ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടു; ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിലേക്ക്; പിന്നില്‍ കേന്ദ്ര സര്‍ക്കാര്‍ എന്ന് ആരോപണം

Posted on: November 21, 2018 9:41 pm | Last updated: November 22, 2018 at 10:04 am

കശ്മീര്‍: ജമ്മു കശ്മീര്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടു. പിഡിപി- എന്‍സി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് ഗവര്‍ണര്‍ സത്യപാല്‍ മലികിന്റെ നടപടി. കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണ് ഗവര്‍ണര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് എന്ന ആരോപണമുയര്‍ന്നിരിക്കുകയാണ്. പി ഡി പി, കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഗ്രസ് കക്ഷികള്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനായി അവകാശവാദമുന്നയിക്കാന്‍ കത്ത് തയ്യാറാക്കി ഗവര്‍ണറെ കാണാനിരിക്കെയാണ് നിയമസഭ പിരിച്ചുവിട്ടത്. നിയമസഭ പിരിച്ചുവിട്ട സാഹചര്യത്തില്‍ ആറ് മാസത്തിനകം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തണം. ഗവര്‍ണറുടെ നടപടിക്കെതിരെ പിഡിപിയും കോണ്‍ഗ്രസും കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെഹ്ബൂബ മുഫ്തി നേതൃത്വം നല്‍കുന്ന പി ഡി പിയില്‍ നിന്ന് എം എല്‍ എമാരെ അടര്‍ത്തിയെടുത്ത് പീപ്പിള്‍ കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ബി ജെ പി നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ കൂടിയാണ് ത്രികക്ഷികള്‍ ചര്‍ച്ച നടത്തിയത്.

പി ഡി പിക്ക് 24ഉം എന്‍ സിക്ക് 15ഉം കോണ്‍ഗ്രസിന് 12ഉം എം എല്‍ എമാമാരാണുള്ളത്്. കൈകോര്‍ത്തു കഴിഞ്ഞാല്‍ ഭൂരിപക്ഷത്തിനു വേണ്ട 44 സുഗമമായി എത്തിപ്പിടിക്കാന്‍ കഴിയുമായിരുന്നു. സഖ്യ കക്ഷി സര്‍ക്കാറിന്റെ ഭാഗമാകില്ലെങ്കിലും പുറത്തു നിന്ന് പിന്തുണ നല്‍കുമെന്ന്
എന്‍ സി വ്യക്തമാക്കിയിരുന്നു. ഡിസം: 19വരെയായിരുന്നു ഗവര്‍ണര്‍ ഭറണത്തിന്റെ കാലാവധി. ജൂണ്‍ 16ന് സഖ്യ കക്ഷിയായിരുന്ന ബി ജെ പി പിന്തുണ പിന്‍വലിക്കുകയും പി ഡി പിയുടെ മെഹ്ബൂബ മുഫ്തി സര്‍ക്കാറിന് താഴെയിറങ്ങേണ്ടി വരികയും ചെയ്തതോടെയാണ് സംസ്ഥാനം ഗവര്‍ണര്‍ ഭരണത്തിലായത്. പി ഡി പി, കോണ്‍ഗ്രസ് സഖ്യം 2002-2007 കാലത്ത് കശ്മീര്‍ ഭരണത്തിലിരുന്നിട്ടുണ്ട്. സഖ്യ സര്‍ക്കാറിന് എന്‍ സി പുറത്തുനിന്ന് പിന്തുണ നല്‍കിയിരുന്നു.