പൈലറ്റിന് ബട്ടണ്‍ മാറി, വിമാന റാഞ്ചല്‍ സന്ദേശം; മുള്‍മുനയിലായി ഡല്‍ഹി വിമാനത്താവളം

Posted on: November 10, 2018 9:00 pm | Last updated: November 11, 2018 at 7:17 pm

ന്യൂഡല്‍ഹി: വിമാന റാഞ്ചല്‍ ഭീതി പടര്‍ന്നതിനെ തുടര്‍ന്ന് മുള്‍മുനയിലായി ഡല്‍ഹി രാജ്യാന്തര വിമാനത്താവളം. പൈലറ്റിന് പറ്റിയ അബദ്ധമാണ് സംഭവത്തിന് കാരണം. കാണ്ഡഹാറിലേക്കുള്ള എഫ്ജി 312 വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് സംഭവമുണ്ടായത്.

പൈലറ്റ് അമര്‍ത്തിയ ബട്ടന്‍ മാറിപ്പോയതിനെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് അപായ സന്ദേശമുയരുകയായിരുന്നു. പിന്നാലെ വിമാനം എന്‍എസ്ജി കമാന്‍ഡോകള്‍ വളഞ്ഞു. സുരക്ഷാ ഏജന്‍സികള്‍ ഉടന്‍ പ്രതികരിക്കുകയും വിമാനം വിട്ടുനല്‍കണമെന്ന് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ഭീകരവിരുദ്ധ നീക്കവും തുടങ്ങി. ഇതോടെ, വിമാനത്തിനുള്ളിലെ യാത്രക്കാര്‍ ഭയചകിതരായി.

പിന്നീട് പൈലറ്റിന് പറ്റിയ അബദ്ധമാണെന്ന് അറിയിപ്പ് ലഭിക്കുകയായിരുന്നു. രണ്ടരമണിക്കൂര്‍നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിമാനത്തിന് പറന്നുയരാനുള്ള അനുമതി നല്‍കി. സംഭവത്തില്‍, അധികൃതരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം വന്നിട്ടില്ല.