നബികീർത്തനങ്ങൾ സജീവമാകട്ടെ

റസൂലിനോടുള്ള സ്നേഹം ഹൃദയത്തിൽ രൂഢമൂലമാക്കണം. അത്തരം വിശ്വാസികൾക്ക് സ്വർഗത്തിലേക്കുള്ള പ്രവേശം സുഗമമാകും. അതിനായി, സ്വലാത്തുകൾ വർദ്ധിപ്പിക്കണം. നബി അരുളിയ പോലെ ജീവിതം ക്രമീകരിക്കണം. മൗലിദുകൾ കൊണ്ടും നബികീർത്തനങ്ങൾ കൊണ്ടും സജീവമാകട്ടെ നമ്മുടെ പള്ളികളും ഭവനങ്ങളും
Posted on: November 10, 2018 6:50 pm | Last updated: November 10, 2018 at 6:50 pm
SHARE

റബീഉൽ അവ്വൽ. അൽഹംദുലില്ലാഹ്. നബി മുഹമ്മദ് (സ്വ)-യുടെ ജനനം കൊണ്ട് അനുഗ്രഹിക്കപ്പെട്ട മാസം.

മുഹമ്മദ് -സ്വല്ലല്ലാഹു അലൈഹി വ സല്ലം. മുസ്‌ലിംകൾക്കു നിത്യവും ആ നാമം ഓർക്കാതെ മുന്നോട്ട് പോവുക അസാധ്യമാണ്. വിശ്വാസിത്തിന്റെ തന്നെ ആണിക്കലാണല്ലോ അല്ലാഹുവിലും, തിരുദൂതർ മുഹമ്മദ് നബി(സ്വ)യിലും ഉള്ള വിശ്വാസം. ഓരോ ദിവസവും വിശ്വാസികൾ ആ നാമം കേൾക്കുന്നു. പറയുന്നു. സ്വലാത്തുകൾ ചൊല്ലുന്നു. വിശ്വാസികളുടെ എല്ലാ ജീവിത ക്രമവും നബി പഠിപ്പിച്ച പ്രകാരമാണല്ലോ.

ലോകത്തിന്റെ ഏതു ഭാഗത്തു പോയാലും കാണാം, നബി സ്നേഹം ഹൃദയത്തിൽ രൂഢമായി നിലനിൽക്കുന്ന വിശ്വാസികളെ. വിശ്വാസത്തിന്റെ പ്രാഥമിക കർത്തവ്യങ്ങളിലൊന്ന് അതാണല്ലോ. പ്രിയപ്പെട്ട എല്ലാത്തിനേക്കാളും അവിടത്തെ സ്നേഹിക്കുമ്പോഴാണ് വിശ്വാസത്തിനു സമ്പൂർണ്ണ തികവ് കൈവരുന്നത് എന്നാണല്ലോ ഇസ്‌ലാമിക വിശ്വാസം.

കുട്ടിക്കാലം മുതലേ നാമോരോരുത്തരും അനുഭവിക്കുന്നതും അറിയുന്നതുമാണ് ആ സ്നേഹത്തിന്റെ നനവും മധുരവും. റബീഉൽ അവ്വൽ അത്രമേൽ പ്രിയമാണ് വിശ്വാസികൾക്ക്. ഓരോ ദേശത്തും ഉണ്ടാകും ജാഥയും കുട്ടികളുടെ കലാപരിപാടികളും മൗലിദും എല്ലാം. എന്തൊരു ആവേശമാണ് അതിന്. കേരളത്തിലെ മുസ്‌ലിംകൾ ഇത്രമേൽ സർഗാത്മകമാകാൻ നിശ്ചയമായും റബീഉൽ അവ്വൽ വസന്തം നിമിത്തമായിട്ടുണ്ട്.

എത്രയോ അധികം കവിതകളും ഗദ്യങ്ങളുമാണ് കേരളീയ പണ്ഡിതന്മാരാൽ അറബിയിലും മലയാളത്തിലും അറബി മലയാളത്തിലും ഒക്കെയായി എഴുതപ്പെട്ടത്. എല്ലാത്തിലും പ്രവഹിക്കുന്നത് നബി സ്നേഹത്തിന്റെ അനുപമമായ ആവിഷ്‌കാരങ്ങൾ. പുതിയ തലങ്ങൾ കവിതയുടെ അവതരണത്തിലും ആലാപനത്തിലും അർത്ഥ വൈവിധ്യങ്ങളിലും രൂപപെടുത്തപ്പെട്ടു അതിലൂടെ.

വ്യക്തിപരമായി എന്റെ ആദ്യകാലത്തെ വളരെയധികം പ്രസംഗങ്ങൾ കേന്ദ്രീകരിച്ചിരുന്നത് നബി സ്നേഹവുമായി ബന്ധപ്പെട്ടായിരുന്നു. കേരളത്തിലെ സലഫികൾ നബിദിനാഘോഷത്തെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്‌തപ്പോൾ അവർക്കെതിരെ ഖണ്ഡന പ്രസംഗങ്ങൾ നടത്താൻ എനിക്ക് നന്നായി പ്രചോദനം നൽകിയ മഹാനായിരുന്നു മർഹൂം ഇകെ ഹസ്സൻ മുസ്‌ലിയാർ. അങ്ങനെ 1970 കളിലും 80 കളിലും എത്രയോ സ്ഥലങ്ങളിൽ പ്രസംഗിക്കുകയും യഥാർത്ഥമായ പ്രവാചക സ്നേഹത്തിന്റെ മാനങ്ങൾ വിശ്വാസികൾക്ക് പകർന്നു നൽകുകയും ചെയ്‌തിട്ടുണ്ട്‌.

കേരളത്തിലെ ആധുനികരായ പ്രവാചക സ്നേഹികളായ കവികളിൽ പ്രമുഖരായിരുന്നു കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്‌ലിയാരും തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരും. അറബി സാഹിത്യത്തിലും കാവ്യ രചനയിലും അനിതരസാധാരണമായ ശേഷിയുള്ളവരായിരുന്നു ഇരുവരും. കുണ്ടൂർ ഉസ്താദ് ചിലപ്പോൾ പരിസരം മറന്നു ചൊല്ലുമായിരുന്നു കവിതകൾ. അനുരാഗം മൂത്താൽ അങ്ങനെയാണല്ലോ. ആയിരക്കണക്കിന് വിശ്വാസികളെ നബി സ്നേഹത്തിന്റെ മാധുര്യത്തിലേക്ക് എത്തിച്ചു മഹാനവറുകൾ. ഇപ്പോഴും കേരളത്തിലെ അനുരാഗത്തിന്റെ കേന്ദ്രമായി നിലകൊള്ളുന്നു മഹാനവറുകൾ അന്ത്യവിശ്രമം കൊള്ളുന്ന ഇടം. ഒരു പതിറ്റാണ്ടിലധികമായി എല്ലാ വ്യാഴവും ഇമാം ബൂസൂരിയുടെ ബുർദ ആലപിക്കപ്പെടുന്നു അവിടെ.

ജീവിതത്തിൽ ഏറ്റവും അധികം സന്തോഷം ലഭിക്കുന്ന സമയങ്ങളാണ് മർകസിലെ വിദ്യാർത്ഥികൾക്ക് ബുഖാരി ഹദീസ് ക്ലാസ് എടുക്കുന്ന സന്ദർഭങ്ങൾ. നബി (സ്വ)-യുടെ വാക്കുകളും പ്രവർത്തികളും സമ്മത സാക്ഷ്യങ്ങളും വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകുമ്പോൾ കിട്ടുന്ന ആത്മസംതൃപ്‌തി വിശ്വാസികൾക്ക് വലുതായിരുക്കുമല്ലോ. കഴിഞ്ഞ അമ്പത് വർഷത്തിലധികമായി ബുഖാരി ദർസ് നടത്താൻ കിട്ടിയ സൗഭാഗ്യത്തിന് അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിയാകില്ല.

പ്രിയപ്പെട്ട വിശ്വാസികളേ, റസൂലിനോടുള്ള സ്നേഹം ഹൃദയത്തിൽ രൂഢമൂലമാക്കണം. അത്തരം വിശ്വാസികൾക്ക് സ്വർഗത്തിലേക്കുള്ള പ്രവേശം സുഗമമാകും. അതിനായി, സ്വലാത്തുകൾ വർദ്ധിപ്പിക്കണം. നബി അരുളിയ പോലെ ജീവിതം ക്രമീകരിക്കണം. മൗലിദുകൾ കൊണ്ടും നബികീർത്തനങ്ങൾ കൊണ്ടും സജീവമാകട്ടെ നമ്മുടെ പള്ളികളും ഭവനങ്ങളും. അല്ലാഹു തൗഫീഖ് നൽകട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here