രാധാകൃഷ്ണാ.. എന്നെ ചവിട്ടാന്‍ ആ കാല്‍ പോര, വലിയ മോശമായിപ്പോകും: ചുട്ട മറുപടിയുമായി മുഖ്യമന്ത്രി- VIDEO

Posted on: November 19, 2018 7:38 pm | Last updated: November 19, 2018 at 9:20 pm

മലപ്പുറം: തന്നെ ചവിട്ടി അറബിക്കടലിടുമെന്ന ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്റെ പ്രസ്താവനക്ക് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്നെ ചവിട്ടാന്‍ ആ കാലിന് അത്ര ശക്തി പോരെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ മോഹം പലര്‍ക്കും ഉണ്ടായിരുന്നു. അങ്ങനെ വല്ല മോഹവും ഉണ്ടെങ്കില്‍ അത് മനസ്സില്‍ വെച്ചാല്‍ മതി. ഈ ശരീരം ബൂട്ട്‌സ് ഇട്ട ധാരാളം ചവിട്ടുകൊണ്ട ശരീരമാണെന്ന് ഓര്‍ക്കണം. രാധാകൃഷ്ണന് കേറി കളിക്കാനുള്ള സ്ഥലമല്ല. വലിയ മോശമായിപ്പോകും. രാധാകൃഷ്ണന് വേണമെങ്കില്‍ തന്റെ രൂപം ഉണ്ടാക്കി അതില്‍ ചവിട്ടി വിജയനെ അറബിക്കടലില്‍ തള്ളിയിട്ടെന്ന് ആശ്വാസ കൊള്ളാം.ഈ പറയുന്നവരുടെ ഒരു ഭീഷണിയും ഞാന്‍ ഒരുകാലത്തും വകവെട്ടിച്ചില്ല. തനിക്ക് ചുറ്റും ഇപ്പോ പോലീസുകാരൊക്കെയുണ്ടാകും.

പക്ഷേ, പോലീസുകാരോടൊപ്പമല്ല തന്റെ ജീവിതം ആരംഭിച്ചത്. കേരളത്തിലെ മുഖ്യമന്ത്രിയെപ്പോലും അക്രമിക്കുമെന്നു പറഞ്ഞാല്‍ ആരെയാണ് പിന്നെ ആക്രമിക്കാന്‍ കഴിയാത്തത്. നിങ്ങള്‍ ഒരു വില്ലാളി വീരന്മാരുമല്ല. ഇതിന് സുരേഷ് ഗോപിയുടെ ഡയലോഗ് ഒക്കെയാണ് പറയേണ്ടത്. അതൊന്നും പറയാന്‍ ഞാനിപ്പൊ തയ്യാറാകുന്നില്ല. ആ വിദ്യകളൊന്നും ഇങ്ങോട്ടെടുക്കേണ്ട. ഇത് കേരളമാണ്. കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് അത്രക്ക് ദൃഢമാണ്.

ഇതിനെ തകര്‍ക്കാനുള്ള ശ്രമം തിരിച്ചറിഞ്ഞ് നല്ല രീതിയില്‍ നാം ഏകോപിച്ച് നില്‍ക്കണമെന്നും മലപ്പുറത്ത് നടത്തിയ എല്‍ഡിഎഫിന്റെ വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഉമ്മാക്കിത്തരം കാണിച്ചാല്‍ പിണറായി വിജയനെ ചവിട്ടി അറബിക്കടലിലേക്ക് കളയുമെന്നാണ് കഴിഞ്ഞ ദിവസം എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.