Connect with us

Gulf

നബിദിനാഘോഷം; പണ്ഡിതരുടെ ഏകാഭിപ്രായം കൊണ്ട് സ്ഥിരപ്പെട്ടത്: ശൈഖ് അബ്ദുല്ല ബിന്‍ ബയ്യ

Published

|

Last Updated

അബുദാബി: അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ജന്മദിനം ആഘോഷിക്കുന്നത് പണ്ഡിതന്മാരുടെ ഏകാഭിപ്രായം കൊണ്ട് സ്ഥിരപ്പെട്ടതാണെന്ന് യു എ ഇ മതകാര്യ വകുപ്പ് ഫത്വ വിഭാഗം തലവന്‍ ശൈഖ് അബ്ദുല്ല ബിന്‍ ബയ്യ പ്രസ്താവിച്ചു. നബിയുടെ ജന്മദിനാഘോഷത്തില്‍ സന്തോഷവും സ്നേഹവും പങ്കുവെക്കല്‍ ഏറ്റവും ശ്രേഷ്ഠവും വലിയ സല്‍കര്‍മവുമാണെന്നും മതപരമായി സ്ഥിരീകരണം ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികള്‍ക്ക് അല്ലാഹുവിലേക്ക് അടുക്കാനുള്ള ഏറ്റവും നല്ല പുണ്യാവസരങ്ങളില്‍ ഒന്നാണിത്.

പ്രവാചകരോടുള്ള സ്‌നേഹം വിശ്വാസിയുടെ വിശ്വാസത്തിന്റെ അടിത്തറയാണ്. സകല ജീവ ജാലങ്ങളെക്കാള്‍ ഞാന്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെടുന്നവനാകുന്നത് വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ലെന്ന നബിവചനം അദ്ദേഹം ഉദ്ധരിച്ചു.
പ്രവാചകന്റെ ജന്മദിനാഘോഷം യു എ ഇ എല്ലാ വര്‍ഷവും വിജ്ഞാനപ്രകീര്‍ത്തന സദസ്സുകള്‍ നടത്തിയും മധുരം വിതരണം ചെയ്തും ഇസ്ലാമികമായി ആഘോഷിച്ചു പോരുന്നു.
സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ ഇമാറാത്ത് പൈതൃകത്തിന് ഭാഗമാണ്.

വിശ്വാസത്തിന്റെ കാതലായ ഭാഗമാണ് നബിയോടുള്ള സ്നേഹവും ആഘോഷവും. അത് മുന്‍-പിന്‍കാല പണ്ഠിതന്മാരെല്ലാം ഏകാഭിപ്രായത്തിലെത്തിയതാണെന്നും അദ്ദേഹം ഊന്നി പറഞ്ഞു.
നബിയുടെ പേരും പ്രവാചകത്വവും സ്ഥാനവും ചരിത്രവുമെല്ലാം അല്ലാഹു നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം ലോകത്തിന് നിങ്ങള്‍ കാരുണ്യമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്തി. അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. യു എ ഇ ഭരണാധികാരികള്‍ക്കും വിശ്വാസി സമൂഹത്തിനും ബിന്‍ ബയ്യ നബിദിനാശംസകള്‍ നേര്‍ന്നു.