Connect with us

Ongoing News

ചരിത്രമെഴുതി മേരി കോം; ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണം

Published

|

Last Updated

ന്യൂഡല്‍ഹി: വനിതാ ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. 48 കിലോഗ്രാം വിഭാഗത്തിന്റെ ഫൈനലില്‍ യുക്രെന്റെ ഹന്ന ഒഖോട്ടയെ തോല്‍പ്പിച്ചാണ് മേരി കോം സ്വര്‍ണമണിഞ്ഞത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണമാണ് മേരി കോം സ്വന്തമാക്കിയത്. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മേരി നേടിയ ആകെ മെഡലുകളുടെ എണ്ണം ഏഴായി. ലോകചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടുന്ന നേട്ടവും മേരി കോം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു.

ഇതോടെ, ആറ് ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെന്ന ക്യൂബയുടെ ഇതിഹാസ താരം ഫെലിക്‌സ് സാവണിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും 35 കാരിയായ മേരിക്ക് കഴിഞ്ഞു.
സെമി പോരാട്ടത്തില്‍ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ പരാജയപ്പെടുത്തിയാണ് മേരി കോം ഫൈനലില്‍ കടന്നത്.

ഈ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡല്‍ ആണിത്. മേരി കോമിന്റെ സ്വര്‍ണത്തിന് പുറമേ ഇന്ത്യന്‍ താരങ്ങളായ സിമ്രന്‍ജിത്ത് കൗര്‍, ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ എന്നിവര്‍ വെങ്കലം നേടിയിരുന്നു. ഇരുവരും സെമിയില്‍ തോറ്റ് പുറത്താകുകയായിരുന്നു.

ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണം കൂടി നേടാന്‍ ഇന്ത്യക്ക് അവസരമുണ്ട്. 57 കിലോ ഗ്രാം വിഭാഗത്തില്‍ സോണിയ ചാഹലാണ് കലാശപ്പോരിന് ഇറങ്ങുന്നത്. ജര്‍മനിയുടെ വാര്‍ണര്‍ ഓര്‍നെല്ലയാണ് സോണിയയുടെ എതിരാളി.

---- facebook comment plugin here -----

Latest