നെഹ്‌റുവിന്റെ പൈതൃകം അട്ടിമറിക്കാന്‍ ശ്രമമെന്ന് സോണിയ

Posted on: November 14, 2018 12:32 pm | Last updated: November 14, 2018 at 12:32 pm

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തിനു സംഭാവന ചെയ്ത പൈതൃകത്തെ അട്ടിമറിക്കാനാണ് ഇന്ന് അധികാരത്തിലിരിക്കുന്നവര്‍ ശ്രമിക്കുന്നതെന്ന് യു പി എ അധ്യക്ഷ സോണിയാ ഗാന്ധി. ഇന്ത്യയുടെ ഉന്നതിക്കു വേണ്ടി പ്രയത്‌നിച്ച പ്രഥമ പ്രധാന മന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട് രാജ്യത്തെ തിന്മകളിലേക്കു തള്ളിവിടുകയാണ് ഭരണാധികാരികള്‍. കോണ്‍. നേതാവ് ശശി തരൂരിന്റെ നെഹ്‌റു: ദി ഇന്‍വെന്‍ഷന്‍ ഓഫ് ഇന്ത്യ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.

രാജ്യത്തിന് അഭിമാനിക്കത്തക്ക വിധം ജനാധിപത്യവും അടിസ്ഥാന മൂല്യങ്ങളും ബലപ്പെടുത്തിയ നേതാവായിരുന്നു നെഹ്‌റുവെന്ന് സോണിയ പറഞ്ഞു. ജനാധിപത്യ വ്യവസ്ഥ കെട്ടിപ്പടുക്കല്‍, മതേതരത്വം സുദൃഢമാക്കല്‍, സോഷ്യലിസ്റ്റ് സാമ്പത്തിക വ്യവസ്ഥ, നിസ്സഹകരണത്തിലൂന്നിയ വിദേശ നയം എന്നിവയായിരുന്നു നെഹ്‌റുവിയിനിസത്തിന്റെ അടിസ്ഥാന സ്തംഭങ്ങളെന്ന് തരൂരിന്റെ പുസ്തകത്തില്‍ വിശദമാക്കിയിട്ടുണ്ട്. ദേശീയതയിലൂന്നിയ ഇത്തരം സമഗ്ര കാഴ്ചപ്പാടുകള്‍ക്കെതിരെ കടുത്ത വെല്ലുവിളികളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.

വിഭജനം ഒഴിവാക്കാന്‍ നെഹ്‌റു കിണഞ്ഞു പരിശ്രമിച്ചിരുന്നുവെങ്കിലും അത് സംഭവിച്ച ശേഷം പാക്കിസ്ഥാന്‍ മുസ്ലിങ്ങള്‍ക്കും ഇന്ത്യ ഹിന്ദുക്കള്‍ക്കും വേണ്ടി മാത്രമുള്ളതാണെന്ന നിലപാട് അദ്ദേഹം ഒരിക്കലും അംഗീകരിച്ചിരുന്നില്ല. നെഹ്‌റുവിന്റെ നയങ്ങള്‍ മുന്‍ കോണ്‍. സര്‍ക്കാറുകള്‍ മുന്നോട്ടു കൊണ്ടുപോയതിന്റെ അനന്തര ഫലങ്ങളാണ് പഞ്ചായത്ത് രാജ്, അറിയാനുള്ള അവകാശം തുടങ്ങിയവയെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.