പാസ്‌വേര്‍ഡ് ചോര്‍ന്നു; ഇന്റഗ്രാമിലും സുരക്ഷാ വീഴ്ച

Posted on: November 18, 2018 2:40 pm | Last updated: November 18, 2018 at 2:40 pm

ദുബൈ: ഇന്‍സ്റ്റഗ്രാമിലെ സുരക്ഷാ ഭീഷണിയെക്കുറിച്ച് യുഎ ഇ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്. ഉടന്‍ പാസ്‌വേഡ് മാറ്റണമെന്ന് കാണിച്ച് ഉപഭോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാം ആപ്ലിക്കേഷനില്‍ ലഭിക്കുന്ന സന്ദേശത്തെക്കുറിച്ചാണ് അധികൃതരുടെ അറിയിപ്പ്. വെബ് ബ്രൗസറില്‍ “Download Your Data’ എന്ന ടൂള്‍ ഉപയോഗിക്കുമ്പോഴാണ് ചില സുരക്ഷാ വീഴ്ചകളുണ്ടായതെന്ന് ഇന്‍സ്റ്റഗ്രാമിന്റെ സന്ദേശത്തില്‍ പറയുന്നത്. ഈ ടൂള്‍ ഉപയോഗിച്ച് വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പാസ്‌വേഡ് ദൃശ്യമാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത് ഇന്‍സ്റ്റഗ്രാം പരിഹരിക്കുകയും പാസ്‌വേഡുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ഉപഭോക്താക്കള്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം ആപ്ലിക്കേഷനിലും പാസ്‌വേഡ് മാറ്റണമെന്നാണ് സന്ദേശം നല്‍കിയിരിക്കുന്നത്. നിരവധി അക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ ഇത്തരത്തില്‍ പുറത്തായിട്ടുണ്ടാകാമെന്നും അതുകൊണ്ടുതന്നെ അവ ഉടനെ മാറ്റണമെന്നുമാണ് യു എ ഇ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോരിറ്റിയുടെ അറിയിപ്പ്. ഇതേ പാസ്‌വേഡ് മറ്റ് വെബ്‌സൈറ്റുകളില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതും മാറ്റണം.