Connect with us

National

റഫേല്‍ ഇടപാട്: വിശദാംശങ്ങള്‍ കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. കോടതി ഉത്തരവു പ്രകാരമാണിത്. മുദ്രവെച്ച കവറില്‍ നല്‍കിയ രേഖയില്‍ വിമാനങ്ങളുടെ വില വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 31നാണ് റഫേല്‍ യുദ്ധ വിമാനങ്ങളുടെ വില, ഉപയോഗിച്ച സാങ്കേതിക വിദ്യ, ഇടപാടില്‍ റിലയന്‍സ് കമ്പനിയുടെ പങ്ക് തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങള്‍ പത്തു ദിവസത്തിനകം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് പരമോന്നത കോടതി നിര്‍ദേശിച്ചിരുന്നത്. 14നാണ് ഇതുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുക.

ഇടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ഒന്നും ഒളിക്കാനില്ലെന്നും എന്നാല്‍, സുപ്രീം കോടതി ജഡ്ജിമാര്‍ക്കു മുമ്പില്‍ മാത്രമെ വിലയും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തുകയുള്ളൂവെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.

ഫ്രാന്‍സില്‍ നിന്ന് 36 റഫേല്‍ യുദ്ധ ജെറ്റുകള്‍ വാങ്ങിയതില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ മനോഹര്‍ ലാല്‍ ശര്‍മയും വിനീത് ദണ്ഡയുമാണ് ആദ്യം ഹരജി നല്‍കിയത്. തുടര്‍ന്ന് ആം അദ്മി പാര്‍ട്ടി എം പി. സഞ്ജയ് സിംഗും അപേക്ഷ നല്‍കി. മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ എന്നിവരുടെ ഹരജികളും സുപ്രീം കോടതി മുമ്പാകെയുണ്ട്.

Latest