ചര്‍ച്ചക്കിടെ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി തര്‍ക്കം; ബിജെപി ജില്ലാ പ്രസിഡന്റടക്കം എട്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍

Posted on: November 20, 2018 3:14 pm | Last updated: November 21, 2018 at 10:16 am

കാസര്‍കോട്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ശബരിമല വിഷയം ചര്‍ച്ച ചെയ്യാനെത്തിയ ബിജെപി നേതാക്കള്‍ മന്ത്രിയുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ബിജെപി ജില്ലാ പ്രസിഡന്റടക്കം എട്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സഹകരണ വാരാഘോഷം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കാഞ്ഞങ്ങാടെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ച്ക്കു ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് അനുവാദം തേടിയിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ അനുവാദത്തോടെ ് ഗസ്റ്റ് ഹൗസില്‍ ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു.

എന്നാല്‍ ചര്‍ച്ചക്കിടെ മന്ത്രിയും ബിജെപി നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്നു ഉച്ചത്തില്‍ ശരണം വിളികളുമായി ബിജെപി നേതാക്കള്‍ പ്രതിഷേധിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി പികെസുധാകരന്റെ നേതൃത്വത്തില്‍ പോലീസ് ഉടന്‍ തന്നെ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു സ്‌റ്റേഷനിലെത്തിച്ചു. ബിജെപി ജില്ല പ്രസിഡന്റ് കെ ശ്രീകാന്ത്, എ വേലായുധന്‍, സുധാമ ഗോസാദ, പ്രേംരാജ്, മണിലാല്‍, എന്‍ ബാബുരാജ്, രാജേഷ് കായ്ക്കാര്‍, പ്രദീപ് എം കുട്ടാക്കണി എന്നിവരെയാണു കസ്റ്റഡിയിലെടുത്തത്.