ആത്മഹത്യാ ശ്രമം; കാമുകനും കാമുകിക്കും ശിക്ഷ

Posted on: November 23, 2018 5:09 pm | Last updated: November 23, 2018 at 5:09 pm

ദുബൈ: കാമുകന് വേറെ വിവാഹം ആലോചിക്കുന്നതറിഞ്ഞ് ദുബൈയില്‍ ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ കോടതി ശിക്ഷ വിധിച്ചു.
ആത്മഹത്യാ ശ്രമത്തിനൊപ്പം വിവാഹേതര ലൈംഗിക ബന്ധത്തിലേര്‍പെട്ടതിനും ശിക്ഷയുണ്ട്. കാമുകനെയും ശിക്ഷിച്ചു. സെയില്‍ വുമണായി ജോലി ചെയ്തിരുന്ന 24 കാരിയും വ്യാപാരിയായ 26 വയസുകാരനും തമ്മില്‍ ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഇരുവരും ഇന്ത്യന്‍ പൗരന്മാരാണ്. യുവാവിന്റെ അമ്മ നാട്ടില്‍ ഇയാള്‍ക്കായി വിവാഹാലോചന നടത്തുന്ന വിവരമറിഞ്ഞാണ് കാമുകി ആത്മഹത്യക്ക് ശ്രമിച്ചത്. ദുബൈയിലെ ഒരു മെട്രോ സ്റ്റേഷനില്‍ വെച്ച് ഇവര്‍ കൈഞരമ്പ് മുറിക്കുകയായിരുന്നു.

ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടതോടെ മെഡിക്കല്‍ സംഘമെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കാമുകന് വിവാഹാലോചന നടക്കുന്നതില്‍ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് യുവതി പറഞ്ഞത്. ദുബൈയിലും ഷാര്‍ജയിലും വെച്ച് പലതവണ തങ്ങള്‍ ലൈംഗിക ബന്ധത്തിലേര്‍പെട്ടിട്ടുണ്ട്. ഇതിന് താന്‍ പണം വാങ്ങിയില്ല. തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും സ്വര്‍ണ നെക്ലേസ് സമ്മാനമായി നല്‍കുയും ചെയ്തിരുന്നു. എന്നാല്‍ നാട്ടില്‍ മറ്റൊരു വിവാലോചന നടക്കുന്നുവെന്നറിഞ്ഞതോടെ താന്‍ മാനസികമായി തകര്‍ന്നു. കാമുകന്‍ തന്ന ഉറപ്പ് പാലിക്കാനായാണ് ആത്മഹത്യാശ്രമം നടത്തിയതെന്നും യുവതി പറഞ്ഞു.

വിചാരണക്കൊടുവില്‍ ഇരുവര്‍ക്കും ഒരു മാസം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇവരെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്. വിധിക്കെതിരെ ഇരുവരും അപ്പീല്‍ നല്‍കിയതിനാല്‍ ശിക്ഷ ഉടനടി നടപ്പാക്കില്ല.