കോഴിക്കോട് രണ്ടിടത്ത്‌ മുഖ്യമന്ത്രിയെ തെരുവില്‍ തടയാന്‍ ശ്രമം; നാല്‌ പേര്‍ പിടിയില്‍

Posted on: November 19, 2018 12:17 pm | Last updated: November 19, 2018 at 5:00 pm
കോഴിക്കോട് സിഎച്ച് ഓവര്‍ ബ്രിഡ്ജിനു സമീപത്ത് വെച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിനു മുമ്പില്‍ കരിങ്കൊടിയുമായെത്തിയവരെ പോലീസ് പിടികൂടുന്നു. ചിത്രം: ശിഹാബ് പള്ളിക്കല്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനു നേരെ കോഴിക്കോട് രണ്ടിടത്ത്‌ പ്രതിഷേധം. മാവൂര്‍ റോഡിലെ ഹോട്ടലില്‍ നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു മടങ്ങുകയായിരുന്ന മുഖ്യമന്ത്രിക്കു നേരെ മാവൂര്‍ റോഡില്‍ വെച്ചാണ് ആദ്യം പ്രതിഷേധമുണ്ടായത്. വാഹന വ്യൂഹത്തിന് മുന്നിലേക്ക് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ ചാടി വീഴുകയായിരുന്നു.

കോഴിക്കോട് സിഎച്ച് ഓവര്‍ ബ്രിഡ്ജിനു സമീപത്ത് വെച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിനു മുമ്പില്‍ കരിങ്കൊടിയുമായെത്തിയവരെ പോലീസ് പിടികൂടുന്നു. ചിത്രം: ശിഹാബ് പള്ളിക്കല്‍

ബിജെപിയുടെ കൊടിയുമായാണ് ഇവര്‍ പ്രതിഷേധിച്ചത്. വാഹനം തടയാന്‍ ശ്രമിച്ച ഇരുവരേയും സുരക്ഷാ വാഹനങ്ങള്‍ക്ക് മുന്നില്‍നിന്നും പോലീസ് പിടിച്ച് മാറ്റുകയായിരുന്നു. ശേഷം കോഴിക്കോട് സിഎച്ച് ഓവര്‍ ബ്രിഡ്ജിനു സമീപം കടന്നു പോകുന്ന വഴിയിലും പ്രതിഷേധക്കാരെത്തി. മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടിയുമായെത്തിയ മറ്റു രണ്ടു പേരെയും പോലീസ് പിടികൂടി.

മുഖ്യമന്ത്രിക്കു നേരെ മാവൂര്‍ റോഡില്‍ വെച്ചുണ്ടായ പ്രതിഷേധം

ശബരിമല സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പരിപാടി നടക്കുന്ന സ്ഥലത്തും പരിസരത്തും വന്‍ പോലീസ് സംഘമുണ്ടായിരുന്നുവെങ്കിലും ഇവരെ കബളിപ്പിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞത്.