Connect with us

Kerala

സുരക്ഷ നല്‍കിയില്ലെങ്കിലും ശബരിമലയിലെത്തും: തൃപ്തി ദേശായി

Published

|

Last Updated

മുംബൈ: സര്‍ക്കാര്‍ സുരക്ഷ ഒരുക്കിയാലും ഇല്ലെങ്കിലും 17ന് താനുള്‍പ്പെടുന്ന ഏഴംഗ സംഘം ശബരിമലയിലെത്തുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി. സംസ്ഥാനത്തെത്തിയ ശേഷം കര്‍മം കഴിഞ്ഞു മടങ്ങും വരെ തനിക്കും സംഘത്തിനും നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ മുഖ്യമന്ത്രിയും പോലീസുമായിരിക്കും ഉത്തരവാദിയെന്ന് അവര്‍ പറഞ്ഞു.
സുരക്ഷയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള അധികാരികള്‍ക്കും പോലീസിനും കത്തയച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ല. സുരക്ഷയില്ലെങ്കിലും 17ന് ശബരിമലയിലെത്തുമെന്ന കാര്യത്തില്‍ മാറ്റമില്ല- ദേശായി വ്യക്തമാക്കി.

തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. എല്ലാ തീര്‍ഥാടകര്‍ക്കും നല്‍കുന്ന സുരക്ഷ തൃപ്തിക്കും നല്‍കുമെന്നല്ലാതെ പ്രത്യേക പരിഗണനയുണ്ടാകില്ല. മണ്ഡലകാലത്ത് ദര്‍ശനത്തിനെത്തുന്ന തനിക്കും സംഘത്തിനും സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി നല്‍കിയ കത്തിന് മറുപടി നല്‍കേണ്ടെന്നും പോലീസ് തീരുമാനിച്ചിരുന്നു. സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തൃപ്തി നേരത്തെ കത്തയച്ചിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, കേരള പോലീസ് മേധാവി, പൂനെ പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് ഇതിന്റെ പകര്‍പ്പുകളും നല്‍കി.

50 വയസ്സില്‍ താഴെ പ്രായക്കാരായ ആറ് വനിതകളാണ് തനിക്കൊപ്പമുണ്ടാവുകയെന്ന് 33കാരിയായ തൃപ്തി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സവിത ജഗന്നാഥ് റാവുത്ത് (29), മനിഷ രാഹുല്‍ തിലേക്കര്‍ (42), സംഗീത ദൊണ്ടിറാം തൊനാപെ (42), ലക്ഷ്മി ഭാനുദാസ് മൊഹിതെ (43), സ്വാതി കൃഷ്ണറാവു വട്ടംവാര്‍ (44), മീനാക്ഷി രാമചന്ദ്ര ഷിന്‍ഡേ (46) എന്നിവരാണവര്‍.

ശബരിമല കയറാന്‍ ശ്രമിച്ചാല്‍ വെട്ടിനുറുക്കുമെന്നും മഹാരാഷ്ട്രയിലേക്ക് മടങ്ങാന്‍ കഴിയില്ലെന്നും മറ്റും ഭീഷണിപ്പെടുത്തി 300ഓളം സന്ദേശങ്ങള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ആവശ്യപ്പെട്ട് അവര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കത്തയച്ചത്. ശബരിമലയിലേക്ക് വാഹന സൗകര്യം, ഗസ്റ്റ് ഹൗസില്‍ താമസം, സുരക്ഷാ ചെലവ്, യാത്രക്കും ഭക്ഷണത്തിനുമുള്ള ചെലവ് തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ശബരിമലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ നിരീക്ഷിക്കാനും വിലയിരുത്താനുമായി ഡി ജി പി. ലോക്നാഥ് ബെഹ്റ ഇന്ന് ഇവിടെയെത്തും.

Latest