Connect with us

Articles

വിഡ്ഢിത്തത്തിന്റെ രണ്ടാണ്ടിനു ശേഷവും

Published

|

Last Updated

ഇന്ത്യന്‍ യൂണിയന്റെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മൊഴിമുത്തുകളുടെ ശേഖരമുണ്ട്. 2014 മെയില്‍ അധികാരമേറ്റതുമുതലിങ്ങോട്ട് “മേരെ പ്യാരേ ദേശ് വാസിയോം” എന്ന അഭിസംബോധനയോടെയും അല്ലാതെയും നരേന്ദ്ര മോദി നടത്തിയ പ്രസംഗങ്ങളില്‍ നിന്നുള്ള ഉദ്ധരണികളാണ് ഏറെയും. ഒരു കൗതുകത്തിന് പരതി. 2016 നവംബര്‍ 13ന് ഗോവയില്‍ മോപ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് തറക്കല്ലിട്ട് കണ്ണീരും കൈയുമായി നടത്തിയ വാഗ്‌ധോരണിയില്‍ നിന്ന് എന്തെങ്കിലും ശേഖരത്തിലുണ്ടോ എന്ന്? 2016 നവംബര്‍ എട്ടിന് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ പൊതു പ്രസംഗമായിരുന്നു നവംബര്‍ 13ലേത്. കുറ്റം പറയരുതല്ലോ, വെബ്‌സൈറ്റിലുള്ള പ്രസംഗങ്ങളുടെ ശേഖരത്തില്‍ സംഗതിയുണ്ട് – രാഷ്ട്രഭാഷയില്‍, നെടുനീളത്തില്‍.

മൊഴിമുത്തുകളുടെ ശേഖരത്തില്‍ ഗോവ പ്രസംഗത്തിലെ ഉദ്ധരണികള്‍ ഉണ്ടോ ഇല്ലയോ എന്നത്, രാജ്യത്തെ ജനങ്ങളെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്നതല്ല. പക്ഷേ, രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയ വലിയ വാഗ്ദാനങ്ങളിലൊന്ന് പോലും മൊഴിമുത്തുകളുടെ ശേഖരത്തില്‍ വേണ്ടെന്ന് പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ വെബ്‌സൈറ്റിന്റെ കൈകാര്യകര്‍തൃത്വമുള്ളവരോ തീരുമാനിക്കുമ്പോള്‍, ചിലതക്കെ മറക്കുകയോ മറയ്ക്കുകയോ ആണ് ചെയ്യുന്നത്. പാളിപ്പോയ വാഗ്ദാനങ്ങള്‍ പലതുണ്ട് മൊഴിമുത്ത് ശേഖരത്തില്‍. പക്ഷേ ഗോവയിലേതിനോളം പാളിയത് വേറെയുണ്ടെന്ന് തോന്നുന്നില്ല. അതിലും വലുത് ആകെയുള്ളത് നോട്ട് അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം മാത്രമാണ്. ഒരുപക്ഷേ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വങ്കത്തം. ആ പ്രഖ്യാപനവും മൊഴിമുത്തുകളുടെ ശേഖരത്തിലില്ല.

“”അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ സുപ്രധാന ചുവടുവെപ്പാണ് എട്ടാം തീയതി (2016 നവംബര്‍ എട്ട്) ഉണ്ടായത്. സ്വന്തം ചിന്ത പോലും കൈമോശംവന്ന ചിലയാളുകള്‍, സംഗതികളെ അവരുടെ സ്‌കെയിലുകൊണ്ട് ഇപ്പോഴും അളക്കുകയാണ്. ഞാന്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്‌കെയില്‍ മാറ്റാന്‍ അവര്‍ തയ്യാറായിരുന്നുവെങ്കില്‍ ഈ പ്രശ്‌നം ഉദിക്കുമായിരുന്നില്ല. കള്ളപ്പണത്തിനും അഴിമതിക്കും എതിരെ നിലപാടെടുക്കുന്ന സര്‍ക്കാറിനായാണ് 2014ല്‍ ജനം വോട്ട് ചെയ്തതെന്ന് അവര്‍ മനസ്സിലാക്കണമായിരുന്നു. നിങ്ങള്‍ എന്നോടിത് ആവശ്യപ്പെട്ടു, അത് ചില പ്രയാസങ്ങളുണ്ടാക്കുമെന്ന് നിങ്ങള്‍ക്കറിയാം””…””സത്യസന്ധരായവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഈ സര്‍ക്കാറുണ്ടാക്കുകയില്ല. ചതിയന്‍മാരെ ശിക്ഷിക്കണമെങ്കില്‍ 50 ദിവസത്തേക്ക് ചില പ്രയാസം അനുഭവിക്കേണ്ടിവരും. നിങ്ങള്‍ എന്നെ പിന്തുണയ്ക്കില്ലേ? എട്ടാം തീയതി രാത്രി പാവപ്പെട്ടവര്‍ സമാധാനത്തോടെ ഉറങ്ങി. സമ്പന്നര്‍ പുറത്തിറങ്ങി, ഉറക്ക ഗുളിക വാങ്ങാന്‍, പക്ഷേ അവര്‍ക്കത് കിട്ടിയില്ല””…””വലിയ അഴിമതികളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇനി 4000 രൂപ കിട്ടുന്നതിനുള്ള നീണ്ട നിരയില്‍ നില്‍ക്കേണ്ടിവരും”” – ഗോവയിലെ പ്രസംഗത്തില്‍ നിന്ന്.

വിദേശനാണയ കൈകാര്യ നിയമം ലംഘിച്ചുവെന്ന് ആരോപണത്തെത്തുടര്‍ന്ന് ആദായ നികുതി വകുപ്പിന്റെ അന്വേഷണം നേരിട്ട സഞ്ജയ് ഭണ്ഡാരി രാജ്യം വീട്ടുപോയത്, കള്ളപ്പണക്കാരായ സമ്പന്നര്‍ക്കൊക്കെ ഉറക്കം നഷ്ടപ്പെട്ട് ഒരു മാസം കഴിയുമ്പോഴാണ്. കൃത്യമായി പറഞ്ഞാര്‍ 2016 ഡിസംബര്‍ 16ന്. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ചില പ്രതിരോധ രഹസ്യങ്ങള്‍ സഞ്ജയ് ഭണ്ഡാരിയുടെ വീട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. ആ ദേഹമാണ് നേപ്പാള്‍ വഴി, ലണ്ടനിലേക്ക് പോയത്, ഇപ്പോഴും അവിടെ ഉണ്ടുറങ്ങി വാഴുന്നതും. സഞ്ജയ് ഭണ്ഡാരി രാജ്യാതിര്‍ത്തിക്ക് പുറത്ത് സുഖമായി ഉറങ്ങുമ്പോള്‍, നവംബര്‍ എട്ടിന് രാത്രി “സുഖമായി ഉറങ്ങിയ” പാവപ്പെട്ടവരൊക്കെ അസാധുവായ നോട്ടുകള്‍ കൈമാറാനും പുതിയ നോട്ടുകള്‍ വാങ്ങാനും വരി നില്‍ക്കുകയായിരുന്നു.

സമ്പന്നര്‍ക്കൊക്കെ ഉറക്കം നഷ്ടപ്പെട്ട ആ രാത്രിക്ക്, ഏതാണ്ട് ഏഴ് മാസം മുമ്പാണ് വിജയ് മല്യ ലണ്ടനിലേക്ക് സസുഖം പറന്നത്. പൊതുമേഖലയിലും അല്ലാതെയുമുള്ള ബേങ്കുകളില്‍ നിന്നായി 9,000 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തിയെന്ന കേസില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ദീപക് തല്‍വാര്‍, നീരവ് മോദി, മുകുല്‍ ചോക്‌സി, ജതിന്‍ മേത്ത, ആഷിഷ് ജോബന്‍പുത്ര, ചേതന്‍ ജയന്തിലാല്‍ സന്ദേശര, നിതിന്‍ ജയന്തിലാല്‍ സന്ദേശര, ദീപ്തിബെന്‍ ചേതന്‍കുമാര്‍ സന്ദേശര എന്നിങ്ങനെ 28 പേരാണ് സാമ്പത്തിക തട്ടിപ്പുകേസുകളില്‍ ആരോപണവിധേയരായതിന് ശേഷം രാജ്യം വിട്ടുപോയത്. 2010ല്‍ യു പി എ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ രാജ്യം വിട്ട ലളിത് മോദി (ക്രിക്കറ്റ് ബിസിനസ്സ് ഫെയിം) യും ഈ പട്ടികയിലുണ്ട്. വിവിധ വിദേശരാജ്യങ്ങളിലായി എട്ട് വര്‍ഷമായി സുഖമായി ഉറങ്ങുന്നുണ്ട് ലളിത് മോദി. നാലര വര്‍ഷത്തെ സുഖനിദ്രക്ക് കാവല്‍, നരേന്ദ്ര മോദി സര്‍ക്കാറായിരുന്നു. ഇവരിലാര്‍ക്കും ബേങ്കുകള്‍ക്ക് മുന്നിലെ നീണ്ട നിരകളില്‍ ഇടം നോക്കേണ്ടിവന്നതുമില്ല.

“”അവര്‍ (കള്ളപ്പണം ഇല്ലാതാക്കാനുള്ള നടപടികളെ എതിര്‍ക്കുന്നവര്‍) എന്നെ ജീവനോടെ വിടില്ല. അവരെന്നെ നശിപ്പിക്കും. എന്ത് വേണമെങ്കിലും ചെയ്‌തോട്ടെ. നിങ്ങളെനിക്ക് 50 ദിവസം തരൂ. അങ്ങനെ എന്നെ സഹായിക്കൂ. ഇത് അവസാനമല്ല (കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ യുദ്ധത്തിന്റെ അവസാനമല്ലെന്ന്). ഞാന്‍ തുറന്ന് പറയുകയാണ്, ഇത് പൂര്‍ണ വിരാമമല്ല. കള്ളത്തരവും അഴിമതിയും ഇല്ലാതാക്കാന്‍ എന്റെ മനസ്സില്‍ മറ്റു പദ്ധതികളുണ്ട്. ആ പദ്ധതികള്‍ ഉടന്‍ വരും”” – ഗോവയിലെ പ്രസംഗത്തില്‍ നിന്ന്.

ഇതിങ്ങനെ മുഴങ്ങുന്നതിന് ഏതാണ്ട് എട്ട് മാസം മുമ്പാണ്, ഫ്രഞ്ച് കമ്പനിയായ ദസ്സൗള്‍ട്ട് ഏവിയേഷന്‍ ലിമിറ്റഡുമായി, യു പി എ സര്‍ക്കാറിന്റെ കാലത്തുണ്ടാക്കിയ ധാരണാപത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായി തിരുത്തിയത്. 18 വിമാനങ്ങള്‍ നേരിട്ട് വാങ്ങാനും ബാക്കി 108 എണ്ണം പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡും ദസ്സൗള്‍ട്ടും ചേര്‍ന്നുള്ള കമ്പനിയില്‍ ഉണ്ടാക്കാനുമുള്ള ധാരണ പൊളിച്ച്, 36 എണ്ണം നേരിട്ട് വാങ്ങാന്‍ തീരുമാനിച്ചത് നരേന്ദ്ര മോദി നേരിട്ടാണെന്ന് പറഞ്ഞത് അന്ന് പ്രതിരോധം ഭരിച്ച മനോഹര്‍ പരീക്കറാണ്. എച്ച് എ എല്ലിനെ മാറ്റി, അനില്‍ അംബാനിയുടെ റിലയന്‍സിനെ കൊണ്ടുവന്നതും അപ്പോള്‍ തന്നെ. അഴിമതി ആരോപിക്കപ്പെടുന്നുണ്ട് ഈ ഇടപാടില്‍. അഴിമതി തുടച്ചുനീക്കുക എന്ന ഉദ്ദേശ്യത്തിലെ ശുദ്ധി അംഗീകരിച്ച് 50 ദിവസത്തെ സഹായം ജനങ്ങളോട് അഭ്യര്‍ഥിച്ച് കണ്ണീരണിയുമ്പോള്‍ ഉയര്‍ന്ന കൈകളില്‍ അഴിമതിയുടെ കറയുണ്ടായിരുന്നോ എന്നാണ് സംശയം. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയെക്കുറിച്ച് ആരോപണമുണ്ടായത്, പാവപ്പെട്ടവരുടെ സുഖനിദ്രക്ക് ശേഷമാണ്. 2014 – 15 സാമ്പത്തിക വര്‍ഷത്തില്‍ 18,728 രൂപ മാത്രം ലാഭത്തിലായിരുന്ന കമ്പനി, ഒറ്റവര്‍ഷം കൊണ്ട് 80.5 കോടി ലാഭമുണ്ടാക്കിയ കഥ. പ്രത്യേകിച്ചൊരു കച്ചവടവും നടത്താതെയാണ് ലാഭമിങ്ങനെ കുമിഞ്ഞതും. അനില്‍ അംബാനി, ജയ് ഷാ തുടങ്ങിയവര്‍ക്കൊക്കെ സുഖനിദ്രയ്ക്ക് അവസരമുണ്ടാക്കിയ ശേഷം “പാവപ്പെട്ടവര്‍ക്കൊരു സുഖനിദ്ര”.

അഴിമതിയും കള്ളത്തരവും ഇല്ലാതാക്കാന്‍ മനസ്സിലുണ്ടെന്ന് പറഞ്ഞ പദ്ധതികളില്‍ ഒന്ന് ഇതാണ് – സാമ്പത്തിക തട്ടിപ്പ് കേസില്‍ ആരോപണവിധേയരായവരില്‍ സ്വാധീനമുള്ളവരൊക്കെ രാജ്യം വിട്ടതിന് ശേഷം, രാജ്യം വിട്ട സാമ്പത്തിക തട്ടിപ്പുകാരെ ശിക്ഷിക്കാനൊരു നിയമം. വെള്ളമൊഴുകിപ്പോയതിന് ശേഷം അണ കെട്ടുന്നത് പോലെ പ്രയോജനപ്രദം. മറ്റൊന്ന് ബിനാമി ഇടപാടുകള്‍ തടയുന്നതിന് 1988ല്‍ കൊണ്ടുവന്ന നിയമം പുതുക്കിയതാണ്. 1988 മുതല്‍ ഏട്ടിലെ പശുവായി, പുല്ലു തിന്നാതെ നിന്ന നിയമം തൊഴുത്തൊന്ന് മാറ്റിയതോടെ പ്രസവിക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തം മാത്രം.

ഇതിലപ്പുറം പദ്ധതികളൊന്നും കണ്ടില്ല. വിദേശത്തെ ബേങ്കുകളില്‍ സൂക്ഷിച്ച കള്ളപ്പണം കണ്ടെത്തി, രാജ്യത്ത് തിരികെ എത്തിക്കുമെന്ന 2014ലെ തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനം നടപ്പാക്കാന്‍ എന്തെങ്കിലും ചെയ്തതായി അറിവില്ല. ഇത്തരം കേസുകളിലെ അന്വേഷണത്തിന് സുപ്രീം കോടതി രൂപീകരിച്ച സംഘം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അറിയില്ല. ആ സംഘത്തെ പ്രവര്‍ത്തനക്ഷമമാക്കാന്‍ പ്രധാനമന്ത്രി എന്തെങ്കിലും ചെയ്തതായും അറിവില്ല. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം, രണ്ടര ലക്ഷത്തിലധികം രൂപ മൂല്യമുള്ള അസാധു നോട്ടുകള്‍ ബേങ്കുകളിലെത്തിച്ചവരുടെ വരുമാന സ്രോതസ്സ് അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ വകയില്‍ എന്തെങ്കിലും നടന്നതായോ കൃത്യമായ വരുമാന സ്രോതസ്സ് കാണിക്കാത്തവര്‍ക്കെതിരെ നടപടി എടുത്തതായോ വിവരമില്ല. ആ ഇനത്തില്‍ ഖജനാവിലേക്ക് എന്തെങ്കിലും മുതല്‍ക്കൂട്ടിയതായും കേട്ടറവില്ല. 750 കോടിയുടെ അസാധു നോട്ടുകള്‍ മാറിയെടുത്ത, അമിത് ഷാ ഡയറക്ടര്‍ ബോര്‍ഡംഗമായ ഗുജറാത്തിലെ സഹകരണ ബേങ്കിലെ ഇടപാടുകാരെക്കുറിച്ച് എന്തെങ്കിലും അന്വേഷണമുണ്ടാകുമോ എന്നതില്‍ തിട്ടമില്ല.

“”ഡിസംബര്‍ 30 (2016) വരെ എനിക്കൊരു അവസരം തരൂ. അതിനു ശേഷവും ഞാനൊരു തെറ്റുചെയ്തുവെന്ന് നിങ്ങള്‍ കരുതുകയാണെങ്കില്‍, രാജ്യത്തിന് ഉചിതമെന്ന് തോന്നുന്ന ശിക്ഷ ഞാന്‍ സ്വീകരിക്കാം. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന നഗര ചത്വരത്തില്‍വെച്ച്. അമ്പത് ദിവസം മാത്രം മതി. നിങ്ങള്‍ സ്വപ്‌നം കാണുന്ന ഇന്ത്യയെ, അതിനു ശേഷം നല്‍കാമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു”” – ഗോവയിലെ പ്രസംഗത്തില്‍ നിന്ന്.

അമ്പതല്ല, 733 ദിവസം പിന്നിടുമ്പോള്‍, നോട്ട് പിന്‍വലിച്ചത് കൊണ്ട് നിങ്ങള്‍ എന്ത് നേടിയെന്ന് ജനം തിരികെ ചോദിക്കുന്നു. എത്ര കള്ളപ്പണം കണ്ടെടുത്തു? കള്ളനോട്ട് ഇല്ലാതായോ? തീവ്രവാദ ശൃംഖലകളുടെ സാമ്പത്തിക അടിത്തറ തകര്‍ന്നോ? അഴിമതി ഇല്ലാതായോ? അനധികൃത സമ്പാദ്യം പണമായി സൂക്ഷിക്കുകയില്ലെന്നും റിയല്‍ എസ്റ്റേറ്റിലോ സ്വര്‍ണത്തിലോ നിക്ഷേപിക്കുകയാണ് ചെയ്യുകയെന്നും ആകയാല്‍ നോട്ട് പിന്‍വലിച്ചതുകൊണ്ട് കള്ളപ്പണം കണ്ടെത്താനാകില്ലെന്നും റിസര്‍വ് ബാങ്ക് അന്നേ പറഞ്ഞിരുന്നുവെന്ന വിവരം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. 400 കോടിയുടെ കള്ളനോട്ട് കണ്ടെത്താന്‍ 15 ലക്ഷം കോടി രൂപ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നത് വ്യാപാര – വ്യവസായ മേഖലകളെയാകെ തകര്‍ക്കുമെന്നും ആര്‍ ബി ഐ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതൊന്നും വിലക്കെടുക്കാതെ, നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയത് രാജ്യത്തെ പാവപ്പെട്ടവരുടെ സുഖനിദ്രക്കായിരുന്നുവെന്ന പ്രഖ്യാപനം സ്വന്തം ചുവരുകളില്‍ നിന്നെങ്കിലും മറക്കുകയോ മറയ്ക്കുകയോ മാത്രമാണ് ഇപ്പോള്‍ കരണീയം.

ആരും ശിക്ഷിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട്, വോട്ടിംഗ് മെഷിനിലൂടെ ശിക്ഷ വിധിക്കാന്‍ ജനം തീരുമാനിച്ചാല്‍ തീവ്ര വര്‍ഗീയതയുടെ ആചാരം അനുഷ്ഠിച്ച് രക്ഷപ്പെടാമെന്ന തോന്നലുള്ളതുകൊണ്ട് നിങ്ങള്‍ വിധിക്കുന്ന ശിക്ഷ സ്വീകരിക്കാമെന്ന് പ്രഖ്യാപിക്കാന്‍ എളുപ്പമാണ്. വംശഹത്യാ ശ്രമത്തോളം വളര്‍ന്ന കൊടിയ ക്രൂരതക്ക് അധ്യക്ഷത വഹിച്ചതിനോ വെടിവെച്ചുകൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കാനുള്ള പദ്ധതി നടപ്പാക്കാന്‍ പോലീസ് ഉദ്യോഗസ്ഥരെ അഴിച്ചുവിട്ടതിനോ ശിക്ഷ വിധിക്കാത്ത ജനം, ബേങ്കിന് മുന്നില്‍ വരി നിര്‍ത്തിയതിന്റെ പേരില്‍ ശിക്ഷിക്കില്ല തന്നെ.

വിഡ്ഢിത്തത്തിന് രണ്ടാണ്ട് പൂര്‍ത്തിയായപ്പോള്‍ ഒരാശ്വാസം മാത്രം. 2016 നവംബര്‍ എട്ട് വരെ വിപണിയിലുണ്ടായിരുന്ന നോട്ടുകള്‍ എത്രയെന്നതിനൊരു കണക്കായല്ലോ! അതില്‍ 99.3 ശതമാനവും ക്രമവത്കരിക്കപ്പെട്ടല്ലോ! അതായിരുന്നു ലക്ഷ്യമെന്ന് വൈകിയാണെങ്കിലും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജ്യത്തെ അറിയിച്ചല്ലോ! ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം തുടരട്ടെ. ഇനി സൃഷ്ടിക്കാനിരിക്കുന്ന മൊഴി മുത്തുകളില്‍ ഒന്നില്‍പ്പോലും നോട്ട് അസാധുവാക്കല്‍ കടന്നുവരാതിരിക്കട്ടെ.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest