സമുന്നതമായ പാരമ്പര്യം

മുത്ത് റസൂലിന്റെ പിതൃപരമ്പരയിലുള്ളവരെല്ലാം സമുന്നത വ്യക്തിത്വമുള്ളവരും ഏകദൈവ വിശ്വാസത്തില്‍ അടിയുറച്ചുനിന്നവരുമായിരുന്നു. നബി(സ) പറഞ്ഞു: ''അല്ലാഹു ഇബ്‌റാഹീം നബിയുടെ സന്താനങ്ങളില്‍ നിന്ന് ഇസ്മാഈല്‍(അ)നെ പ്രത്യേകം തിരഞ്ഞെടുത്തു. അവരില്‍ നിന്നും ഖുറൈശികളെയും അവരില്‍ നിന്നും ബനൂ ഹാശിമിനെയും ബനൂ ഹാശിമില്‍ നിന്നും എന്നേയും തിരഞ്ഞെടുത്തു.'' (മുസ്‌ലിം)
Posted on: November 13, 2018 6:03 am | Last updated: November 23, 2018 at 10:01 pm

മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാന്‍ സ്രഷ്ടാവായ അല്ലാഹു തിരഞ്ഞെടുത്ത യച്ചവരാണല്ലോ പ്രവാചകന്മാര്‍. അവരുടെ വിശുദ്ധ ജീവിതം നിരുപാധികം അനുധാവനം ചെയ്യാന്‍ നാം കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഒരു തരത്തിലുള്ള ന്യൂനതകളും തൊട്ടുതീണ്ടാത്തവരെ മാത്രമേ ഇവ്വിധം നമുക്ക് അനുകരിക്കാന്‍ സാധിക്കുകയുള്ളൂ. ഉന്നത പാരമ്പര്യവും തറവാടിത്തവും ജനങ്ങള്‍ അംഗീകരിക്കുന്ന ഒരു പ്രധാന ഗുണമേന്മയാണ്. അതുകൊണ്ട് തന്നെ ഉത്കൃഷ്ട തറവാടുകളിലാണ് പ്രവാചകന്മാരെല്ലാം പിറന്നിട്ടുള്ളത്.
മുത്ത് നബി(സ)യെ കുറിച്ച് അല്ലാഹു തന്നെ വിശദീകരിക്കുന്നത് കാണുക. ”നിങ്ങളിലെ ഉന്നത തറവാട്ടില്‍ നിന്നുള്ള ഒരു ദൂതന്‍ ഇതാ വന്നിരിക്കുന്നു. നിങ്ങള്‍ ക്ലേശിക്കുന്നത് ആ ദൂതന് അസഹ്യമാണ്. നിങ്ങള്‍ സന്മാര്‍ഗികളാവുന്നതില്‍ അത്യാഗ്രഹിയുമാണ്. സത്യവിശ്വാസികളോട് വളരെ കൃപയും കാരുണ്യവുമുള്ളയാളുമാണ്. (തൗബ 128)

തിരുനബി(സ)ക്ക് അല്ലാഹു നല്‍കിയ പല പ്രത്യേകതകളില്‍ ഒന്നാണ് അവിടുത്തെ ചരിത്രം സംരക്ഷിക്കപ്പെട്ടു എന്നത്. ജനിക്കുന്നതിന് മുമ്പ് തന്നെ ചരിത്രമെഴുതപ്പെട്ട വ്യക്തിത്വമാണ് മുത്ത് നബി(സ). പൂര്‍വവേദങ്ങളിലെല്ലാം പ്രവാചകരെ കുറിച്ച് കൃത്യമായ വിവരണങ്ങളുണ്ട്. ആ തിരുമേനിയിലെ അടയാളങ്ങള്‍ വരെ വേദപുസ്തകങ്ങളില്‍ പരാമര്‍ശിച്ചതായി കാണാം. തിരുദൂതരുടെ പരസ്യ ജീവിതവും സ്വകാര്യ ജീവിതത്തില്‍ നിന്ന് ജനങ്ങള്‍ക്കാവശ്യമായതും വസ്തുനിഷ്ഠമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. വഫാത്തിന്റെ സമയത്ത് അവിടുത്തെ ശിരസ്സിലും താടിരോമങ്ങളിലുമായി നരബാധിച്ച മുടികള്‍ 19 എണ്ണമായിരുന്നുവെന്ന് പോലും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് നാം ജീവിക്കുന്നത് ഇന്റര്‍നെറ്റ് യുഗത്തിലാണ്. ഒരാള്‍ക്ക് അയാളുടെ ചരിത്രങ്ങള്‍ മുഴുവന്‍ ചെറിയൊരു മെമ്മറി ചിപ്പില്‍ ശേഖരിച്ച് സൂക്ഷിക്കാന്‍ പുതിയ സാങ്കേതിക വിദ്യയിലൂടെ സാധിക്കും. പക്ഷേ, ഏതൊരാളോടും തന്റെ പിതൃപരമ്പരയെ സംബന്ധിച്ച് ചോദിച്ചാല്‍ ഒന്നോ രണ്ടോ പിതാക്കളുടെ പേര് പറയാന്‍ സാധിച്ചേക്കും. അതിനപ്പുറത്തുള്ളവരുടെ ചരിത്രം പോകട്ടെ, പേര് പോലും പറയാന്‍ സാധിക്കുന്നവര്‍ വിരളമായിരിക്കും. എന്നാല്‍, കടലാസ് പോലും കണ്ടുപിടിക്കപ്പെടാത്ത കാലത്ത് ജീവിച്ച മുത്ത് നബി(സ)യെ കുറിച്ച് അവിടുത്തെ 20 ഉപ്പാപ്പമാരെ സംബന്ധിച്ചുള്ള ചരിത്രങ്ങള്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നത് അല്ലാഹുവിന്റെ പ്രത്യേകമായ പരിഗണനയുടെ ഭാഗമാണെന്ന് വേണം വിശ്വസിക്കാന്‍.

പിതാവ് അബ്ദുല്ല(റ) അടക്കം 20 പിതാക്കന്മാരുടെ പേര് നബി(സ) തന്നെ പറഞ്ഞതായ ഹദീസ് ഇമാം ബൈഹഖി(റ) ഉദ്ധരിച്ചിട്ടുണ്ട്. അബ്ദുല്‍ മുത്വലിബ്, ഹാശിം, അബ്ദുമനാഫ്, ഖുസയ്യ്, കിലാബ്, മുര്‍റത്ത്, കഅബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്ര്‍, മാലിക്, നള്ര്‍, കിനാന, ഖുസൈമ, മുദ്‌രിക, ഇല്‍യാസ്, മുളര്‍, നിസാര്‍, മുഅദ്ദ്, അദ്‌നാന്‍ എന്നിവരാണവര്‍. ഇത്ര സുദീര്‍ഘമായ പിതൃപരമ്പര ഒരാള്‍ക്ക് പറയാന്‍ സാധിക്കുക എന്നത് തന്നെ കൗതുകകരമാണ്.
ഇപ്രകാരം അദ്‌നാന്‍ മുതല്‍ ഇബ്‌റാഹീം നബി വരെയുള്ള പിതൃപരമ്പരയും ഇബ്‌റാഹീം(അ) മുതല്‍ ആദം (അ) വരെയുള്ള പരമ്പരയും ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതില്‍ വിശ്വാസ്യത കുറവുള്ളതിനാല്‍ അത് പലരും പരാമര്‍ശിക്കാറില്ല.
മുത്ത് റസൂലിന്റെ പിതൃപരമ്പരയിലുള്ളവരെല്ലാം സമുന്നത വ്യക്തിത്വമുള്ളവരും ഏകദൈവ വിശ്വാസത്തില്‍ അടിയുറച്ചുനിന്നവരുമായിരുന്നു. നബി(സ) തന്നെ പറയട്ടെ:”അല്ലാഹു ഇബ്‌റാഹീം നബിയുടെ സന്താനങ്ങളില്‍ നിന്ന് ഇസ്മാഈല്‍(അ)നെ പ്രത്യേകം തിരഞ്ഞെടുത്തു. അവരില്‍ നിന്നും ഖുറൈശികളെയും അവരില്‍ നിന്നും ബനൂ ഹാശിമിനെയും ബനൂ ഹാശിമില്‍ നിന്നും എന്നേയും തിരഞ്ഞെടുത്തു. (മുസ്‌ലിം)
ഇമാം റാസി(റ) തന്റെ തഫ്‌സീറില്‍ ഇപ്രകാരം രേഖപ്പെടുത്തി: നബിയുടെ മാതാപിതാക്കളെല്ലാം മുസ്‌ലിംകളായിരുന്നു. ‘ഞാന്‍ വിശുദ്ധ പിതാക്കളുടെ മുതുകില്‍ നിന്നും പരിശുദ്ധകളായ മാതാക്കളുടെ ഗര്‍ഭാശയത്തിലൂടെ നീക്കം ചെയ്യപ്പെട്ടുകൊണ്ടിരുന്നു.’ എന്ന നബിവചനം ഇതറിയിക്കുന്നുണ്ട്. മാത്രമല്ല, അല്ലാഹുവില്‍ പങ്കുകാരെ ചേര്‍ക്കുന്നവന്‍ മാലിന്യമാണ് എന്ന് അല്ലാഹു പറഞ്ഞിരിക്കെ അത്തരത്തിലൊരാള്‍ നബിയുടെ പിതൃപരമ്പരയിലുണ്ടാകുകയില്ല.(അസ്‌റാറുതന്‍സീല്‍) ഇബ്‌റാഹീം നബിയുടെ പിതാവ് ആസര്‍ ബഹുദൈവ വിശ്വാസിയായിരുന്നുവെന്ന് ഖുര്‍ആനില്‍ സൂചിപ്പിക്കുന്നില്ലേ എന്ന് സംശയിക്കുന്നവരുണ്ടാകും. പിതാവ് എന്ന അര്‍ഥത്തില്‍ അബ്, വാലിദ് എന്നിങ്ങനെ രണ്ട് പ്രയോഗങ്ങള്‍ അറബി ഭാഷയില്‍ കാണാം. ഇതില്‍ വാലിദ് എന്ന് പ്രയോഗിച്ചാല്‍ ഉത്പാദിപ്പിച്ച സ്വന്തം പിതാവ് എന്ന് തന്നെ അര്‍ഥം കല്‍പ്പിക്കാം. എന്നാല്‍, ‘അബ്’ എന്ന് പ്രയോഗിക്കുമ്പോള്‍ അത് പിതൃസഹോദരന്മാര്‍ക്കും വല്യുപ്പമാര്‍ക്കും ദത്തെടുത്ത പിതാവിനുമൊക്കെ പ്രയോഗിക്കാം. ഖുര്‍ആനില്‍ ആസറിനെ ‘അബ്’ എന്നാണ് പ്രയോഗിച്ചിട്ടുള്ളത്. അതിനാല്‍, അദ്ദേഹം ഇബ്‌റാഹീം നബിയുടെ പിതൃസഹോദരനാണ്. സ്വന്തം പിതാവല്ല. മറ്റു പ്രമാണങ്ങളുമായി യോജിക്കണമെങ്കില്‍ ഇങ്ങനെ വ്യാഖ്യാനിക്കണമെന്ന് ഇമാം റാസി(റ)യെ പോലുള്ളവര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

മുത്ത് നബിയുടെ മാതാവും അക്കാലത്തെ ഏറ്റവും വിശുദ്ധയായ സ്ത്രീയായിരുന്നു. നബി(സ)യുടെ പിതൃപരമ്പരയിലെ കിലാബിന്റെ മറ്റൊരു സന്താനമായ സുഹ്‌റത്തിന്റെ പേരമകന്‍ വഹബിന്റെ മകളാണ് ഉമ്മ ആമിന ബീവി(റ). ജാഹിലിയ്യ കാലത്തെ ഒരു തരത്തിലുള്ള അന്ധവിശ്വാസവും വിശ്വാസ വൈകല്യങ്ങളുമൊന്നും അവരില്‍ നിന്നും സംഭവിച്ചിട്ടില്ല.