തിരുനബി(സ)യുടെ പ്രബോധന മാതൃകകള്‍

എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌
Posted on: November 19, 2018 10:19 am | Last updated: November 23, 2018 at 10:00 pm

അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നതിന്റെ രീതിയും ശൈലിയും വിശുദ്ധ ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. അത് തന്ത്രപൂര്‍വവും സദുപദേശങ്ങള്‍ നല്‍കിയും ആയിരിക്കണമെന്ന് ഖുര്‍ആന്‍ പറഞ്ഞു. മിക്കപ്പോഴും പ്രബോധനം ഒഴുക്കിനെതിരെയുള്ള പ്രയാണമാണ്. അതായത് സാഹചര്യങ്ങള്‍ക്കെതിരെയുള്ള മുന്നേറ്റം. നബി (സ) യുടെ പ്രഥമ പ്രബോധിതരായ അറബികളും ആറാംനൂറ്റാണ്ടും ഒരു വിധത്തിലുള്ള പ്രബോധനത്തിനും വഴങ്ങിയിരുന്നില്ല. മൗലാനാ മുഹമ്മദലി അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
ക്രിയാത്മകമായ ശൈലിയും പ്രായോഗികമായ മേഖലകളുമാണ് നബി (സ) അവലംബിച്ചത്. ആദ്യമായി പ്രബോധനം ഉള്‍കൊണ്ടത് പ്രവാചകര്‍ തന്നെയായിരുന്നു. ഉടനെതന്നെ സഹധര്‍മിണിയും സഹചാരികളും അത് പകര്‍ത്തി. നിലനിന്നു പോന്ന ദര്‍ശനങ്ങളേയും മാര്‍ഗങ്ങളേയും സമൂലമായി പരിവര്‍ത്തിപ്പിക്കാനാണ് തന്റെ ലക്ഷ്യമെന്നറിയാം. എന്നിട്ടും ആരവങ്ങള്‍ മുഴക്കിയില്ല. കദീനകള്‍ക്ക് തീ കൊളുത്തിയതുമില്ല. ശാന്തഗംഭീരമായ കാല്‍വെപ്പുകള്‍ മാത്രം. പ്രാഥമികഘട്ടമെന്ന നിലയില്‍ രഹസ്യ പ്രബോധനം നടത്തി. മൂന്ന് വര്‍ഷത്തോളം ഇതേ ശൈലി തന്നെ തുടര്‍ന്നു. ആവശ്യമായ വിജ്ഞാനങ്ങളും നിയമങ്ങളും ഖുര്‍ആനിക പാഠങ്ങളും രഹസ്യമായി തന്നെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. അരങ്ങത്തേക്ക് കടക്കുന്നതിനു മുമ്പ് അണിയറയില്‍ സമര്‍പ്പണ സജ്ജരായ ഒരു സംഘത്തെ ഉറപ്പിച്ചു നിര്‍ത്തുക എന്ന നയമാണിതില്‍ നാം വായിക്കേണ്ടത്. മാത്രമല്ല, വളരെയേറെ ആദരണീയമായ ഒരു പദവി അവകാശപ്പെടുമ്പോള്‍ സഹധര്‍മിണിയും അടുത്ത സഹകാരികളും അത് അംഗീകരിക്കുന്നു എന്നത് തന്നെ അര്‍ഹതയുടെ അടയാളമാണ്.
ശേഷം ആശയസത്യസന്ധതയും ദാര്‍ഢ്യതയും കൈമുതലാക്കി വിമര്‍ശക വൃന്ദത്തിന്റെ മുന്നിലേക്ക് ദൗത്യവുമായി ചെന്നു. വിമര്‍ശനത്തിന്റെയും പ്രതിരോധത്തിന്റെയും ദിനരാത്രങ്ങള്‍. ലോകത്തിന്റെ കണ്ണും കാതും തിരുനബിയിലേക്ക് തിരിഞ്ഞു. ഖുറൈശീ കുബേരന്മാരുടെ നടപടികളില്‍ കാലം നാണിച്ചു തല താഴ്ത്തി.

പ്രവാചകര്‍ പതറിയില്ല. ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടര്‍ന്നു. ഒരാശയത്തിന്റെ പ്രചരണാംരംഭത്തില്‍ തന്നെ അടിക്കടി എന്ന ശൈലി പ്രായോഗികമല്ലെന്ന് തിരുനബി (സ)ക്കറിയാം. അവിടുന്ന് അതുള്‍കൊണ്ടു. ഭൗതികമായി ചിന്തിച്ചാല്‍ അംഗബലം നന്നേ കുറവുള്ളവര്‍ ആരോഗ്യ പരീക്ഷണത്തിന് നില്‍ക്കുന്നതിന്റെ അപ്രായോഗികതയും തിരുനബി (സ) പഠിപ്പിച്ചു. അനുയായികളെ ഉന്മൂലനം ചെയ്തു കൊണ്ട് ഒരാശയത്തിന്റെ സംസ്ഥാപനം വേണ്ടതില്ല എന്ന് പ്രവാചകരിലെ പ്രബോധകന്‍ പഠിപ്പിച്ചു. അവധാനപൂര്‍വം പ്രയാണം തുടര്‍ന്നു. മറുപക്ഷത്ത് നടക്കുന്ന ഗൂഢാലോചനകള്‍ തെല്ലും തളര്‍ത്തിയില്ല. ആത്മവിശ്വാസമെന്ന മഹാഗുണം നേതാവിനാവശ്യമാണെന്ന് അവിടുന്ന് തെളിയിച്ചു. ലക്ഷ്യം നേടും വരെ പ്രവര്‍ത്തിക്കുക. മാര്‍ഗ മധ്യേ, വരുന്നതെന്തും പ്രയാണത്തിന് തടസ്സമാകാതിരിക്കുക എന്ന ആശയത്തെ പ്രയോഗവത്കരിച്ചു. ശത്രുപക്ഷത്ത് പ്രകോപനങ്ങളേക്കാള്‍ ഒട്ടും കുറവല്ലാത്ത വിധം പ്രലോഭനങ്ങളും നടന്നു. ഒരേ സമയം വാഗ്ദാനങ്ങളെ അവഗണിക്കുകയും പ്രകോപനങ്ങളെ അതിജീവിക്കുകയും ചെയ്തപ്പോള്‍ ലക്ഷ്യശുദ്ധി വ്യക്തമായി. ബുദ്ധിയുള്ളവര്‍ തിരുനബി(സ)യോടൊപ്പം ചേര്‍ന്നു. കാടിളകിയ വിമര്‍ശനങ്ങള്‍ വന്നപ്പോഴും നയപരമായ പ്രബോധനം തുടര്‍ന്നു കൊണ്ടേയിരുന്നു.
സാഹചര്യങ്ങളെ അനുകൂലമാക്കാന്‍ ചിലപ്പോള്‍ അല്‍പം ഒന്ന് പിന്‍വാങ്ങേണ്ടി വന്നേക്കാം. പക്ഷേ, അത് ആശയപരമായി സമ്മതിച്ചു കൂടാ. ശാരീരികമായി അത് അല്‍പ്പം വക വെച്ചേക്കാം. അങ്ങനെയാണ് പലായനത്തെകുറിച്ച് ചിന്തിക്കുന്നത്. അബ്‌സീനിയായിലേക്കും ശേഷം മദീനയിലേക്കുമുള്ള പ്രയാണങ്ങള്‍ അനുയായികളുടെ ആത്മാര്‍ഥത തെളിയിക്കാനുള്ള ചരിത്ര ദര്‍ശിനികളായി മാറി. മക്കയില്‍ പ്രകാശനം ചെയ്ത മതം അവിടെ പ്രചരിക്കുന്നതിന് മുമ്പ് മദീനയില്‍ വേരുറപ്പിച്ചതിനു പിന്നില്‍ ഒരു പ്രത്യേകത നിലനില്‍ക്കുന്നുണ്ട്. മക്ക നേതാക്കന്മാരുടെയും ഭരണകര്‍ത്താക്കളുടെയും നാടാണ്. അവിടെ നിന്നും ഈ മതം അംഗീകാരം നേടി മറ്റുള്ള സ്ഥലങ്ങളിലേക്കു വ്യാപിച്ചാല്‍, ഭരണസ്വാധീനം വ്യാപകമാക്കാനുള്ള മക്കക്കാരുടെ ശ്രമത്തിന്റെ ഭാഗമായി അത് തെറ്റിദ്ധരിക്കപ്പെടും. എന്നാല്‍ മദീന നേതൃത്വങ്ങളുടെയോ അധികാരവാഴ്ചയുടെയോ നാടായിരുന്നില്ല. മദീനയില്‍ സുഗമമായി ഇസ്‌ലാം മുന്നേറി. അതില്‍ കലിപൂണ്ട ഖുറൈശികള്‍ ഒരേറ്റുമുട്ടലിന് വേദിയൊരുക്കി. ബദറിന്റെ രണഭൂമിയില്‍ സന്ധിക്കുമ്പോഴും അചഞ്ചലമായ നേതൃത്വം അടിപതറാതെ നിന്നു. ആദര്‍ശത്തിന്റെ മൂല്യം നിലനിര്‍ത്തി.

23 വര്‍ഷത്തെ ഔദ്യോഗിക ജീവിതം ലോകത്താകമാനം ആദര്‍ശത്തിന്റെയും സംസ്‌കരണത്തിന്റെയും സമൂല മാറ്റത്തിന് ഹേതുവായി. ആജ്ഞാപനങ്ങളും നിര്‍ദ്ദേശങ്ങളും പ്രഖ്യാപനത്തില്‍ വരുന്നതിനു മുമ്പ് പ്രായോഗിക ജീവത്തില്‍ പ്രതിധ്വനിച്ചു. വിവിധ മേഖലകളിലുള്ള ജനങ്ങള്‍, യോദ്ധാക്കള്‍, കര്‍ഷകര്‍, പ്രഭുക്കള്‍, ആഢ്യത്വവും കുലീനതയും അവകാശപ്പെടുന്നവര്‍, കറുത്തവര്‍, വെളുത്തവര്‍, അറബികള്‍, അനറബികള്‍, അടിമകള്‍, ഉടമകള്‍ അങ്ങനെവിഭിന്നവും വിപരീതവുമായ ശൈലികള്‍ ഉള്ള എല്ലാവരെയും ഒരേ കുടക്കീഴില്‍ ഒരുമിച്ചു നിര്‍ത്തി.

അടിമയായ ബിലാലിനെ ക്ഷണിച്ച രീതിയിലല്ല ആത്മമിത്രമായ അബൂബക്കര്‍ (റ) വിനെ ക്ഷണിച്ചത്. ഉമര്‍ (റ)നെ സ്വീകരിച്ച ശൈലിയിലായിരുന്നില്ല യാസിര്‍ (റ)നെ സ്വീകരിച്ചത്. തികച്ചും മനഃശ്ശാസ്ത്രപരമായ ഇടപെടലുകളും സന്ദര്‍ഭോചിതമായ സംവേദനങ്ങളുമായിരുന്നു. നേരിട്ട് ചികിത്സിച്ചു. മറ്റു ചിലരെ ചികിത്സിക്കുന്ന രംഗത്തിന് സാക്ഷിയാക്കി. അങ്ങനെ എത്രയെത്ര ശൈലികള്‍! ‘സൈദുനില്‍ ഖൈറി’നെനേരിട്ടാണ് ഇസ്‌ലാമിന്റെ വിശുദ്ധസരണിയിലേക്ക് ആനയിച്ചത്. സുമാമത്ത് ബിന്‍ ഉസാമത്തിന് സ്വന്തം അനുയായികളേയും ജീവിതത്തേയും പരിചയപ്പെടാന്‍ അവസരം നല്‍കിയാണ് ഹിദായത്തിന്റെ വെളിച്ചം പകര്‍ന്നത്.
അന്നത്തെ അറേബ്യയിലെ ഏറ്റവും വലിയ സംസ്ഥാനമായിരുന്ന യമന്‍ ദേശത്തേക്കുള്ള ഇസ്‌ലാമിക വ്യാപനം ആദ്യം മന്ദഗതിയിലായിരുന്നു. യമനിലെ ഔസ് ഗോത്രക്കാരനായ തുഫൈല്‍ ബിന്‍ അംറിന്റെ ആഗമനത്തോടെയാണ് അവിടേക്ക് ഇസ്‌ലാമിക പ്രചാരണം സുസാധ്യമായത്. അദ്ദേഹത്തെയും ആകര്‍ഷിച്ചത് തിരുനബി (സ) യില്‍ നിന്ന് പകര്‍ന്നു ലഭിച്ച ഖുര്‍ആനിക പാരായണമായിരുന്നു. അസദ് ഗോത്രക്കാരനായ ദമ്മത് ബിന്‍ ത്വലബയുടെ ഇസ്‌ലാംമതാശ്ലേഷണവും സമാനമായ പശ്ചാത്തലത്തിലായിരുന്നു.

ബഹുതല സ്പര്‍ശിയായ ശൈലിയാണ് തിരുനബി (സ) സ്വീകരിച്ചത്. സുവിശേഷങ്ങള്‍ മാത്രമല്ലായിരുന്നു തങ്ങളുടെ പ്രമേയം. അനിവാര്യമായ താക്കീതുകളും അതുള്‍കൊണ്ടു. ഖുര്‍ആനില്‍ തന്നെ ‘ബശീര്‍’ (സുവിശേഷകന്‍), ‘നദീര്‍'(താക്കീതുകാരന്‍) എന്നിങ്ങനെപ്രയോഗിച്ചതിന്റെ പൊരുള്‍ ഇതത്രെ. വൈജ്ഞാനികമായ അടിത്തറയെ പരിഗണിച്ചുകൊണ്ടുള്ള ഇസ്‌ലാമിക പ്രബോധനമാണ് തിരുനബി (സ) നിലനിര്‍ത്തിയത്. ഇതര പ്രസ്ഥാനങ്ങളില്‍ നിന്നും വ്യതിരക്തമായി വിജ്ഞാനത്തിന് പ്രാമുഖ്യം കൊടുത്ത പ്രവാചകനായിരുന്നു മുഹമ്മദ് നബി (സ)യെന്ന് വിമര്‍ശകര്‍ പോലും സമ്മതിച്ചിട്ടുണ്ട്.
ഏത് നിര്‍ണായക ഘട്ടത്തിലും അചഞ്ചലമായി നിലനില്‍ക്കാന്‍ ഒരു സാരഥ്യത്തിന് സാധിക്കണമെങ്കില്‍ അയാള്‍ നിലകൊള്ളുന്ന ആശയത്തില്‍ അഞ്ചലമായ ബോധ്യം അദ്ദേഹത്തിനുണ്ടാകണം. അത്തരമൊരു ദാര്‍ഢ്യത ഏറ്റവും കൂടുതലുണ്ടായിരുന്ന നേതാവ് നബി (സ) മാത്രമായിരിക്കും. അല്ലാഹുവിനെഏറ്റവും കൂടുതല്‍ ഭയക്കുകയും വഴിപ്പെടുകയും ചെയ്യുന്നയാള്‍ ഞാനാകുന്നു എന്ന ഹദീസ് പരമാര്‍ശത്തിന്റെ ആശയം ഇതാണ്. നിലവിലുണ്ടായിരുന്നതും അല്ലാത്തതുമായ വ്യത്യസ്ത ശൈലികള്‍ പ്രബോധനത്തിനായി അവിടുന്ന് സ്വീകരിച്ചിരുന്നു.
1. തിരുസവിധത്തിലേക്ക് വിളിച്ചു വരുത്തിക്കൊണ്ടുള്ള ഉദ്‌ബോധനം.
ജനങ്ങളെ തങ്ങളുടെ ഭാഗത്തേക്ക് വിളിച്ചു വരുത്തി പറയാനുള്ളത് പറഞ്ഞു കൊടുക്കുക. പൊതുവെ വിശുദ്ധാത്മാക്കള്‍ സ്വീകരിക്കുകയും ഇന്നും നിലനില്‍ക്കുകയും ചെയ്യുന്ന ശൈലിയാണിത്. വിശുദ്ധ ഖുര്‍ആനിലെ ശുഅറാഅ് അധ്യായത്തിലെ 214-ാം സൂക്തം അവതരിച്ചു. തങ്ങളുടെ അടുത്ത കുടുംബക്കാരിലേക്കു സന്ദേശമെത്തിക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം. ഉടനെ മക്കാ നിവാസികളെ മുഴുവന്‍ ക്ഷണിച്ചു വരുത്തി. ഫിഹ്‌റ്, കഅ്ബ്, മുത്വലിബ് എന്നീ ഗോത്രങ്ങളെ പേരെടുത്ത് മാനിച്ചു കൊണ്ട് തൗഹീദ് പ്രബോധനം ചെയ്തു.
2. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടുള്ള പ്രബോധനം.
ത്വാരിഖ്ബ്‌നു അബ്ദില്ലാഹില്‍ മുഹാരിബി പറഞ്ഞു. ‘ദുല്‍മജാസ്’ ചന്തയിലായിരിക്കെ ഞാന്‍ ഒരു മനുഷ്യനെകണ്ടു. അയാള്‍ ഇങ്ങനെപറയുന്നുണ്ടായിരുന്നു. ‘ഓ ജനങ്ങളെ ‘ലാഇലാഹഇല്ലല്ലാഹ്’ എന്നു പറയൂ. നിങ്ങള്‍ക്കു വിജയിക്കാം’. ഞാന്‍ ചോദിച്ചു: ‘ഇതാരാണ് ?’ ജനങ്ങള്‍ പറഞ്ഞു: ‘ഇത് പ്രവാചകനാണെന്നു വാദിക്കുന്ന മുഹമ്മദാണ്.’
3. പ്രബോധനയാത്രകള്‍
ആശയ പ്രചരണത്തിനായി യാത്ര ചെയ്യുകയും പ്രബോധനം ലഭിക്കാത്തവര്‍ക്കെത്തിച്ചു കൊടുക്കുകയും ചെയ്യുക. ഇതായിരുന്നു മറ്റൊരു രീതി.
4. ദൂതന്മാരെ അയച്ചുകൊണ്ടുള്ള സന്ദേശ പ്രചരണം
മഹാന്മാരായ അനുയായികളെ അഥവാ സ്വഹാബികളെ ഗോത്രങ്ങളിലേക്കും ജനപഥങ്ങളിലേക്കും നിയോഗിക്കുക. അതാത് സ്ഥലങ്ങളില്‍ ക്രിയാത്മകമായി നിലകൊള്ളാന്‍ ആവശ്യപ്പെടുക. ആദര്‍ശം പുല്‍കിയവരെ പുതിയ ആളുകളെ കൂടി വെളിച്ചത്തിലേക്കു ക്ഷണിക്കാന്‍ ഉപയോഗിക്കുക.
5. ഔദ്യോഗിക സന്ദേശങ്ങള്‍
പൗരപ്രമുഖര്‍ക്കും രാജാധിപന്മാര്‍ക്കും ഇസ്‌ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ അയക്കാറുണ്ടായിരുന്നു. നജ്‌റ, കിസ്‌റാ, ഖൈസര്‍, നേഗസ് തുടങ്ങിയവരിലേക്ക് നബി (സ)കൈമാറിയ കത്തുകള്‍ ഈ വിഭാഗത്തിലാണുള്‍പ്പെടുന്നത്.

ഇന്നും പ്രബോധനശൈലികളായി നിലനില്‍ക്കുന്ന മാര്‍ഗങ്ങളെ സത്യപ്രകാശനത്തിനായി അന്നേ തിരുദൂതര്‍ (സ) അവലംബിച്ചിരുന്നുവെന്നതിന്റെ വ്യക്തമായ പ്രകാശനമാണ് മേല്‍ പരാമര്‍ശങ്ങള്‍. ഇന്നും ആശയ പ്രചരണത്തിനായി ഇറങ്ങിത്തിരിക്കുന്ന ആര്‍ക്കും ഇതില്‍ മാതൃകയുടെ നേര്‍ രേഖകളുണ്ട്. പാഠശാലയിലേക്ക് വിളിച്ചുവരുത്തി ജ്ഞാനം പകര്‍ന്നു നല്‍കുന്ന ഗുരുവിനും കവലപ്രഭാഷണം നടത്തുന്ന പൊതുപ്രഭാഷകനും ഗ്രന്ഥരചന നിര്‍വഹിച്ച് പ്രബോധനം സുതാര്യമാക്കുന്നവര്‍ക്കുമെല്ലാം മാതൃകകള്‍ ഇതില്‍ തെളിഞ്ഞു കാണുന്നില്ലേ?