Connect with us

Sports

നെയ്മറിനും എംബാപെക്കും പരുക്ക്; വെട്ടിലായത് പി എസ് ജി

Published

|

Last Updated

മില്‍ട്ടന്‍ കെയ്‌നെസ്: കാമറൂണിനെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളില്‍ ബ്രസീല്‍ മറുപടിയിലാത്ത ഒരു ഗോളിന് ജയിച്ചു. ഇതേ മാര്‍ജിനില്‍ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ഉറുഗ്വെയെയും തോല്‍പ്പിച്ചു.
പക്ഷേ, സൂപ്പര്‍ താരങ്ങളായ നെയ്മറിനും കിലിയന്‍ എംബാപെക്കും പരുക്കേറ്റത് ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയുടെ ഉറക്കം കെടുത്തുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അടുത്താഴ്ച ലിവര്‍പൂളിനെ നേരിടാനിരിക്കുകയാണ് പി എസ് ജി. കാമറൂണിനെതിരെ
എട്ടാം മിനുട്ടില്‍ പരുക്ക് കാരണം നെയ്മര്‍ കളം വിട്ടു.

എംബാപെയാകട്ടെ ഉറുഗ്വെന്‍ താരത്തിന്റെ ടാക്ലിംഗില്‍ നിന്ന് രക്ഷപ്പെടാന്‍ ചാടിയതായിരുന്നു, തോളൊടിഞ്ഞു. ബ്രസീല്‍ താരം പതിയെ ഗ്രൗണ്ട് വിടുമ്പോള്‍ കാണികള്‍ കൂക്കിവിളിക്കുകയാണ് ചെയ്തത്. എവര്‍ട്ടന്റെ റിചാര്‍ലിസനാണ് നെയ്മറിന് പകരം ഇറങ്ങിയത്.
അവസരം മുതലെടുത്ത് ചാര്‍ലിസന്‍ ബ്രസീലിനായി വിജയഗോള്‍ നേടി.
ദേശീയ ടീമിനായി ചാര്‍ലിസന്‍ ആറാം തവണയാണ് അന്താരാഷ്ട്ര മത്സരത്തിന് ഇറങ്ങുന്നത്. ബ്രസീലിനായി മൂന്ന് ഗോളുകള്‍ ചാര്‍ലിസന്‍ ഇതിനകം നേടി.
റഷ്യ ലോകകപ്പില്‍ അനാവശ്യമായി പരുക്ക് അഭിനയിച്ചതിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിട്ട നെയ്മറിനെ വെറുതെ വിടാന്‍ കാണികള്‍ ഒരുക്കല്ലായിരുന്നു.
ഇതാണ് അഞ്ചാം മിനുട്ടില്‍ നെയ്മര്‍ പരുക്കേറ്റ് വീണപ്പോള്‍ സംഭവിച്ചത്.
താരത്തിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് ടീം ഡോക്ടര്‍ റോഡ്രിഗോ ലസ്മാര്‍ പറയുന്നത്. നെയ്മറിന്റെ അഭാവത്തില്‍ അറ്റാക്കിംഗിന് നേതൃത്വം നല്‍കിയത് ലിവര്‍പൂള്‍ താരം റോബര്‍ട്ടോ ഫിര്‍മിനോയാണ്. മൂന്ന് സുവര്‍ണാവസരങ്ങളാണ് ഫിര്‍മിനോക്ക് ലഭിച്ചത്.

ഉറുഗ്വെയുടെ ഗോള്‍ കീപ്പര്‍ മാര്‍ട്ടിന്‍ കംപാനയുടെ ഇടപെടലില്‍ നിന്ന് രക്ഷപ്പെടാന്‍ ചാടിക്കളഞ്ഞ എംബാപെ തോളടിച്ച് നിലത്ത് വീണു.
വേദന കൊണ്ട് പുളഞ്ഞ എംബാപെയെ ഉടനെ തന്നെ കോച്ച് ദിദിയര്‍ ദെഷാംസ് പകരക്കാരനെ കളത്തിലിറക്കി. മാഴ്‌സെ ക്ലബ്ബിന്റെ മുന്നേറ്റ താരം ഫ്‌ളോറിയന്‍ തൗവിന്‍. എംബാപെക്ക് കടുത്ത വേദനയുണ്ടെങ്കിലും പരുക്ക് ഗുരുതര സ്വഭാവമുള്ളതല്ലെന്ന് കോച്ച് ദിദിയര്‍ ദെഷാംസ് പറഞ്ഞു.
നെയ്മര്‍, എംബാപെ എന്നിവര്‍ക്ക് ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെതിരെ കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ നഷ്ടം പി എസ് ജിക്കാണ്- ഒപ്പം കളിക്കുന്ന എറിക് മാക്‌സിം ചോപോ മോട്ടോ പറഞ്ഞു.

Latest