Connect with us

Articles

ശബരിമല: അര്‍ധവിരാമവും സങ്കീര്‍ണതകളും

Published

|

Last Updated

ശബരിമല യുവതീപ്രവേശ പ്രശ്‌നത്തിലെ സുപ്രീം കോടതിയുടെ ഇന്നലത്തെ ഉത്തരവ് സ്ത്രീ പ്രവേശത്തോട് യോജിപ്പുള്ളവരും എതിര്‍ക്കുന്നവരും തങ്ങള്‍ക്ക് അനുകൂലമാണെന്ന് സ്ഥാപിക്കാന്‍ മത്സരിക്കുകയാണ്. യുവതീ പ്രവേശം അനുവദിക്കുന്ന ഭരണഘടനാ ബഞ്ച് ഉത്തരവിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാമെന്ന് മാത്രമേ സുപ്രീം കോടതി പറഞ്ഞിട്ടുള്ളൂ. യുവതീ പ്രവേശം അനുവദിച്ച് നേരത്തെ ഇറക്കിയ ഉത്തരവിന് സ്റ്റേ ഇല്ല. എന്നാല്‍, പുതിയ ഉത്തരവിന്റെ വിജയാഘോഷമാണ് പലയിടത്തും. ആഹ്ലാദപ്രകടനം വരെ നടന്ന് കഴിഞ്ഞു. ഒരു സംഘര്‍ഷാത്മക സാഹചര്യം നിലനില്‍ക്കെ അതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുള്ള തീര്‍പ്പ് വേണമെന്ന ആഗ്രഹം പ്രകടമാകുന്നതാണ് കോടതിയുടെ നിലപാടെന്നതില്‍ കവിഞ്ഞ് ആര്‍ക്കെങ്കിലും ആഹ്ലാദിക്കാനോ നിരാശപ്പെടാനോ ഭരണഘടനാ ബഞ്ചിന്റെ ഇന്നലെ സ്വീകരിച്ച നിലപാട് അവസരം നല്‍കുന്നില്ല. മാത്രമല്ല, യുവതി പ്രവേശത്തിനുള്ള അനുമതി സ്റ്റേ ചെയ്യുന്നില്ലെന്ന വിധിയിലെ പരാമര്‍ശം മണ്ഡല കാല നാളുകളിലെ സ്ഥിതി സങ്കീര്‍ണമാക്കാന്‍ പര്യാപ്തവുമാണ്. അതേസമയം, പുനഃപരിശോധനാ ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കുന്നത് അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണെന്ന വസ്തുത ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങളില്‍ മെറിറ്റ് ഉണ്ടെന്ന് ഉള്‍ക്കൊണ്ടാണെന്ന വാദത്തിനും പ്രസക്തിയുണ്ട്.
ഓരോരുത്തര്‍ക്കും തങ്ങള്‍ക്ക് അനുകൂലമായി വിധിയെ വ്യാഖ്യാനിക്കാന്‍ അവസരം നല്‍കുന്നുണ്ടെന്നത് വസ്തുത. നിയമ പണ്ഡിതരില്‍ നിന്ന് തന്നെ രണ്ടഭിപ്രായം ഉയര്‍ന്നതിലും വ്യാഖ്യാനങ്ങളിലെ വിരുദ്ധനിലപാടുകളാണ്. രണ്ടിലൊരു തീര്‍പ്പ് ഇന്നലെ ഉണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു പൊതുവിലുണ്ടായിരുന്നത്. ഒന്നുകില്‍ മുന്‍ ഉത്തരവിന് സ്റ്റേ ലഭിക്കും. അല്ലെങ്കില്‍ പുനഃപരിശോധനാ ഹരജി ചേംബറില്‍ പരിശോധിച്ച് അപ്പാടെ തള്ളും. ഇത് രണ്ടും ഉണ്ടായില്ലെന്നതാണ് സ്ഥിതി സങ്കീര്‍ണമാക്കുന്നത്.

വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ടാണ് ശബരിമല സ്ത്രീപ്രവേശ പ്രശ്‌നം ഉയര്‍ന്ന് വന്നതെങ്കിലും ഇന്ന് ഇതിന് രാഷ്ട്രീയ പ്രശ്‌നമായി അവസ്ഥാന്തരം വന്നിട്ടുണ്ട്. രഥമുരുട്ടുന്ന ശ്രീധരന്‍പിള്ളയും വിശ്വാസം സംരക്ഷിക്കാന്‍ ഇറങ്ങിയ കെ സുധാകരനും കെ മുരളീധരനുമെല്ലാം മുന്നില്‍ കാണുന്നത് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പാണ്. കേരളത്തില്‍ ഒരു ഇടമാണ് ബി ജെ പിക്ക് വേണ്ടത്. സ്ത്രീപ്രവേശ പ്രശ്‌നത്തില്‍ ആര്‍ എസ് എസും ബി ജെ പിയുമെല്ലാം നിലപാട് മാറ്റിയത് ഈ ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. ശബരിമല പ്രശ്‌നത്തിന് സുപ്രീം കോടതി ഇന്നലെ ഒരു ഫുള്‍സ്റ്റോപ്പ് നല്‍കിയിരുന്നെങ്കില്‍ നിലവിലെ സാഹചര്യങ്ങളും മാറുമായിരുന്നു. അങ്ങനെയൊന്ന് ഉണ്ടായില്ലെന്നത് രാഷ്ട്രീയ നേട്ടം ലക്ഷ്യമിടുന്നവര്‍ക്ക് മുന്നില്‍ വലിയ അവസരമാണ് തുറന്നിടുന്നത്.

ഈ മാസം 16നാണ് മണ്ഡല കാലത്തിന് നട തുറക്കുന്നത്. മുന്‍ ഉത്തരവ് സ്റ്റേ ചെയ്യാത്തതിനാല്‍ ദര്‍ശനത്തിന് യുവതികളെത്തുമെന്ന കാര്യം ഉറപ്പാണ്. സ്ത്രീ പ്രവേശ വാദമുന്നയിക്കുന്ന തൃപ്തി ദേശായി അടക്കമുള്ളവര്‍ മല ചവിട്ടുമെന്ന് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഫലത്തില്‍ മണ്ഡലകാലം സങ്കീര്‍ണമാകുമെന്ന് സാരം. ഇതാണ് “ആചാര സംരക്ഷകര്‍ക്ക്” മുന്നില്‍ അവസരം തുറന്നിടുന്നതും. സങ്കീര്‍ണമായ ഈ സാഹചര്യം സര്‍ക്കാര്‍ എങ്ങനെ നേരിടുമെന്നതും പ്രസക്തമാണ്. വിധി നടപ്പാക്കുന്നതിലെ തിടുക്കം എന്ന പഴികേട്ടതിനാല്‍ ഇനി കരുതലോടെ നീങ്ങുമെന്ന് വേണം കരുതാന്‍. സര്‍വകക്ഷി യോഗം വിളിക്കാനുള്ള തീരുമാനം നല്ല ചുവടുവെപ്പാണ്. യോഗം വിളിച്ചത് കൊണ്ട് ആരെങ്കിലും നിലപാട് മാറ്റുമെന്ന് കരുതുന്നില്ല. പക്ഷേ, ഒരു ജനാധിപത്യ സംവിധാനത്തില്‍ സങ്കീര്‍ണ പ്രശ്‌നങ്ങളില്‍ കൂട്ടായ ചര്‍ച്ചകളില്ലാതെ തീര്‍പ്പുണ്ടാക്കുന്നത് പ്രശ്‌നം കൂടുതല്‍ വഷളാക്കുമെന്ന് മാത്രമല്ല, കൈവിട്ട് പോകുമ്പോള്‍ പ്രതിരോധിക്കാനുള്ള ആയുധം നഷ്ടപ്പെടുത്തുകയും ചെയ്യും.

സര്‍ക്കാറിനെ സംബന്ധിച്ച് ഏതെങ്കിലും തരത്തില്‍ ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല സുപ്രീംകോടതി ഉത്തരവ്. വിധി പകര്‍പ്പില്‍ സ്റ്റേ ഇല്ലെന്ന് ആവര്‍ത്തിക്കുമ്പോഴും നിയമോപദേശം തേടേണ്ടി വരുന്നത് അവ്യക്തതകള്‍ നിലനില്‍ക്കുന്നത് കൊണ്ടാണ്. സ്റ്റേ ഇല്ലെങ്കിലും പുനഃപരിശോധിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സ്റ്റാറ്റസ്‌കോ നിലനില്‍ക്കുമെന്ന വാദം ഉയര്‍ന്നത് കൂടി പരിഗണിച്ചാണ് നിയമോപദേശം തേടാനുള്ള തീരുമാനം. ഇക്കാര്യത്തില്‍ സര്‍വകക്ഷി യോഗത്തിലെ നിലപാടുകളും നിര്‍ണായകമാകും.

യുവതീ പ്രവേശം തടയുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ബി ജെ പി പ്രഖ്യാപിച്ചുകഴിഞ്ഞു. മണ്ഡലകാലം സുഗമമാകില്ലെന്നതിന്റെ പ്രഖ്യാപനം കൂടിയാണ് ഈ നിലപാടിലൂടെ വ്യക്തമാകുന്നത്. അഞ്ഞൂറിലധികം യുവതികള്‍ ഇതിനകം ശബരിമല ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍ വരുന്നത്. തുലാമാസ പൂജക്ക് നട തുറന്നപ്പോള്‍ ഏതാണ്ട് 14 പേരാണ് മല ചവിട്ടാനെത്തിയത്. എല്ലാവരും പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറി. പലരും സന്നിധാനത്തേക്ക് നടന്നുകയറി തുടങ്ങിയ ശേഷമാണ് പിന്മാറേണ്ടി വന്നത്. ചിത്തിര ആട്ട തിരുനാളിന് നട തുറന്നപ്പോള്‍ ദര്‍ശനത്തിന് വന്നവരെ പമ്പയില്‍ നിന്ന് തന്നെ പോലീസ് തിരിച്ചയച്ചു. ഈ രീതി എന്തായാലും മണ്ഡലകാലത്ത് നടക്കില്ല. സംരക്ഷണം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവുമായി പോലും യുവതികളെത്താന്‍ ഒരുങ്ങുന്നു എന്നാണ് വിവരം. ഇവര്‍ക്ക് സുരക്ഷിതമായി മല ചവിട്ടാന്‍ അവസരം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതാണ്. വരുന്നവരെ തടയാന്‍ സംഘ്പരിവാര്‍ ഒരുങ്ങിയിരിക്കുന്നതിനാല്‍ മണ്ഡലകാലവും സംഘര്‍ഷത്തിലേക്ക് നീങ്ങും. ശബരിമല സുവര്‍ണാവസരമാണെന്ന് ബി ജെ പി ഇതിനകം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കരുതലോടെ നീങ്ങിയില്ലെങ്കില്‍ അപകടം ഉറപ്പ്.

---- facebook comment plugin here -----

Latest