Connect with us

Status

ഹിന്ദി ഇന്‍സ്റ്റഗ്രാം, ടിക്‌ടോക് തരംഗം

Published

|

Last Updated

ജനപ്രിയ ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാം പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് വന്നു. ഹിന്ദി ഭാഷ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളാണ് അണിയറയില്‍. ഹിന്ദിയിലുള്ള സെറ്റിംഗ്‌സ് പേജ്, നോട്ടിഫിക്കേഷന്‍സ്, കമന്റുകള്‍, പ്രൊഫൈല്‍ എന്നിവയുടെ സ്‌ക്രീന്‍ ഷോട്ട് കമ്പനി ട്വിറ്ററില്‍ പങ്കുവെച്ചു. ഇന്‍സ്റ്റഗ്രാമിന്റെ വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ. അമേരിക്കക്ക് ശേഷം കൂടുതല്‍ ഉപയോക്താക്കളുള്ള രാജ്യം.
ഇന്‍സ്റ്റഗ്രാമിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലാണ് ഹിന്ദി ഭാഷ പരീക്ഷിക്കുന്നത്. ഐ ഒ എസ് ഉപകരണങ്ങളില്‍ വൈകാതെയെത്തും. ഫീച്ചര്‍ പൂര്‍ണതോതില്‍ നിലവില്‍ വന്നാല്‍ സെറ്റിംഗ്‌സ് പേജിലെ ഓപ്ഷനുകളും നോട്ടിഫിക്കേഷനും ഹിന്ദിയിലും കാണാം. വോംഗ് പങ്കുവെച്ച സ്‌ക്രീന്‍ ഷോട്ടില്‍ ഹിന്ദി ഭാഷക്കൊപ്പം ഇംഗ്ലീഷിലുള്ള ഓപ്ഷനുകളും ഉണ്ട്. സ്‌ക്രോളിംഗിന് പകരം പുതിയ നാവിഗേഷന്‍ രീതിയും ഇന്‍സ്റ്റഗ്രാം പരീക്ഷിക്കുന്നുണ്ട്. ഉള്ളടക്കങ്ങളില്‍ വിരല്‍ തട്ടിയാല്‍ അടുത്തതിലേക്ക് മാറുംവിധമുള്ള നാവിഗേഷന്‍ രീതിയാണ് പരീക്ഷിക്കുന്നത്.
സുരക്ഷ ശക്തമാക്കുന്നതിനായി ഇന്‍സ്റ്റഗ്രാം പുതിയൊരു ഫീച്ചര്‍ അവതരിപ്പിച്ചത് അടുത്തിടെയാണ്. ചിത്രങ്ങള്‍ വഴി ആളുകളെ അപകീര്‍ത്തിപ്പെടുത്തുന്നത് തടയാന്‍, അപ്‌ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളും അടിക്കുറിപ്പുകളും കമ്യൂണിറ്റി ഓപറേഷന്‍സ് ടീമിന്റെ അവലോകനത്തിന് വിധേയമാകുമെന്ന് ബ്ലോഗില്‍ കമ്പനി വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം അടുത്തിടെ ഒരുപിടി ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു. അതിനൊപ്പം ചില ഫീച്ചറുകള്‍ പരീക്ഷണാടിസ്ഥാനത്തിലാണെന്നും അറിയിച്ചിട്ടുണ്ട്.

  • പടര്‍ന്നുകയറി ടിക്- ടോക്

സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ചലനം സൃഷ്ടിച്ച് മുന്നേറുകയാണ് ചൈനയുടെ ടിക് ടോക്. നിരവധി രാജ്യങ്ങളില്‍ നിന്നായി കോടിക്കണക്കിന് ഉപഭോക്താക്കളുമായി വമ്പന്‍ കുതിച്ചുകയറ്റമാണ് ടിക് ടോക് നടത്തുന്നത്. യുവാക്കള്‍ക്കിടയില്‍ വന്‍ ജനപ്രീതി നേടിയ ടിക് ടോക് പക്ഷേ, ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള ഭീമന്മാര്‍ക്ക് വലിയ അടിയാണ് നല്‍കിയത്. മ്യൂസിക്കലിയെ ഏറ്റെടുത്ത ശേഷം വലിയ മാറ്റങ്ങളോടെ ഇറങ്ങിയ ടിക് ടോക്, ലിപ് സിംഗ് വീഡിയോകളും ഒറിജിനില്‍ വീഡിയോകളും ഉള്‍പ്പെടുന്ന സോഷ്യല്‍ എന്റര്‍ടെയ്ന്‍മെന്റ് ആപ്പാണ്. 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് ടിക് ടോക് അവതരിപ്പിക്കുന്നത്. ഡാറ്റാ മോഷണവും വിവരങ്ങള്‍ ചോര്‍ന്നതും ഒക്കെയായി കൂപ്പുകുത്തുന്ന ഫേസ്ബുക്കിനെയാണ് ടിക് ടോക് നോട്ടമിടുന്നത്.
ടിക് ടോകിന്റെ ബിസിനസ് മോഡല്‍ അനുകരിച്ച് പുതിയൊരു ആപ്പ് ഉണ്ടാക്കി ഉപയോക്താക്കളെ കൂടെനിര്‍ത്താനുള്ള ശ്രമത്തിലാണ് ഫേസ്ബുക്. “ലാസ്സോ” എന്ന ആപ്പുമായാണ് ഫേസ്ബുക്ക് ടിക് ടോക് വെല്ലുവിളിയെ നേരിടാന്‍ ഒരുങ്ങുന്നത്. സേവനം ഉടന്‍ ലഭ്യമാക്കി നിലവിലെ വളര്‍ച്ചയില്‍ നേരിടുന്ന ഇടിവ് മറികടക്കാനാണ് ഫേസ്ബുക്കിന്റെ ശ്രമം. മ്യൂസിക് സേവനങ്ങളും ലിപ് സിംഗ് ലൈവ് സംവിധാനവും പ്രയോജനപ്പെടുത്തി കൗമാരക്കാരെ ആകര്‍ഷിക്കാനുള്ള പരിശ്രമമാണ് പുതിയ ആപ്പിലൂടെ മുന്നോട്ടു വെക്കുന്നതും. വളര്‍ച്ചാ നിരക്കില്‍ വലിയ ഇടിവു നേരിടുന്ന ഫേസ്ബുക്കിന് ടിക് ടോക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.

  • വാട്‌സ്ആപ്പിലെ മാറ്റങ്ങള്‍

വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചറുകള്‍ കൂടി എത്തുന്നു എന്ന വാര്‍ത്ത കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. വാട്‌സ്ആപ്പ് സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി മുഖവും വിരലും ഉപയോഗിച്ച് ലോക്ക്, അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. നിലവില്‍ സ്മാര്‍ട് ഫോണുകളില്‍ ലഭ്യമായ ഫെയ്‌സ് ഐ ഡി, ടച്ച് ഐ ഡി ഫീച്ചര്‍ തന്നെയാണ് വാട്‌സ്ആപ്പും പരീക്ഷിക്കാന്‍ പോകുന്നത്.
തുടക്കത്തില്‍ ഐ ഒ എസ് പതിപ്പുകളിലാണ് ഈ സേവനം ലഭിക്കുക. ഈ സൗകര്യം അധികം വൈകാതെ നിലവില്‍ വരുമെന്നാണ് വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ് പറയുന്നത്. വാട്‌സ്ആപ്പിന് ലോഗിന്‍ സുരക്ഷ വേണമെന്ന ആവശ്യം ഏറെ കാലമായി ഉപയോക്താക്കള്‍ ഉന്നയിക്കുന്നുണ്ട്. നിരവധി ഫീച്ചറുകള്‍ ഇതിനിടെ അവതരിപ്പിച്ചെങ്കിലും ആപ്പ് ലോക്ക് ചെയ്യാനോ ലോഗിന്‍ സംവിധാനമൊരുക്കാനോ വാട്‌സ്ആപ്പ് തയ്യാറായിരുന്നില്ല.
അടുത്തിടെ വാട്‌സ്ആപ്പ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രമുമായി ലിങ്ക് ചെയ്യാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. ഇവ മൂന്നും ഒറ്റ അക്കൗണ്ട് വഴി ഉപയോഗിക്കാന്‍ അവസരം ഒരുങ്ങുകയാണ് ഇതിലൂടെ. ടെലികോം ടോക്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒപ്പം പുതിയ അപ്‌ഡേറ്റില്‍ മൂന്ന് ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. സ്റ്റിക്കറുകള്‍, പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ്, ലിങ്ക്ഡ് അക്കൗണ്ട് എന്നിവയാണ് ഫീച്ചറുകള്‍. ലിങ്ക്ഡ് അക്കൗണ്ട് സംവിധാനം വരുന്നതോടെ ഫേസ്ബുക്ക്- ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കള്‍ക്ക് ഒരു ബാക്ക്അപ്പ് അക്കൗണ്ടായി വാട്‌സ്ആപ്പ് ഉപയോഗിക്കാം.

Latest