പാക്കിസ്ഥാനുള്ള 166 കോടി ഡോളറിന്റെ സുരക്ഷാ ധനസഹായം യു എസ് പിന്‍വലിച്ചു

Posted on: November 21, 2018 3:53 pm | Last updated: November 21, 2018 at 7:08 pm

വാഷിംഗ്ടണ്‍: പാക്കിസ്ഥാനു നല്‍കി വന്നിരുന്ന 166 കോടി ഡോളറിന്റെ സുരക്ഷാ ധനസഹായം അമേരിക്ക പിന്‍വലിച്ചു. പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള സഹായമാണ് റദ്ദാക്കിയതെന്ന് യു എസ് പ്രതിരോധ വകുപ്പ് വക്താവ് കോള്‍ റോബ് മാനിംഗ് വെളിപ്പെടുത്തി. നേരത്തെ ഇതു സംബന്ധിച്ച നിര്‍ദേശം പ്രസി. ഡൊണാള്‍ഡ് ട്രംപ് പുറപ്പെടുവിച്ചിരുന്നു. അയല്‍ രാഷ്ട്രങ്ങള്‍ക്കെതിരെ അക്രമം നടത്തുന്ന ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകാത്തതാണ് യു എസിനെ കടുത്ത തീരുമാനത്തിനു പ്രേരിപ്പിച്ചതെന്ന് അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും മധ്യേഷ്യയിലുമെല്ലാം പ്രതിരോധ ഡെപ്യൂട്ടി അസി. സെക്രട്ടറി പദവി വഹിച്ച ഡേവിഡ് സെഡ്‌നി പറഞ്ഞു.

താലിബാന്‍, ലഷ്‌കര്‍ ഇ ത്വയ്യിബ എന്നിവയടക്കമുള്ള എല്ലാ ഭീകര സംഘടനകള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പാക്കിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, പാക്കിസ്ഥാനിലൂടെ ആയുധങ്ങളും യുദ്ധവിമാനങ്ങളും പണവും മറ്റുമായി നിര്‍ബാധം വിഹരിക്കുകയാണ് താലിബാന്‍. പാക്കിസ്ഥാനില്‍ നിന്ന് അഫ്ഗാനിലേക്ക് കടല്‍ വഴി ആയുധങ്ങള്‍ കടത്തുന്നതും സജീവമാണ്. താലിബാനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായാല്‍ അഫ്ഗാനില്‍ വളരെ പെട്ടെന്ന് സമാധാനം സ്ഥാപിക്കാനാകും- സെഡ്‌നി പറഞ്ഞു.

പാക്കിസ്ഥാന്‍ ഭീകരര്‍ക്ക് അഭയം നല്‍കുന്നതായുള്ള യു എസ് പ്രസിഡന്റിന്റെ ആരോപണത്തിന് കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മറുപടി നല്‍കിയിരുന്നു. സ്വന്തം പരാജയങ്ങള്‍ക്ക് പാക്കിസ്ഥാനെ പഴിചാരരുതെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ മുന്നറിയിപ്പു നല്‍കിയിരുന്നത്. 9/11ന്റെ ഭീകരാക്രമണത്തില്‍ ഒരു പാക്കിസ്ഥാനിയും ഉള്‍പ്പെട്ടിരുന്നില്ല. എന്നിട്ടും അമേരിക്കയുടെ ഭീകരവിരുദ്ധ യുദ്ധത്തില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിക്കുകയായിരുന്നു. 75000 പാക്കിസ്ഥാനികളാണ് ഭീകരവിരുദ്ധ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. 12,300 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടവുമുണ്ടായി. എന്നാല്‍, വെറും 2000 കോടി ഡോളര്‍ മാത്രമാണ് അമേരിക്ക സഹായമായി അനുവദിച്ചത്- പാക് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ ഗോത്ര മേഖലകള്‍ നശിപ്പിക്കപ്പെടുകയും ലക്ഷങ്ങള്‍ക്ക് വാസസ്ഥാനങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു. സാധാരണ ജനജീവിതത്തെ ഗുരുതരമായാണ് യുദ്ധം ബാധിച്ചത്. ഇത്തരം ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്ന മറ്റേതെങ്കിലും രാജ്യത്തെ കാണിച്ചു തരാമോയെന്ന് ഇമ്രാന്‍ ട്രംപിനോട് ചോദിക്കുകയുണ്ടായി.

പാക്കിസ്ഥാനെ പഴിചാരുന്നതിനു പകരം അഫ്ഗാനിസ്ഥാനില്‍ 1,40000 നാറ്റോ സൈന്യത്തെയും 250,000 അഫ്ഗാന്‍ സേനയെയും നിയോഗിക്കുകയും കോടിക്കണക്കിനു ഡോളര്‍ ചെലവിടുകയും ചെയ്തിട്ടും എന്തുകൊണ്ടാണ് താലിബാന്‍ മുമ്പത്തെക്കാളും ശക്തമായി നിലനില്‍ക്കുന്നതെന്ന് ഗൗരവമായി വിലയിരുത്താന്‍ യു എസ്
തയ്യാറാകണമെന്നും ഇമ്രാന്‍ പറഞ്ഞു.