പരിഹാരമില്ലാതെ രാത്രിയാത്രാ നിരോധം

Posted on: November 16, 2018 9:00 am | Last updated: November 15, 2018 at 9:25 pm

ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം സംബന്ധിച്ച് കര്‍ണാടക- കേരള സര്‍ക്കാറുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹാരമില്ലാതെ തുടരുകയാണ്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഈ പ്രശ്‌നത്തിന് ഇതുവരെയും പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാറിനോ സംസ്ഥാന സര്‍ക്കാറുകള്‍ക്കോ സാധിച്ചിട്ടില്ല. ബന്ദിപ്പൂര്‍ വന്യജീവിസങ്കേതം വഴിയുള്ള ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം നീക്കണമെന്ന് കേരളം ആവശ്യപ്പെടുമ്പോള്‍ അത് സാധിക്കില്ലെന്ന നിലപാടിലാണ് കര്‍ണാടക. പ്രശ്‌നപരിഹാര ഫോര്‍മുലയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയെങ്കിലും ഇതിനെതിരെയും ചില കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരാന്‍ തുടങ്ങിയിരിക്കുന്നത്.

2009 ജൂണ്‍ ഒന്ന് മുതല്‍ അന്നത്തെ ചാമരാജ്‌നഗര്‍ കലക്ടറാണ് വയനാട് അതിര്‍ത്തി മുതല്‍ മദൂര്‍ ചെക്ക്‌പോസ്റ്റ് വരെയുള്ള 18 കിലോമീറ്റര്‍ വനമേഖലയില്‍ രാത്രിയാത്ര പൂര്‍ണമായും നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. വയനാട് – മൈസൂരു ദേശീയപാത കടന്നുപോകുന്ന ബന്ദിപ്പൂരില്‍ രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് ഗതാഗത നിയന്ത്രണം നിലവിലുള്ളത്. ഇതിനെതിരെ കേരളം പ്രതിഷേധം ഉയര്‍ത്തുകയും ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി നല്‍കുകയും ചെയ്തിരുന്നു. ഈ ഹരജിയിലാണ് മേല്‍പ്പാല നിര്‍മാണമെന്ന ബദല്‍ ആശയം രൂപപ്പെട്ടത്. കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയമാണ് പ്രസ്തുത നിര്‍ദേശം സമര്‍പ്പിച്ചത്. എന്നാല്‍, മേല്‍പ്പാലം പദ്ധതിക്കെതിരെ കര്‍ണാടകയിലെ വിവിധ പരിസ്ഥിതി സംഘടനകള്‍ രംഗത്ത് വരികയാണുണ്ടായത്. ഇതോടെ രാത്രിയാത്ര നിരോധനം പിന്‍വലിക്കില്ലെന്നും മേല്‍പ്പാലം പദ്ധതിക്ക് സര്‍ക്കാര്‍ എതിരാണെന്നും കര്‍ണാടക സര്‍ക്കാറിന് നിലപാടെടുക്കേണ്ടിവന്നു.

രാത്രിയാത്രാ നിരോധനം നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ടായെങ്കിലും ഇതിനെ ശക്തിയുക്തം എതിര്‍ക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍ ചെയ്തത്. രാത്രി യാത്രാനിരോധനം എടുത്തുകളയുന്നതോടൊപ്പം ദേശീയപാതയുടെ വീതി വര്‍ധിപ്പിക്കുന്ന പദ്ധതിയാണ് കേന്ദ്രം വിഭാവനം ചെയ്തത്. ഈ പദ്ധതിക്ക് പിന്തുണ തേടി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി വൈ എസ് മാലിക് കഴിഞ്ഞ ജൂലൈ 21ന് കര്‍ണാടക ചീഫ് സെക്രട്ടറിക്ക് കത്തയച്ചെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ല. എന്‍ എച്ച് 766 (കൊല്ലേഗല്‍-മൈസൂര്‍- നഞ്ചന്‍കോട്- ഗുണ്ടല്‍പേട്ട് -താമരശേരി), എന്‍ എച്ച് 67 (ഗുണ്ടല്‍പേട്ട്-ഗൂഡല്ലൂര്‍-ഊട്ടി-നിലമ്പൂര്‍), സംസ്ഥാന ഹൈവേ 33 (എച്ച് ഡി കോട്ടെ- ബാവലി- പാല്‍വെളിച്ചം-പയ്യമ്പള്ളി- മാനന്തവാടി) പാതകളിലാണ് നിലവില്‍ രാത്രിയാത്രക്ക് നിരോധനമുള്ളത്. ബന്ദിപ്പൂര്‍, മുതുമലൈ, നാഗര്‍ഹോളെ, വയനാട് വന്യജീവി സങ്കേതം തുടങ്ങിയ ബഫര്‍ സോണിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതാണ് കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ളത്. ഈ പാതകളില്‍ വാഹനങ്ങളിടിച്ച് വന്യമൃഗങ്ങള്‍ ചത്തുപോവുന്നത് വര്‍ധിച്ചതോടെയാണ് സര്‍ക്കാര്‍ നടപടിയുമായി മുന്നോട്ട് പോയത്.

വര്‍ഷങ്ങളുടെ പഴക്കമുള്ള പ്രശ്‌നമായി തുടരുകയാണ് ഇപ്പോഴും ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം. എന്നിട്ടും ശാശ്വത പരിഹാരം കാണാനുള്ള ഫോര്‍മുലകളൊന്നും ഇതുവരെയും ഉരുത്തിരിഞ്ഞിട്ടുമില്ല. രാത്രിയാത്രക്ക് സഹായകമാവുന്ന വിധത്തില്‍ വനമേഖലയില്‍ മേല്‍പ്പാലങ്ങള്‍ പണിയാന്‍ കേന്ദ്ര ഉപരിതല മന്ത്രാലയം നിര്‍ദേശം മുന്നോട്ട് വെച്ചെങ്കിലും ഇതും അപ്രായോഗികമാണെന്നാണ് കര്‍ണാടക സര്‍ക്കാര്‍ പറയുന്നത്. കേന്ദ്രനിര്‍ദേശത്തോടുള്ള കര്‍ണാടക സര്‍ക്കാറിന്റെ സമീപനമാകട്ടെ കേരളത്തിന് ഉണ്ടാക്കിയിട്ടുള്ള തിരിച്ചടി വളരെ വലുതാണ്. രാത്രി യാത്രാ നിരോധനം നീക്കാനുള്ള നിര്‍ദേശത്തില്‍ ചര്‍ച്ചക്ക് തയ്യാറായ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പ് ശക്തമായതോടെയാണ് നിലപാട് കര്‍ക്കശമാക്കിയത്.

വനമേഖലയില്‍ മേല്‍പ്പാലം പ്രായോഗികമല്ലെന്നാണ് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറയുന്നത്. വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്റെ ഹൃദയഭാഗം ഉള്‍ക്കൊള്ളുന്ന 25 കിലോമീറ്ററില്‍ അഞ്ച് മേല്‍പ്പാലങ്ങള്‍ പണിയുന്നതാണ് പദ്ധതി. ഇതോടെ വന്യമൃഗങ്ങളുടെ സഞ്ചാരം തടയാനും രാത്രിയില്‍ ദേശീയപാതയിലൂടെ ഗതാഗതം നടത്താനും കഴിയുമെന്ന വിലയിരുത്തലുമുണ്ടായി. ഓരോ കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് മേല്‍പ്പാലം നിര്‍മിക്കാന്‍ കേന്ദ്ര നിര്‍ദേശം ഉണ്ടായത്. ഇതിനെതിരെ ബെംഗളൂരുവിലും ബന്ദിപ്പൂര്‍ കടുവ സംരക്ഷണ മേഖലക്ക് സമീപത്തെ മദൂര്‍ ഗേറ്റിലും സമീപനാളില്‍ ശക്തമായ പ്രതിഷേധമാണ് അലയടിച്ചത്. പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ യുനൈറ്റഡ് കണ്‍സര്‍വേഷന്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ വരുംദിവസങ്ങളില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. സേവ് ബന്ദിപ്പൂര്‍, നൈറ്റ് ട്രാഫിക് ബേഡ എന്ന മുദ്രാവാക്യവുമായാണ് പരിസ്ഥിതി സംഘടനകള്‍ പ്രക്ഷോഭം കനപ്പിക്കുന്നത്. രാത്രി യാത്രാ നിരോധനം നീക്കാനാവില്ലെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി. നിരോധനം നീക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയാണ് അതോറിറ്റിയുടെ റിപ്പോര്‍ട്ട്.

വനപാതകളിലൂടെ വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അത് വന മേഖലക്കും പരിസ്ഥിതിക്കും ആഘാതമേല്‍പ്പിക്കാത്ത വിധത്തിലായിരിക്കണം. ഈ വാദത്തില്‍ നിന്നുകൊണ്ട് കര്‍ണാടക മുന്നോട്ട് പോകുമ്പോഴും രാത്രിയാത്ര അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം ഏത് രീതിയില്‍ നടപ്പാക്കുമെന്നത് സംബന്ധിച്ച ചര്‍ച്ചകളും സജീവമാകേണ്ടതുണ്ട്. സമാന്തര പാത ഉപയോഗിക്കണമെന്നുമുള്ള പഴയ നിലപാടാണ് കര്‍ണാടക ആവര്‍ത്തിക്കുന്നത്. കുട്ട- ഗോണിക്കുപ്പ- മാനന്തവാടി റോഡ് വഴിയാണ് ബദല്‍പാത. 2015ല്‍ ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് ബദല്‍പാതയെന്ന നിര്‍ദേശം അംഗീകരിച്ചത്. കൂടുതല്‍ വനമേഖലകള്‍ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചതാണ് ഇത്തരം പാതകളിലൂടെയുള്ള വാഹന ഗതാഗതം ഒഴിവാക്കാന്‍ ഭരണകൂടങ്ങളെ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്.

ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള ഗതാഗതം നിരോധിക്കാന്‍ കര്‍ണാടക വനം വകുപ്പിനെ നിര്‍ബന്ധമാക്കിയ ഘടകവും വേറൊന്നല്ല. രാത്രിയാത്രാ നിരോധനം നീക്കിക്കിട്ടണമെന്ന ആവശ്യം നേടിയെടുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക സര്‍ക്കാറുമായി ഒന്നിലധികം തവണ ആശയ വിനിമയം നടത്തിയിരുന്നുവെങ്കിലും പരിഹാര ഫോര്‍മുല ലക്ഷ്യം കണ്ടിട്ടില്ല. ഇതേ ആവശ്യമുന്നയിച്ച് 2010ലും 2015ലും കര്‍ണാടക സര്‍ക്കാറുമായി കേരളപ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. വനംവകുപ്പ് രാത്രിയാത്ര നിരോധനം നീക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നിന്നതാണ് ഇതിന് വിലങ്ങുതടിയായി ഭവിച്ചത്. രാത്രിയാത്രാ നിരോധനം സംബന്ധിച്ച് കേരളം മുന്നോട്ട് വെച്ച മൂന്ന് നിര്‍ദേശങ്ങള്‍ക്കും യാതൊരു തരത്തിലുമുള്ള പരിഗണനയും ലഭിക്കാതെ പോയി. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയുള്ള യാത്രാ നിരോധനം രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെയാക്കി കുറക്കുക, കോണ്‍വോയ് അടിസ്ഥാനത്തില്‍ ആറ് ഗ്രൂപ്പുകളായി വാഹനങ്ങളെ കടത്തിവിടുക, രാത്രി സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കേരളം മുന്നോട്ടുവെച്ചത്. നിലവില്‍ രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് നിരോധനം. കോണ്‍വോയ് അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തിവിടുന്നതിന് മതിയായ ജീവനക്കാരില്ലെന്നും ജീവനക്കാരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ഇക്കാര്യം പരിഗണിക്കാമെന്നുമാണ് കര്‍ണാടക വനംവകുപ്പ് അറിയിച്ചത്.

സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് രൂപവത്കരിച്ച വിദഗ്ധ സമിതി രാത്രിയാത്ര പിന്തുണക്കുകയാണ് ചെയ്തത്. ബന്ദിപ്പൂര്‍ വഴിയുള്ള ദേശീയപാത ഒഴിവാക്കിയുള്ള യാത്രക്ക് രണ്ട് മണിക്കൂര്‍ സമയമാണ് അധികം വേണ്ടിവരുന്നത്. വന്യമൃഗങ്ങളുടെ സഞ്ചാരത്തിന് കോട്ടം വരാത്ത തരത്തില്‍ ഗതാഗതത്തിനുള്ള അവസരമുണ്ടാക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ കര്‍ണാടകയുമായി ധാരണയിലെത്താതെ സുപ്രീംകോടതിയെ സമീപിക്കുന്നതിനോട് കേരളത്തിന് താല്‍പ്പര്യമില്ല.

നിരോധനം സ്ഥിരമായതോടെ ബെംഗളൂരു- കോഴിക്കോട് റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. ബദല്‍ റോഡുകള്‍ ഗതാഗത യോഗ്യമല്ലാത്തതും പ്രശ്‌നം രൂക്ഷമാക്കുന്നു. രാവിലെ ആറ് മണി കഴിഞ്ഞ് ഗതാഗതം തുടങ്ങുമ്പോള്‍ ചുരം റോഡിലുണ്ടാകുന്ന ഗതാഗതക്കുരുക്കും രൂക്ഷമാണ്. രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നത്തില്‍ കര്‍ണാടകയുടെയും കേരളത്തിന്റെയും തുറന്ന മനസ്സോടെയുള്ള ഇടപെടലുകളാണ് അനിവാര്യം. ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരും വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും കൂടിയാലോചനകള്‍ നടത്തി പ്രശ്‌നത്തിന് പ്രായോഗികമായ പരിഹാരം കണ്ടെത്താന്‍ തയ്യാറാകണം. അതിന് ഇനിയും കാലവിളംബം വന്നുകൂടാ. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ആഗ്രഹിക്കുന്നതും അതാണ്.