നുണ പ്രചാരണത്തിന്റെ സംഘ് മാതൃക

ശബരിമല വിഷയത്തില്‍ ആദ്യം മുതലേ ബി ജെ പി നടത്തിക്കൊണ്ടിരിക്കുന്നത് നുണ പ്രചാരണങ്ങളാണ്. കേസ് കൊടുത്തത് മുസ്‌ലിംകളാണെന്നുള്ള പഴകിപുളിച്ച വാദം കോടതി വിധിക്കുശേഷവും സംഘ്പരിവര്‍ ഉയര്‍ത്തുന്നത് കാണുമ്പോള്‍ ഈ വിഷയത്തിലെ സംഘ്പരിവാറിന്റെ ഗൂഢലക്ഷ്യം വ്യക്തമാണ്. ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷനിലെ വനിതാ അഭിഭാഷകരായ ഭക്തി പൂജ പ്രസിജ, ഡോ. ലക്ഷ്മി ശാസ്ത്രി, പ്രേരണാകുമാരി, അല്‍ക്കാ ശര്‍മ, സുധാപാല്‍ എന്നിവര്‍ 2006ല്‍ നല്‍കിയ കേസിനെ 2014ല്‍ സംഘടനയുടെ പ്രസിഡന്റായി വന്ന നൗഷാദ് അഹമ്മദ് ഖാനില്‍ വെച്ചുകെട്ടിയാണ് ഇത്തരം പ്രചാരണം നടത്തിയത്. 2018 സെപ്തംബര്‍ 18ന് യുവതി പ്രവേശനത്തിന് അനുകൂലമായി വിധി വന്ന ശേഷം ഇത്തരം പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ നിരന്തരം പടച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. മല ചവിട്ടുന്നതിനായി യുവതികള്‍ വരുന്നതായ വാര്‍ത്തകള്‍ നിരന്തരം പടച്ചുവിട്ടു കൊണ്ടിരുന്നു സംഘ്പരിവാറും അനുകൂല ചാനലും.
Posted on: November 17, 2018 8:55 am | Last updated: November 16, 2018 at 9:51 pm

ശബരിമല വിഷയത്തില്‍ സംഘ്പരിവാര്‍ സംഘടനകള്‍ നുണപ്രചാരണം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് ബി ജെ പി ഡല്‍ഹിയില്‍ നടത്തിയ ചിത്രപ്രദര്‍ശനം. കേരളത്തില്‍ ഈ ചിത്രം സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിന് കേസും അറസ്റ്റുമൊക്കെ നടന്നതാണ്. വീണ്ടും ഇത്തരം ചിത്രങ്ങളുമായി കള്ളപ്രചാരണം നടത്തുന്ന ഈ പാര്‍ട്ടിക്ക് എന്ത് ഉത്തരവാദിത്വമാണുള്ളത്. ഇരുമുടിക്കെട്ടും അയ്യപ്പ വിഗ്രഹവുമായി വരുന്ന ഭക്തന്റെ നെഞ്ചില്‍ പോലീസ് ചവിട്ടുന്നത് ഫോട്ടോഷൂട്ട് ചിത്രമാണെന്ന് തിരിച്ചറിഞ്ഞിട്ടും വീണ്ടും അതുമായി രംഗത്തുവരുന്നത് എത്രമാത്രം അപഹാസ്യമാണ്. കേരള സര്‍ക്കാറിനെ വലിച്ചു താഴെയിടാന്‍ രഥയാത്രയുമായി നടക്കുന്ന പാര്‍ട്ടിയുടെ ആശയദാരിദ്ര്യം എന്നല്ലാതെ മറ്റെന്തു പറയാന്‍. ബി ജെ പി യുടെ ഡല്‍ഹി വക്താവ് തേജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന സേവ് ശബരിമല പരിപാടിയിലാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

ശബരിമല വിഷയത്തില്‍ ആദ്യം മുതലേ ബി ജെ പി നടത്തിക്കൊണ്ടിരിക്കുന്നത് നുണ പ്രചാരണങ്ങളാണ്. കേസ് കൊടുത്തത് മുസ്‌ലിംകളാണെന്നുള്ള പഴകിപുളിച്ച വാദം കോടതി വിധിക്കുശേഷവും സംഘ്പരിവര്‍ ഉയര്‍ത്തുന്നത് കാണുമ്പോള്‍ ഈ വിഷയത്തിലെ സംഘ്പരിവാറിന്റെ ഗൂഢലക്ഷ്യം വ്യക്തമാണ്. ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷനിലെ വനിതാ അഭിഭാഷകരായ ഭക്തി പൂജ പ്രസിജ, ഡോ. ലക്ഷ്മി ശാസ്ത്രി, പ്രേരണാകുമാരി, അല്‍ക്കാ ശര്‍മ, സുധാപാല്‍ എന്നിവര്‍ 2006ല്‍ നല്‍കിയ കേസിനെ 2014ല്‍ സംഘടനയുടെ പ്രസിഡന്റായി വന്ന നൗഷാദ് അഹമ്മദ് ഖാനില്‍ വെച്ചുകെട്ടിയാണ് ഇത്തരം പ്രചാരണം നടത്തിയത്.

2018 സെപ്തംബര്‍ 18ന് യുവതീ പ്രവേശനത്തിന് അനുകൂലമായി വിധി വന്ന ശേഷം ഇത്തരം പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ നിരന്തരം പടച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. മല ചവിട്ടുന്നതിനായി യുവതികള്‍ വരുന്നതായ വാര്‍ത്തകള്‍ നിരന്തരം പടച്ചുവിട്ടു കൊണ്ടിരുന്നു സംഘ്പരിവാറും അനുകൂല ചാനലും. കോടതി വിധിക്കുശേഷം മല ചവിട്ടാനായി വന്ന യുവതികളെ സംബന്ധിച്ചും നുണകള്‍ മാത്രമായിരുന്നു ബി ജെ പി യും അനുകൂല സംഘടനകളും പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. ശബരിമല വിഷയം റിപ്പോര്‍ട്ട് ചെയ്യാനായി വന്ന ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി എത്തിയത് സി പി എം അറിവോടെയാണെന്നും അവര്‍ക്ക് സീതാറാം യെച്ചൂരിയുമായി ബന്ധമുണ്ടെന്നുമായിരുന്നു പ്രചാരണം. ഇതിനായി ഉപയോഗിച്ചതാകട്ടെ ടീസ്റ്റ സെതല്‍വാദും യെച്ചൂരിയും ഒപ്പം നില്‍ക്കുന്ന പടവും. രഹ്‌ന ഫാത്തിമയുടെ കാര്യത്തിലും ഇതേ പ്രചാരണം തന്നെയായിരുന്നു ബി ജെ പിയും സംഘ്പരിവാറും നടത്തിയത്.

ഇത്തരം പ്രചാരണങ്ങളില്‍ ഏറ്റവും ഭീകരമായത് ശബരിമല ദര്‍ശനത്തിനുശേഷം മടക്കയാത്രയില്‍ അപകടത്തില്‍ മരിച്ച ശിവദാസനെ ബലിദാനിയാക്കാനുള്ള ശ്രമമാണ്. ഒക്ടോബര്‍ 18ന് വീട്ടില്‍ നിന്നിറങ്ങുകയും 19ന് ദര്‍ശനം നടത്തിയ ശേഷം വീട്ടിലേക്ക് വിളിക്കുകയും ചെയ്തയാള്‍ 17ന് നടന്ന പോലീസ് നടപടിയില്‍ കൊല്ലപ്പെട്ടതായി പ്രചരിപ്പിക്കുകയായിരുന്നു ബി ജെ പിയും സംഘ്പരിവാറും. ഇതിന്റെ പേരില്‍ പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ പോലും നടത്തുകയുണ്ടായി. ഈ വിഷയത്തില്‍ ബി ജെ പി ആഗ്രഹിക്കുന്നത് എന്താണെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്. വര്‍ഗീയ ചേരിതിരിവുണ്ടാക്കി വോട്ട് ബേങ്ക് സൃഷ്ടിക്കുക. അതിലപ്പുറം ഒരു ഭക്തസ്‌നേഹവും ഇതിലില്ലെന്ന് പകല്‍ പോലെ വ്യക്തമാണ്. ത്രമാണ് ആ നുണബോംബ് ചീറ്റിപ്പോയത്. അല്ലെങ്കില്‍ കേരളം കത്താനും ആ തീയില്‍ നിന്ന് പലതും വേവിച്ചെടുക്കാനും സംഘ്പരിവാര്‍ ശക്തികള്‍ക്ക് കഴിയുമായിരുന്നു.

തീര്‍ന്നില്ല, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ തന്നെ പറഞ്ഞു, ശബരിമല ബി ജെ പി യുടെ അജന്‍ഡയായിരുന്നുവെന്ന്. തന്ത്രിക്ക് നട അടച്ചിടാന്‍ ധൈര്യം നല്‍കിയത് താനാണെന്നും ശ്രീധരന്‍ പിള്ള പറയുന്നു. വിവാദമായ കേസുമൊക്കെയായപ്പോള്‍ വാക്കുമാറ്റിയിരിക്കുകയാണ് ശ്രീധരന്‍പിള്ള. തങ്ങളുടെ യുവജനവിഭാഗത്തിന്റെ പരിപാടിയില്‍ വളരെ ആധികാരികമായി പറഞ്ഞ വസ്തുതകള്‍ പിന്നീട് വിഴുങ്ങുന്നതാണ് കേരളം കണ്ടത്. യുവതീ പ്രവേശന വിഷയത്തില്‍ ആദ്യം മുതല്‍ അനുകൂലമായിരുന്നു ആര്‍ എസ് എസും ബി ജെ പി യുമെന്ന് എല്ലാവര്‍ക്കും അറിയാം. 2016ല്‍ നാഗ്പൂരില്‍വെച്ച് ആര്‍ എസ് എസ് നേതാവ് ഭയ്യാജി ജോഷി യുവതീ പ്രവേശനത്തിന് അനുകൂലമായി പറഞ്ഞതാണ്. പിന്നീടുണ്ടായ നയംമാറ്റം വോട്ടും തിരഞ്ഞെടുപ്പും മാത്രം ലക്ഷ്യമാക്കി മാത്രമാണ്. എന്നാല്‍ ആ ലക്ഷ്യത്തിനായി ഇത്രയും നെറികെട്ട കള്ളപ്രചാരണങ്ങള്‍ നടത്തുന്നത് തീര്‍ച്ചയായും കേരളീയസമൂഹം വിലയിരുത്തുമെന്നതില്‍ തര്‍ക്കമില്ല.

ആചാരാനുഷ്ഠാനങ്ങളുടെ പേരില്‍ ശബരിമലക്കുവേണ്ടി വാദിക്കുന്ന സംഘ്പരിവാര്‍ സംഘടനകളുടെ വാക്കും പ്രവൃത്തിയും തമ്മില്‍ അശേഷം ബന്ധമില്ലെന്നതാണ് ഏറെ കൗതുകം. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാന്‍ രക്തമൊഴുക്കാനും മൂത്രമൊഴിക്കാനുമൊക്കെ പ്ലാന്‍ ചെയ്യുന്നവരും പതിനെട്ടാംപടി ഇരുമുടിക്കെട്ടില്ലാതെ കയറുന്നവരും ഒക്കെ ചെയ്യുന്നത് ഏത് ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും പിന്‍ബലത്തിലാണ്? സാമൂഹികമാധ്യമങ്ങളിലെയും ചാനല്‍ ചര്‍ച്ചകളിലെയുമൊക്കെ നുണകളും കള്ളപ്രചാരണവുമൊക്കെ പൊളിച്ചടുക്കപ്പെടുമ്പോള്‍ വീണ്ടും വീണ്ടും നുണകളുമായി രംഗത്തുവരുന്ന ഇത്രയും അപഹാസ്യരായ ഒരു ജനക്കൂട്ടം സംഘ്പരിവാറല്ലാതെ മറ്റേതുണ്ട് രാജ്യത്ത്.

മറ്റൊരു പ്രധാനകാര്യം ശബരിമല വിഷയത്തില്‍ കോടതി പുനഃപരിശോധനാ ഹരജികള്‍ പരിഗണിച്ച് വിധിയില്‍ മാറ്റം വരുത്തണമെന്ന് ആഗ്രഹിക്കാത്ത ഒരേയൊരു കൂട്ടരും ബി ജെ പിയും സംഘ്പരിവാറും മാത്രമായിരിക്കുമെന്നതാണ്. കാരണം അവര്‍ക്ക് നാല് വോട്ടുണ്ടാക്കാനുള്ള ഒരു അവസരം മാത്രമാണ്. അല്ലാതെ വിശ്വാസസംരക്ഷണം ഒരു ലക്ഷ്യമേയല്ല. കേരളത്തിലെ വിശ്വാസികളും അവിശ്വാസികളുമടക്കം ഭൂരിപക്ഷവും ആഗ്രഹിക്കുന്നത് മറിച്ചൊരു വിധി തന്നെയാണ്. പക്ഷേ, കോടതി മൗലികാവകാശമെന്ന വാദം മുന്‍നിര്‍ത്തി വിധി പുറപ്പെടുവിക്കുമ്പോള്‍ സര്‍ക്കാറിന് അത് എങ്ങനെ നടപ്പാക്കാതിരിക്കാനാകും. മതാചാരണങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും മേല്‍ മൗലികാവകാശം പ്രയോഗിക്കുമ്പോള്‍ ആര്‍ക്കും ഒന്നുംചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. കാരണം മൗലികാവകാശം എന്നതിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ അതിന്റെ മേലെ ഒരു നിയമനിര്‍മാണം പോലും അപ്രസക്തമാണ്. ഇതെല്ലാം അറിഞ്ഞു കൊണ്ടുതന്നെയാണല്ലോ കേന്ദ്രത്തില്‍ ഭരണം ഉണ്ടായിട്ടും ഓര്‍ഡിനന്‍സ് വഴി കോടതി വിധി മറികടക്കാതെ സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്നത്.

ഓരോ മതത്തിന്റെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്നതില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകാനിടയില്ല. എന്നാല്‍ ആചാരസംരക്ഷണത്തിന്റെ പേരില്‍ ഹീനമായ മാര്‍ഗങ്ങളിലൂടെ വര്‍ഗീയ ചേരിതിരിവുണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടത് തന്നെയാണ്. പ്രത്യേകിച്ചും സോഷ്യല്‍മീഡിയ വഴിയുള്ള കള്ളപ്രചാരണങ്ങള്‍. ഇന്ന് ജനങ്ങളുടെ അഭിപ്രായ രൂപവത്കരണം നടക്കുന്നത് മുഖ്യമായും ഇത്തരം മാധ്യമങ്ങളിലെ വാര്‍ത്തകളിലൂടെയാകുമ്പോള്‍ പ്രത്യേകിച്ചും.