗായകരായ ഒമാനിലെ സംഘം പ്രവാചക പ്രകീര്‍ത്തനം അവതരിപിപ്പിച്ചത് ശ്രദ്ധേയമായി. ആധുനികരും പൗരാണികരുമായ അറബ് കവികള്‍ രചിച്ച നബി കീര്‍ത്തനങ്ങളാണ് ഇവര്‍ ആലാപിച്ചത്. അല്‍ മൗലിദുല്‍ അക്ബര്‍ എന്ന പേരില്‍ നടന്ന മുഹമ്മദ് നബിയുടെ ജനനവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ കാവ്യഗദ്യവിഷ്‌കാര പാരായണത്തിന് പ്രമുഖ സയ്യിദുമാരും പണ്ഡിതരും നേതൃത്വം നല്‍കി. ഗുജറാത്തില്‍ നിന്നെത്തിയ യുവ ഖവാലി ആലാപകര്‍ ഈണം പകര്‍ന്നു.

മര്‍കസിനു കീഴിലെ പ്രധാന അക്കാദമിക പഠന കേന്ദ്രമായ പൂനൂര്‍ മദീനത്തുന്നൂര്‍ കോളേജ് ഓഫ് ഇസ്‌ലാമിക് സയന്‍സിന്റെ ബിരുദദാനം ചടങ്ങില്‍ നടന്നു. സപ്ത വത്സര കോഴ്‌സ് പൂര്‍ത്തിയാക്കി വിവിധ ദേശീയഅന്തര്‍ദേശീയ യൂണിവേഴ്‌സിറ്റികളില്‍ പി.എച്ച്.ഡി ചെയ്യുകയും വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന 61 പണ്ഡിതര്‍ക്ക് ബിരുദം സമ്മാനിച്ചു.

വൈകുന്നേരം 4.30 ന് ആരംഭിച്ച സമ്മേളനത്തില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ പതാക ഉയര്‍ത്തി. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി മീലാദ് സമ്മേളന സന്ദേശം അവതരിപ്പിച്ചു. കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാര്‍, വയനാട് ഹസ്സന്‍ മുസ്‌ലിയാര്‍, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, പൊന്മള മുഹിയുദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍, സയ്യിദ് സ്വാലിഹ് ജിഫ്‌രി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എന്‍ അലി അബ്ദുല്ല, വണ്ടൂര്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, മജീദ് കക്കാട് , ഡോ മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, ഡോ. അബ്ദുസ്സലാം എന്നിവര്‍ സംബന്ധിച്ചു.

Latest