ശബരിമല സ്ത്രീപ്രവേശം: ദക്ഷിണേന്ത്യയില്‍ സ്വാധീനമുറപ്പിക്കാന്‍ ആര്‍ എസ് എസ് നിര്‍ദേശം

Posted on: November 17, 2018 8:26 am | Last updated: November 17, 2018 at 9:31 am

ബെംഗളൂരു: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെയുള്ള പ്രതിഷേധം വ്യാപിപ്പിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം ഉറപ്പിക്കാന്‍ ബി ജെ പി നീക്കം. ഈ വിഷയം സജീവമായി നിലനിര്‍ത്തി കര്‍ണാടക, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിക്ക് ശക്തമായ ജനകീയാടിത്തറ ഉണ്ടാക്കിയെടുക്കണമെന്നാണ് ബി ജെ പിക്ക് ആര്‍ എസ് എസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഴുവന്‍ അയ്യപ്പ ഭക്തരെയും സംഘടിപ്പിച്ച് ശബരിമല പ്രക്ഷോഭത്തില്‍ പങ്കാളികളാക്കാനും അതുവഴി കാര്യമായ സ്വാധീനമില്ലാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘടനാ ശക്തി വര്‍ധിപ്പിക്കാനുമാണ് ആര്‍ എസ് എസ് ലക്ഷ്യമിടുന്നത്. അടുത്ത തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ബി ജെ പി കേരളഘടകം പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഇപ്പോഴത്തെ അന്തരീക്ഷം പരമാവധി മുതലാക്കണമെന്നാണ് ആര്‍ എസ് എസ് നിര്‍ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം മംഗളൂരുവില്‍ നടന്ന ദക്ഷിണേന്ത്യന്‍ ബൈഠകില്‍ ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് വിവരം. ആര്‍ എസ് എസ് നേതാക്കളായ സുരേഷ് ഭയ്യാജി ജോഷി, രാംലാല്‍, ബി എല്‍ സന്തോഷ് എന്നിവരടക്കമുള്ളവരുമായി അമിത് ഷാ ചര്‍ച്ചകള്‍ നടത്തി. കേരളത്തില്‍ മാത്രം ഒതുക്കി നിര്‍ത്താതെ ദക്ഷിണേന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലേക്കും ശബരിമല സ്ത്രീപ്രവേശത്തിനെതിരെയുള്ള പ്രതിഷേധം ആളിക്കത്തിക്കണമെന്നാണ് ആര്‍ എസ് എസ് നിലപാട്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് എല്ലാ വര്‍ഷവും ശബരിമല തീര്‍ഥാടനത്തിനെത്തുന്നത്. ശബരിമല വിഷയത്തില്‍ ബി ജെ പി സ്വീകരിച്ച നിലപാട് കേരളത്തില്‍ പാര്‍ട്ടിക്ക് അനുകൂലമായ കാലാവസ്ഥയാണുണ്ടാക്കിയിരിക്കുന്നതെന്നും ഇതേ തന്ത്രം വ്യാപിപ്പിച്ചാല്‍ അത്് കൂടുതല്‍ ഗുണകരമാകുമെന്നുമാണ് നേതൃത്വത്തിന്റെ അഭിപ്രായം. ബൂത്ത് തലങ്ങളില്‍ അയ്യപ്പഭക്തരുടെ കൂട്ടായ്മകള്‍ സംഘടിപ്പിക്കുകയും ഇതിലൂടെ പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കുകയും ചെയ്യുന്നതിനും പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്.

കര്‍ണാടകയിലൊഴിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നും ബി ജെ പിക്ക് കാര്യമായ സ്വാധീനമില്ല. സമീപ നാളില്‍ കര്‍ണാടകയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ദയനീയ പരാജയമാണ് നേരിടേണ്ടിവന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ നാലിലും കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യമാണ് ജയിച്ചുകയറിയത്. പാര്‍ട്ടിയുടെ അടിവേരുകള്‍ ഇളകിത്തുടങ്ങിയെന്ന തിരിച്ചറിവില്‍ നിന്നാണ് ശബരിമല വിഷയം സജീവമാക്കി ജനസ്വാധീനം നേടിയെടുക്കാന്‍ ആര്‍ എസ് എസ് തന്ത്രം ആവിഷ്‌കരിച്ചിരിക്കുന്നത്.