കിം യോംഗ് യാംഗ് ഇന്റര്‍പോള്‍ മേധാവി

Posted on: November 22, 2018 8:35 am | Last updated: November 21, 2018 at 10:37 pm

സിയോള്‍: ഇന്റര്‍പോളിന്റെ പുതിയ മേധാവിയായി ദക്ഷിണ കൊറിയക്കാരനായ കിം യോംഗ് യാംഗിനെ തിരഞ്ഞെടുത്തു. നിലവില്‍ അദ്ദേഹം ആക്ടിംഗ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ദുബൈയില്‍ ചേര്‍ന്ന ഇന്റര്‍പോളിന്റെ വാര്‍ഷിക യോഗത്തിലാണ് രണ്ട് വര്‍ഷകാലാവധിയില്‍ കിം യോംഗ് യാംഗിനെ മേധാവിയായി തിരഞ്ഞെടുത്തത്. ഇദ്ദേഹത്തിന് മുമ്പ് ഈ സ്ഥാനത്തുണ്ടായിരുന്നത് ചൈനക്കാരനായ മെംഗ് ഹോംഗ് വെയ് ആയിരുന്നു. ഇദ്ദേഹത്തെ അഴിമതി, കൈക്കൂലി കേസുകളില്‍ ചൈനീസ് സര്‍ക്കാര്‍ തടവിലാക്കിയിട്ടുണ്ട്. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് 13 ദിവസം രഹസ്യമായി തടവിലിട്ടു. ഇതിന് ശേഷമാണ് ഇദ്ദേഹത്തിന്റെ അറസ്റ്റ് ചൈന ലോകത്തെ അറിയിച്ചത്. ഇന്റര്‍പോളിന്റെ മേധാവിയായി മെംഗ് ഹോംഗ് വെയ് നാല് വര്‍ഷം സേവനം ചെയ്തിട്ടുണ്ട്.

ഇന്റര്‍പോള്‍ മേധാവി സ്ഥാനത്തിന് വേണ്ടി റഷ്യയുടെ നേതൃത്വത്തില്‍ ചില ചരടുവലികള്‍ നടന്നുവെങ്കിലും കിം യോംഗ് യാംഗിനെ യോഗം തിരഞ്ഞെടുക്കുകയായിരുന്നു. റഷ്യന്‍ സ്ഥാനാര്‍ഥിയായി അലക്‌സാണ്ടര്‍ പ്രോകോപ്ചുക് ആണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഇദ്ദേഹത്തെ തിരഞ്ഞെടുക്കുന്നതിനെതിരെ അമേരിക്കയും ബ്രിട്ടനും മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തെത്തുകയായിരുന്നു. ഇന്റര്‍പോളിന്റെ സംവിധാനങ്ങള്‍ വീണ്ടും റഷ്യ ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റഷ്യയുടെ സ്ഥാനാര്‍ഥിയെ ഈ രാജ്യങ്ങള്‍ അവഗണിച്ചത്. റഷ്യന്‍ ആഭ്യന്തര മന്ത്രാലയത്തിലെ മേജര്‍ ജനറലായിരുന്ന അലക്‌സാണ്ടര്‍ പ്രോകോപ്ചുകിനെ തഴഞ്ഞതില്‍ എതിര്‍പ്പ് വ്യക്തമാക്കി ക്രെംലിന്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പില്‍ അമേരിക്ക സമ്മര്‍ദം ചെലുത്തിയെന്നും അമേരിക്കയുടെ ഇടപെടല്‍ വ്യക്തമാണെന്നും ക്രെംലിന്‍ ആരോപിച്ചു.

ഏതെങ്കിലും രാജ്യം കുറ്റവാളികളാണെന്ന് പ്രഖ്യാപിക്കുന്നവര്‍ക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിന് അധികാരമുണ്ട്്. ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ച കുറ്റവാളി ലോകത്തെ ഏറ്റവും വലിയ പിടികിട്ടാപുള്ളികളുടെ പട്ടികയില്‍ ഇടംപിടിക്കും.