രജപക്‌സെക്ക് തിരിച്ചടി; അവിശ്വാസം പാസായി

Posted on: November 14, 2018 12:56 pm | Last updated: November 14, 2018 at 3:22 pm

കൊളംബോ: ശ്രീലങ്കയില്‍ വിവാദങ്ങള്‍ക്കു തിരികൊളുത്തി അധികാരത്തിലേറിയ പ്രസി. മഹിന്ദ രജപക്‌സെക്ക് കനത്ത തിരിച്ചടിയേകി പാര്‍ലിമെന്റില്‍ അവിശ്വാസ പ്രമേയം പാസായി. 225 അംഗ പാര്‍ലിമെന്റിലെ ഭൂരിപക്ഷം അംഗങ്ങളും അവിശ്വാസത്തിനു അനുകൂലമായി വോട്ടു ചെയ്തു.

പ്രസി. മൈത്രിപാല സിരിസേന തന്റെ അധികാരമുപയോഗിച്ച് വിക്രമസിംഗെയെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് മാറ്റി തത്സ്ഥാനത്ത് രജപക്‌സെയെ നിയോഗിക്കുകയും നടപടിക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പായതോടെ പാര്‍ലിമെന്റ് പിരിച്ചുവിടുകയും ചെയ്തിരുന്നു. പാര്‍ലിമെന്റ് പിരിച്ചുവിട്ട നടപടി പിന്നീട് സുപ്രീം കോടതി റദ്ദാക്കി. ജനു: അഞ്ചിനു നടത്താനിരുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനുള്ള നടപടികള്‍ നിര്‍ത്തിവെക്കാനും കോടതി തിരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദേശം നല്‍കി.

ഒക്ടോ: 26നാണ് ശ്രീലങ്കയില്‍ ഭരണ പ്രതിസന്ധിക്കിടയാക്കി വിക്രമസിംഗെയെ പ്രധാനമന്ത്രി പദവിയില്‍ നിന്ന് ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് സിരിസേന പുറപ്പെടുവിച്ചത്. തുടര്‍ന്ന് രജപക്‌സെയെ പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയും ചെയ്തു.