നടവരവ് കുറയാന്‍ കാരണം ഭക്തരെ ഭീകരരെപ്പോലെ കാണുന്ന സര്‍ക്കാര്‍ നിലപാട് : പ്രതിപക്ഷ നേതാവ്

Posted on: November 24, 2018 12:09 pm | Last updated: November 24, 2018 at 1:13 pm

തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായതിന്റേയും നടവരവ് കുറഞ്ഞതിന്റേയും പൂര്‍ണ ഉത്തരവാദി സംസ്ഥാന സര്‍ക്കാറെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്തരെ ഭീകരരെ പോലെ കാണുന്ന സര്‍ക്കാര്‍ നിലപാടാണ് നടവരവ് കുറയാന്‍ കാരണമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ശബരിമല വിഷയം കത്തിച്ച് നിര്‍ത്തി ഭരണപരാജയം മറച്ചുവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സിപിഎം-ബിജെപി കൂട്ടുകച്ചവടമാണ് ഇവിടെ നടക്കുന്നത്. ഭക്തരുടെ പ്രയാസങ്ങള്‍ സര്‍ക്കാര്‍ കാണുന്നില്ല. വാവര്‍ സന്നിധിയില്‍പോലും ഭക്തര്‍ക്ക് എത്താന്‍ കഴിയുന്നില്ല. ഇത്രയൊക്കെ ആയിട്ടും നിരോധനാജ്ഞ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മുഖ്യമന്ത്രി ബിജെപിയുടെ തലതൊട്ടപ്പനാണ്. ബിജെപിയെ വളര്‍ത്തി കോണ്‍ഗ്രസിനേയും യുഡിഎഫിനേയും തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.