കേന്ദ്രമന്ത്രിയെ അപമാനിച്ചെന്ന്; എസ് പി ഓഫീസിലേക്ക് ബിജെപി ഇന്ന് മാര്‍ച്ച് നടത്തും

Posted on: November 24, 2018 9:34 am | Last updated: November 24, 2018 at 11:27 am

ത്യശൂര്‍: കേന്ദ്ര മന്ത്രി ഉള്‍പ്പെടെയുള്ളവരോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ബിജെപിയുടെ നേത്യത്വത്തില്‍ സ്ത്രീകള്‍ ഇന്ന് ത്യശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 11ന് തേക്കിന്‍ കാട് മൈതാനിയില്‍നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. നിലക്കലിലെത്തിയ കേന്ദ്ര മന്ത്രി പൊന്‍ രാധാക്യഷ്ണനെ എസ് പി അപമാനിച്ചുവെന്ന് ബിജെപി ആരോപിച്ചിരുന്നു.

നിലക്കലിലെത്തിയ കേന്ദ്ര മന്ത്രിയുടെ സംഘത്തിനൊപ്പമുണ്ടായിരുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് പോലീസ് പമ്പയിലേക്ക് അനുമതി നിഷേധിച്ചിരുന്നു. ഇതിനിടെ കേന്ദ്രമന്ത്രിയോട് ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്ന് എസ് പി ചോദിച്ചത് നിഷേധാത്മകമാണെന്നാണ് ബിജെപിയുടെ ആരോപണം . അതേ സമയം മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെകെ ശൈലജയും എസ്പിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.