Connect with us

Editorial

കശ്മീരില്‍ ഗവര്‍ണറുടെ രാഷ്ട്രീയക്കളി

Published

|

Last Updated

അപ്രതീക്ഷിഹമാണ് ജമ്മുകശ്മീര്‍ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ നടപടി. പി ഡി പി, ബി ജെ പി സഖ്യം തകര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 19ന് ഗവര്‍ണര്‍ ഭരണത്തിലായിരുന്ന കശ്മീരില്‍ ചിരവൈരികളായിരുന്ന പി ഡി പിയും നാഷനല്‍ കോണ്‍ഫറന്‍സും ശത്രുത അവസാനിപ്പിച്ച് കോണ്‍ഗ്രസുമായി സഹകരിച്ച് സഖ്യ സര്‍ക്കാറുണ്ടാക്കാന്‍ തീരുമാനിച്ചതായിരുന്നു. 87 അംഗ ജമ്മു കശ്മീര്‍ നിയമസഭയില്‍ സര്‍ക്കാറുണ്ടാക്കാന്‍ 44 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. പി ഡി പിക്ക് ഇവിടെ 29ഉം നാഷനല്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസിന് 12ഉം അംഗങ്ങളുണ്ട്. ഇവര്‍ ചേര്‍ന്നാല്‍ 56 അംഗങ്ങളുടെ പിന്തുണയായി. സഖ്യചര്‍ച്ചക്കൊടുവില്‍ പി ഡി പി നേതാവും മുന്‍ ധനമന്ത്രിയുമായ അല്‍താഫ് ബുഖാരിയെ മുഖ്യമന്ത്രിയാക്കാനുള്ള ധാരണയിലെത്തുകയും മൂന്ന് കക്ഷികളുടെയും നേതാക്കള്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ കണ്ട് സര്‍ക്കാറുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കാന്‍ തീരുമാനിക്കുകയും ചെയ്തതായിരുന്നു. അതിനിടെ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് തടയാനാണ് കശ്മീരില്‍ കേന്ദ്രം നിയമസഭയെ തന്നെ നിഷ്‌കാസനം ചെയ്തത്.
2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജമ്മുകശ്മീരില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് പി ഡി പിയും ബി ജെ പിയും തമ്മില്‍ യോജിക്കാന്‍ തീരുമാനിക്കുന്നതും 2015 മാര്‍ച്ചില്‍ മെഹ്ബൂബ മുഫ്തി സര്‍ക്കാര്‍ അധികാരത്തിലേറുന്നതും. തട്ടിയും മുട്ടിയും മൂന്ന് വര്‍ഷത്തിലേറെ ഇഴഞ്ഞുനീങ്ങിയ ഈ ബന്ധം കഴിഞ്ഞ ഈദുല്‍ ഫിത്വറിനോട് അനുബന്ധിച്ച് ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ കേന്ദ്രം റദ്ദാക്കുകയും ഇതിനെതിരെ പി ഡി പി ശക്തമായി പ്രതികരിക്കുകയും ചെയ്തതോടെ ഉലയുകയായിരുന്നു.

കശ്മീര്‍ വിഷയം പരിഹരിക്കപ്പെടണമെങ്കില്‍ കേന്ദ്രം വിഘടന വാദികളുമായി ചര്‍ച്ചക്കു സന്നദ്ധമാകണമെന്ന മെഹബൂബയുടെ നിലപാടും കത്വയില്‍ എട്ട് വയസ്സുകാരിയെ സംഘ്പരിവാര്‍ പൈശാചികര്‍ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന സംഭവവും ബന്ധം കൂടുതല്‍ വഷളാക്കി. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ജൂണ്‍ ആറിന് മെഹ്ബൂബ സര്‍ക്കാറിനുള്ള പിന്തുണ ബി ജെ പി പിന്‍വലിച്ചതും സര്‍ക്കാര്‍ നിലംപതിച്ചതും. തുടര്‍ന്ന് ഗവര്‍ണര്‍ നിയമസഭ മരവിപ്പിച്ചു നിര്‍ത്തുകയായിരുന്നു.

അതിര്‍ത്തി സംസ്ഥാനമെന്ന നിലയില്‍ ശക്തമായ ഒരു സര്‍ക്കാറാണ് കശ്മീരിന് ആവശ്യം. കുതിരക്കച്ചവടമോ സ്ഥിരതയില്ലാത്ത സര്‍ക്കാര്‍ രൂപവത്കരണമോ അതിര്‍ത്തി സുരക്ഷക്ക് ഭീഷണിയായതിനാല്‍ അതംഗീകരിക്കാനാകില്ലെന്നാണ് നിയമസഭ പിരിച്ചുവിട്ട നടപടിക്ക് ബി ജെ പി വൃത്തങ്ങള്‍ നിരത്തുന്ന ന്യായം. എന്നാല്‍ കുതിരക്കച്ചവടത്തിലൂടെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപവത്കരണത്തിന് ബി ജെ പി കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിയിരുന്നതാണ്. ഇതിനായി മുന്‍വിഘടന വാദി നേതാവായിരുന്ന സജ്ജാദ് ലോണിന്റെ രണ്ട് എം എല്‍ എമാര്‍ മാത്രമുള്ള പീപ്പിള്‍സ് കോണ്‍ഫറന്‍സുമായി സഖ്യം സ്ഥാപിക്കുകയും ഭൂരിപക്ഷം തികക്കാന്‍ പി ഡി പിയില്‍ നിന്ന് അംഗങ്ങളെ അടര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. മെഹ്ബൂബ മുഫ്തിയുമായി ഇടഞ്ഞു നിന്നിരുന്ന മുന്‍ മന്ത്രി ഇമ്രാന്‍ അന്‍സാരി, നിയമസഭാ സാമാജികരായിരുന്ന മുഹമ്മദ് അബ്ബാസ് വാനി, ആബിദ് അന്‍സാരി എന്നിവരെ കൂട്ടുപിടിച്ച് പി ഡി പിയെ പിളര്‍ത്താനാകുമെന്നായിരുന്നു ബി ജെ പിയുടെ കണക്കുകൂട്ടല്‍. ആ നീക്കം വിജയിച്ചിരുന്നുവെങ്കില്‍ നിയമസഭ പിരിച്ചു വിടില്ലായിരുന്നു. പകരം ബി ജെ പിയുടെ നേതൃത്വത്തിലുളള തട്ടിക്കൂട്ട് സര്‍ക്കാറിന് അധികാരം കൈമാറുമായിരുന്നു.

കശ്മീരിന്റെ പ്രത്യേകാവകാശത്തെ എതിര്‍ക്കുന്ന ബി ജെ പി അധികാരത്തില്‍ വരുന്നത് അപകടകരമെന്ന ബോധ്യത്തില്‍ പി ഡി പിയും നാഷനല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും യോജിപ്പിന്റെ വഴിയിലേക്ക് വരികയും ബി ജെ പിയുടെ മുമ്പില്‍ അധികാരത്തിന്റെ വഴി അടയുകയും ചെയ്തതോടെയാണ് കശ്മീര്‍ അതിര്‍ത്തി സംസ്ഥാനമാണെന്ന ബോധം കേന്ദ്രത്തിന് ഉദിച്ചത്.! ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ഒരു സംസ്ഥാനത്ത് കൂടി ബി ജെ പി വിരുദ്ധ പ്രതിപക്ഷ സഖ്യം അധികാരത്തില്‍ വരുന്നത് തടയുകയാണ് പിരിച്ചുവിടല്‍ നടപടിയുടെ യഥാര്‍ഥ ലക്ഷ്യം. അതിര്‍ത്തി സുരക്ഷയല്ല; ബി ജെ പിയുടെ അധികാരമോഹങ്ങളാണ് ഇവിടെ തെളിഞ്ഞു കാണുന്നത്.
ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ പാര്‍ട്ടികള്‍ ഒത്തു ചേര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ മുന്നോട്ട് വന്നാല്‍ അതിനവസരം നല്‍കുകയായിരുന്നു ഗവര്‍ണര്‍ ചെയ്യേണ്ടത്. അവര്‍ക്ക് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് നിയമസഭ പിരിച്ചുവിടുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടത്. പൊടുന്നനെ നിയമസഭ തന്നെ പിരിച്ചുവിട്ട് മതേതര സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള നീക്കത്തെ പരാജയപ്പെടുത്തിയത് ശരിയായ നടപടിയായില്ല. കേന്ദ്രത്തിന് വേണ്ടി രാഷ്ട്രീയക്കളി നടത്താനുള്ളതല്ല ഗവര്‍ണര്‍ പദവി. ഗവര്‍ണറുടെ ഈ നടപടി ഇതിനകം നിലവില്‍ വന്ന പി ഡി പി, നാഷനല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് വിശാല സഖ്യത്തിന് കൂടുതല്‍ ശക്തിപകരുകയും നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബി ജെ പിക്ക് സംസ്ഥാനത്ത് തിരിച്ചടിയാവുകയും ചെയ്യുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.