Connect with us

Gulf

ഹവ്വയുടെ വേറിട്ട വഴി

Published

|

Last Updated

ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്സിന്റെ ആഭിമുഖ്യത്തില്‍, ശൈഖ ഫാത്വിമ ബിന്‍ത് മുബാറകിന്റെ നാമധേയത്തില്‍ വനിതകളുടെ ഖുര്‍ആന്‍ പാരായണ മത്സരം ദുബൈയില്‍ നടക്കുകയാണ്. 70ലധികം രാജ്യങ്ങളില്‍ നിന്ന് മത്സരാര്‍ഥികളുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയത് മലപ്പുറം മഅ്ദിന്‍ അക്കാദമിയുടെ കീഴിലുള്ള ക്യുലാന്‍ഡിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയും കര്‍ണാടക നഗരവികസന, ഭവന ബോര്‍ഡ് മന്ത്രി യു ടി ഖാദറിന്റെ മകളുമായ ഹവ്വനസീമ. യു ടി ഖാദര്‍ മലയാളിയാണ്. കാസര്‍കോട് ഉപ്പളയാണ് ജന്‍മദേശം. ഹവ്വയുടെ മാതാവ് കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശിയും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായ ലമീസ. ഏക മകളാണ് ഹവ്വ. ഈ കുടുംബം താമസിക്കുന്നത് ആധുനിക നഗരമായ മംഗലാപുരത്ത്. പുതിയ ജീവിത ശൈലിയുടെ എല്ലാ ധാരാളിത്തങ്ങളുമുള്ള നഗരമാണ് ദക്ഷിണ കര്‍ണാടകയിലെ മംഗലാപുരം. പെണ്‍കുട്ടികളായാലും ആണ്‍കുട്ടികളായാലും പാശ്ചാത്യ രീതികളില്‍ അഭിരമിക്കുന്നവരാണ്. അത്തരമൊരു സാഹചര്യത്തില്‍ നിന്നായിട്ടും ഹവ്വ കറകളഞ്ഞ ആത്മീയ, ഭൗതിക സമന്വയ വിദ്യാഭ്യാസം തിരഞ്ഞെടുത്തു.

ഖുര്‍ആന്‍ മനഃപാഠമാക്കുക എന്നത് ഇന്നത്തെ കാലത്ത് വെല്ലുവിളിയാണ്. സാമൂഹിക മാധ്യമങ്ങളുടെ പ്രലോഭനങ്ങള്‍, വിദ്യാലയത്തിലെ കനത്ത പാഠ്യപദ്ധതികള്‍ എന്നിങ്ങനെ പല കടമ്പകളുമുണ്ട്. ഹവ്വ അതെല്ലാം ഇച്ഛാശക്തി കൊണ്ട് മറികടന്നു. മലപ്പുറത്ത് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരിയുടെ കീഴിലുള്ള മലപ്പുറം മഅദിന്‍ അക്കാദമിയും ഹവ്വയുടെ മാതാപിതാക്കളുടെ പ്രോത്സാഹനവും അതിനു തുണയായി. ഹവ്വക്ക് ഇംഗ്ലീഷ്, മലയാളം, കന്നഡ, ഹിന്ദി, ഉര്‍ദു എന്നീ ഭാഷകളില്‍ വൈദഗ്ധ്യമുണ്ട്. ഈ ഭാഷകളെല്ലാം എഴുതാനും വായിക്കാനും അറിയാം. ഇതിനിടയിലാണ് ഖുര്‍ആന്‍ പഠിച്ചത്. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മനനം തുടങ്ങി. മൂന്നു വര്‍ഷം കൊണ്ടു മനഃപാഠമാക്കി. നാട്ടില്‍ അറബി കോളജുകളില്‍ “ഹാഫിള്” ആകാന്‍ മൂന്നു വര്‍ഷം ചെലവഴിക്കണം. അത് പ്രത്യേക പാഠ്യപദ്ധതിയാണ്. ഹവ്വ പക്ഷേ ഭൗതിക വിദ്യാഭ്യാസത്തോടൊപ്പമാണ് ഈ നേട്ടം കൈവരിച്ചത്. ഡോക്ടറാവുക എന്ന ലക്ഷ്യം മുന്നില്‍ നില്‍ക്കുമ്പോഴാണ് ഭാഷ പഠനങ്ങള്‍, ഖുര്‍ആന്‍ നൈപുണ്യം, പ്രവാചക പ്രകീര്‍ത്തന വൈദഗ്ധ്യം ഒക്കെ നേടിയത്.

മകള്‍ ഖുര്‍ആന്‍ മനഃപാഠമാക്കണം എന്നത് മാതാവ് ലമീസയുടെ നേര്‍ച്ചയായിരുന്നു. ഹവ്വയുടെ കൊച്ചുന്നാളില്‍ മക്കയില്‍ ഉംറ നിര്‍വഹിക്കുന്നതിനിടെ ഹവ്വയെ കാണാതായി. പലയിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. മകളെ തിരിച്ചു കിട്ടിയാല്‍ അവളെ “ഹാഫിളത്” (ഖുര്‍ആന്‍ മനഃപാഠം) ആക്കാമെന്നു ലമീസ ഹറമില്‍ തൊട്ടു കരഞ്ഞു പറഞ്ഞു. മാതാവിന്റെ ആഗ്രഹ സഫലീകരണത്തിനു വേണ്ടിയാണ് ഹവ്വ ഖുര്‍ആന്‍ പഠനം തുടങ്ങിയത്. എന്നാല്‍ ഹവ്വ അതിലും ഒതുങ്ങി നിന്നില്ല. വിവിധ പാരായണ ശൈലികള്‍ സ്വായത്തമാക്കാനും പ്രവാചക പ്രകീര്‍ത്തനങ്ങള്‍ കാണാതെ ചൊല്ലാനും പഠിച്ചു. അതും പോരാതെ ഭൗതിക വിദ്യാഭ്യാസവും ആത്മീയ വിദ്യാഭ്യാസവും മികച്ച നിലയില്‍ പഠിപ്പിക്കുന്ന കേന്ദ്രം കണ്ടെത്താന്‍ മാതാപിതാക്കളോട് അഭ്യര്‍ഥിച്ചു. അങ്ങിനെയാണ് മലപ്പുറത്തു എത്തിയത്.
റമസാനില്‍ ആണ്‍കുട്ടികള്‍ക്കായി ദുബൈ രാജ്യാന്തര ഖുര്‍ആന്‍ പാരായണ മത്സരം നടക്കാറുണ്ട്. ലോകശ്രദ്ധ നേടിയ മത്സരമാണത്. മലയാളി വിദ്യാര്‍ഥികള്‍ മത്സരത്തിന് എത്താറുണ്ട്. എന്നാല്‍ വനിതകള്‍ക്ക് മത്സരം തുടങ്ങിയിട്ട് മൂന്നു വര്‍ഷമായെങ്കിലും ആദ്യമായാണ്. ഹവ്വയുടെ കഴിവില്‍ ക്യുലാന്‍ഡ് ഡയറക്ടര്‍ സൈനുദ്ധീന്‍ നിസാമിക്ക് വിശ്വാസമുണ്ടായിരുന്നു. മഅ്ദിന്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഓഫിസര്‍ സയീദ് ദുബൈയില്‍ ഒരുക്കം നടത്തി. യോഗ്യത മത്സരം കടുപ്പമേറിയതായിരുന്നു. 25 വയസു വരെയുള്ളവര്‍ക്കാണ് മത്സരം. മിക്കവരും കൗമാരം പിന്നിട്ടവര്‍. ആദ്യറൗണ്ട് അനായേസേന ജയിച്ചു.

മകളെ പ്രോത്സാഹിപ്പിക്കാന്‍ മന്ത്രി യു ടി ഖാദര്‍ നാട്ടിലെ ഭരണകര്‍ത്തവ്യങ്ങള്‍ തത്കാലത്തേക്ക് മാറ്റിവെച്ചു ദുബൈയില്‍ എത്തി. ഉസ്താദ് സൈനുദ്ദീന്‍ നിസാമിയും സഈദും വലിയ കരുതല്‍ കാണിച്ചു. ഈ മാസം 16 വരെയാണ് മത്സരം. വിധി 16ന് അറിയാം. ജയിച്ചാലും തോറ്റാലും ഹവ്വക്ക് പ്രശ്‌നമില്ല. ഇത്ര വരെ എത്തിയില്ലേ? ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം ആയില്ലേ? അവസരങ്ങള്‍ ഇനിയും ഉണ്ടാകുമല്ലോ. ഹവ്വ തിരിച്ചു നാട്ടിലെത്തുമ്പോള്‍ കേരളവും കര്‍ണാടകയും സ്വീകരണം നല്‍കാന്‍ കാത്തിരിക്കുന്നുണ്ട്. ഹവ്വ പഠിക്കുന്ന മഞ്ചേരി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വരവേല്‍പിനു ഒരുങ്ങിയിട്ടുണ്ട്.

ജയിച്ചാല്‍ രണ്ടര ലക്ഷം ദിര്‍ഹം കൊണ്ടു പോകുകയും ചെയ്യാം. ഇപ്പോഴത്തെ കുട്ടികള്‍ മോശക്കാരാണ് എന്ന് അഭിപ്രായപ്പെടുന്ന ആളുകള്‍ കഥയറിയാതെ ആട്ടം കാണുകയാണ്. ഗള്‍ഫിലായാലും നാട്ടിലായാലും ലക്ഷ്യബോധമുള്ള അനേകം കുട്ടികളുണ്ട്. ഇസ്ലാമിക പഠനം നടത്തുമ്പോഴും മറ്റു മതങ്ങളെ ബഹുമാനിക്കാന്‍ യാതൊരു മടിയും ഹവ്വക്കില്ല. പിതാവ് ഖാദര്‍ കോണ്‍ഗ്രസ് നേതാവാണ്. മതനിരപേക്ഷ മനസ്സുള്ളയാളാണ്. എല്ലാ മതക്കാരുടെയും ആദരവ് പിടിച്ചു പറ്റിയാണ് ഖാദര്‍ മംഗലാപുരത്തു ബി ജെ പി യെ പരാജയപ്പെടുത്താറുള്ളത്. ആ പാരമ്പര്യത്തില്‍ നിന്നുള്ള ഹവ്വക്കും മതനിരപേക്ഷ സമീപനമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചും ബോധ്യമുണ്ട്. താന്‍ ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോള്‍, രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുകയല്ലേ ചെയ്യുന്നതെന്ന് ഹവ്വ ചോദിക്കുന്നു.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

---- facebook comment plugin here -----

Latest