ഗുജറാത്ത് പരീക്ഷാ അപേക്ഷയിലെ മുസ്‌ലിം

Posted on: November 25, 2018 8:45 am | Last updated: November 25, 2018 at 10:28 am

രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ തകര്‍ത്തെറിയുന്നതിന്റെ വാര്‍ത്തകള്‍ ദിനം പ്രതി വന്നു കൊണ്ടിരിക്കുകയാണ്. എല്ലാ മതങ്ങളോടും ഭരണകൂടം തുല്യ സമീപനം പുലര്‍ത്തുമെന്നതാണ് മതേതരത്വത്തിന്റെ കാതല്‍. മതങ്ങള്‍ക്ക് പൊതു സമൂഹത്തിലിടമുണ്ടെന്നും അവ ഗോപ്യമായി വെക്കേണ്ടതല്ലെന്നും പ്രഖ്യാപിക്കുന്നുവെന്നതാണ് ഇന്ത്യന്‍ മതേതര സങ്കല്‍പ്പത്തിന്റെ സവിശേഷത. പാശ്ചാത്യ മതേതര കാഴ്ചപ്പാടില്‍ നിന്ന് വ്യത്യസ്തമാണത്. മതങ്ങളുടെ അസ്തിത്വത്തെ അംഗീകരിക്കുമ്പോള്‍ തന്നെ രാഷ്ട്രം ഏതെങ്കിലും മതത്തോട് വിധേയത്വമോ വിദ്വേഷമോ വിവേചനമോ പുലര്‍ത്തരുതെന്നാണ് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നത്. മതസ്വാതന്ത്ര്യം മൗലികാവകാശമായി പ്രഖ്യാപിക്കുന്നുണ്ട് നമ്മുടെ ഭരണഘടന. ഈ പ്രാഥമിക പാഠങ്ങള്‍ ഭരിക്കുന്നവര്‍ക്കും പൗരന്‍മാര്‍ക്കുമെല്ലാം സാമാന്യേന അറിവുള്ള കാര്യമാണ്. പക്ഷേ, ഇത് ഇടക്കിടക്ക് ഓര്‍മിപ്പിക്കുകയെന്നത് വലിയ രാഷ്ട്രീയ പ്രവര്‍ത്തനമായി മാറേണ്ട കാലമാണ് മുന്നിലുള്ളത്. ഇക്കാര്യം ഒരിക്കല്‍ കൂടി വിളിച്ചോതുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം ഗുജറാത്തില്‍ നിന്ന് പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്ത് സര്‍ക്കാറിന് കീഴിയിലുള്ള സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡിന്റെ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളില്‍ മുസ്‌ലിംകള്‍ മാത്രം മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുകയാണ് അധികൃതര്‍. പരീക്ഷക്കായി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ഫോറത്തില്‍ ന്യൂനപക്ഷ വിഭാഗമാണോയെന്ന് രേഖപ്പെടുത്തേണ്ടിടത്താണ് മുസ്‌ലിം വിദ്യാര്‍ഥികള്‍ മതം രേഖപ്പെടുത്തേണ്ടത്. മറ്റു സമുദായക്കാര്‍ മതം രേഖപ്പെടുത്തേണ്ടതില്ല.

ഓണ്‍ലൈനായി പൂരിപ്പിക്കേണ്ട അപേക്ഷാ ഫോറത്തിലെ ന്യൂനപക്ഷ വിഭാഗമോ എന്ന ചോദ്യത്തിന് ‘അതേ’ എന്ന് ഉത്തരം നല്‍കുന്ന വിദ്യാര്‍ഥികള്‍ക്ക് വീണ്ടും രണ്ട് ഓപ്ഷനുകള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. ‘മുസ്‌ലിം’ എന്നും മറ്റുള്ളവര്‍ എന്നും. സംസ്ഥാനത്ത് മുസ്‌ലിംകള്‍ക്ക് പുറമെ ക്രിസ്ത്യന്‍, സിഖ്്, ബുദ്ധ, ജൈന വിഭാഗങ്ങള്‍ ന്യൂനപക്ഷ പട്ടികയില്‍ ഉണ്ടായിരിക്കെയാണ് മുസ്‌ലിംകള്‍ മാത്രം മതം രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഏകദേശം 17.5 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നുണ്ട്. എല്ലാ വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ ഫോറം പൂരിപ്പിക്കേണ്ടത് നിര്‍ബന്ധവുമാണ്. പല വിദ്യാര്‍ഥികള്‍ക്കും വീട്ടില്‍ കമ്പ്യൂട്ടര്‍ സംവിധാനമില്ലാത്തതിനാല്‍ സ്‌കൂളുകളില്‍ നിന്നാണ് ഈ അപേക്ഷ പൂരിപ്പിച്ച് നല്‍കുന്നത്. ഈ പ്രവൃത്തിയില്‍ ഏര്‍പ്പെട്ട ചില അധ്യാപകരാണ് മുമ്പൊന്നുമില്ലാത്ത ഈ പരിഷ്‌കരണം മാധ്യമശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. എന്താണ് ഈ നീക്കത്തിന്റെ സാംഗത്യമെന്ന് വ്യക്തമാകുന്നില്ലെന്നാണ് മിക്ക പ്രന്‍സിപ്പല്‍മാരും വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ചൂണ്ടിക്കാട്ടുന്നത്. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് മാത്രമെന്താണ് പ്രശ്‌നം? എന്തിനാണ് പ്രത്യേകം ഈ കണക്കെടുക്കുന്നത്? ഇതില്‍ ചോദ്യങ്ങളുടെ ആവശ്യമില്ലെന്നും സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്നും ആരും പരാതിപ്പെട്ടിട്ടില്ലെന്നുമാണ് ഗുജറാത്ത് സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങള്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള നിര്‍ദേശം നല്‍കുന്നത് നല്ല സൂചനയല്ലെന്ന് ന്യൂനപക്ഷ മാനേജ്‌മെന്റുകള്‍ക്ക് കീഴിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ പറഞ്ഞു. ഇത് ഞെട്ടിക്കുന്നതാണെന്ന് പ്രിന്‍സപ്പല്‍മാരിലൊരാളായ സീമ നേര്‍മതി പറഞ്ഞു. നേരത്തെയും ഗുജറാത്ത് സര്‍ക്കാര്‍ മുസ്‌ലിംകള്‍ക്കെതിരെ ഇത്തരം നീക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സീമ പറയുന്നു.

പരീക്ഷാ ഫോറത്തില്‍ മുസ്‌ലിംകള്‍ മാത്രം മതം രേഖപ്പെടുത്തണമെന്നത് തങ്ങളെ ഭയപ്പെടുത്തുന്നുണ്ടെന്ന് വിദ്യാര്‍ഥികളും മാധ്യമങ്ങളോട് പറഞ്ഞു. വിഷയം ഭരണഘടനാവിരുദ്ധമാണെന്ന് പ്രമുഖ ദളിത് ആക്ടിവിസ്റ്റും എം എല്‍ എയുമായ ജിഗ്‌നേഷ് മേവാനി പ്രതികരിച്ചു. മതത്തിന്റെ പേരിലുള്ള വിവേചനം ഭരണഘടന അനുവദിക്കുന്നില്ല. പുതിയ നീക്കം സംശയമുയര്‍ത്തുന്നുണ്ട്. വിവേചനപരമായ ഡാറ്റ ശേഖരിക്കുന്നത് നല്ലതിനാണെന്ന് വിശ്വസിക്കാനാവില്ല. യുവ മനസ്സുകളില്‍ ഇത്തരം വിഭാഗീയ ചിന്തകള്‍ വളര്‍ത്തുന്നത് വെറുപ്പുളവാക്കുന്നതാണെന്നും മേവാനി കൂട്ടിച്ചേര്‍ക്കുന്നു. ഐ ഐ എം അഹമ്മദാബാദിലെ പ്രൊഫ. നവ്ദീപ് മാഥൂറും ഇതേ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനാവിരുദ്ധമായ ഈ നീക്കം മുസ്‌ലിം വിദ്യാര്‍ഥികളില്‍ അപകര്‍ഷതയും സംശയവും കുത്തിവെക്കാനേ ഉപകരിക്കൂ. അല്ലെങ്കില്‍ എന്താണ് ആവശ്യമെന്ന് വ്യക്തമാക്കണം. അതില്ലാത്തിടത്തോളം കാലം സച്ചാര്‍ കമ്മീഷന്‍ ചൂണ്ടിക്കാണിച്ച വിവേചനത്തിന്റെ മറ്റൊരു രൂപമായി മാത്രമേ ഇതിനെ കാണാനാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
അനുഭവങ്ങള്‍ ചിലപ്പോള്‍ മനുഷ്യരെ ഭയചകിതരുമാക്കുമെന്ന് വിദ്യാഭ്യാസ ബോര്‍ഡിന്റെ ഈ നീക്കത്തോട് അഹമ്മദാബാദിലെ വ്യാപാരികള്‍ പ്രതികരിച്ചതില്‍ നിന്ന് വ്യക്തമാകും. ഗുജറാത്ത് വംശഹത്യക്ക് മുമ്പായി മുസ്‌ലിം വ്യാപരികളെ പ്രത്യേകം കണ്ടെത്തിവെക്കാന്‍ സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് അവര്‍ ഭീതിയോടെ പറയുന്നത്. ഇത്തരം സംശയങ്ങളുണ്ടാക്കുന്ന നീക്കങ്ങള്‍ എന്തിനാണ് അധികാരികള്‍ നടത്തുന്നത് എന്നതാണ് ഇത്തരുണത്തില്‍ ഉറക്കെ ചോദിക്കേണ്ട ചോദ്യം. നിയമസംവിധാനത്തിന് മുന്നില്‍ തുല്യ പരിഗണന ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന അവകാശമാണ്. അത് ലഭിച്ചുവെന്ന ധാരണ ഊട്ടിയുറപ്പിക്കാനാണ് നീതിന്യായ സംവിധാനമടക്കം പ്രവര്‍ത്തിക്കുന്നത്. അപ്പോഴാണ് നിഗൂഢത മാത്രം അവശേഷിപ്പിച്ച് ഇത്തരം കണക്കെടുപ്പുകള്‍ നടക്കുന്നത്. ഇതിന് പിന്നിലെ മറവും ഒളിവും നീക്കേണ്ടിയിരിക്കുന്നു. അതല്ലെങ്കില്‍ ഈ പരിഷ്‌കാരം റദ്ദാക്കണം. ഗുജറാത്ത് ഇന്ത്യയിലെ ഒരു സംസ്ഥാനം തന്നെയാണല്ലോ.